"അച്ഛാ, എന്റെ സിൻഡ്രല ടോയ് എടുത്തു വച്ചോ? "
അമൂല്യ ഇതേ ചോദ്യം ആവർത്തിക്കുന്നത് മൂന്നാമത്തെ തവണയാണ് . പെട്ടിയിൽ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്ന വിനു അവളെ ചേർത്ത് പിടിച്ചു തല അവളുടെ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് പറഞ്ഞു
"എടുത്തുവച്ചിടുണ്ട് കുഞ്ചു .'മോൾടെ മുമ്പിൽ വച്ചല്ലേ അച്ഛൻ ടോയ് പെട്ടിയിൽ വച്ചത് " അവൾ തലയാട്ടി. അവൾ അവിടെത്തന്നെ ചുറ്റി നിൽക്കുന്ന കണ്ടപ്പോൾ വിനു പറഞ്ഞു .
"ഇനി കുഞ്ചു പോയി കിടന്നു ഉറങ്ങികൊള്ളൂ , അച്ഛൻ ഇത് പായ്ക്ക് ചെയ്തു കഴിഞ്ഞിട്ട് വരം."
അടുക്കളയിൽ നിന്നും സ്മിത വിളിച്ചു പറഞ്ഞു .
"നാളെ രാവിലെ ചൊക്ലറ്റെസ് , ഫ്രിഡ്ജിൽ നിന്നും എടുത്തു വയ്ക്കാൻ ഓർമി പ്പിക്കണേ വിനു, അല്ലെങ്കിൽ കഴിഞ്ഞ തവണ പറ്റിയ പോലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വീണ്ടും ചൊക്ലറ്റെസ് മേടിക്കേണ്ടി വരും "
നാളെ രാവിലെ പതിനൊന്നു മണിക്കാണ് ഫ്ലൈറ്റ് . സ്‌മിത അടുക്കളയിൽ
പാത്രം കഴുകി കൊണ്ടിരിക്കെ മനസ്സിൽ ഓർത്തു .
"മമ്മ കാൻ ഐ ഹാവ് വണ്‍ മോർ കൂക്കി പ്ലീസ് . അമു മുറി ഇംഗ്ലീഷിൽ കൊഞ്ചി കൊണ്ട് ചോദിച്ചു .
"നോ അമു , ടൈം റ്റു സ്ലീപ് ."
"എടുത്തു കൊടുക്ക് സ്മി , "
അമ്മയ്ക്കുള്ള ടൈഗർ ബാമും , മരുന്നുകളും പെട്ടിയിൽ അടുക്കി വയ്ക്കുന്നതിനിടെ വിനു വിളിച്ചു പറഞ്ഞു.
"മമ്മ തന്നിലെങ്കിൽ, അച്ഛാ എടുത്തു തരാം കുട്ടാ അല്ലേല്ലും മമ്മക്കു
ഈയിടെയായി കുറച്ചു കുറുമ്പ് കൂടുന്നുണ്ട് അല്ലെ? . "
വിനു സ്മിത കേൾക്കുവാനായി കുറച്ചു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"നമുക്ക് നാട്ടിൽ ചെന്ന് അപ്പൂപ്പയോടു മമ്മയുടെ കുറുംബിനെ പറ്റി പറയാട്ടോ ."
സ്മിത വാതിലിൽ കൂടി ഒളിഞ്ഞു നോക്കി. അമു ചിരിച്ചു കൊണ്ട് വിനുവിനെ നോക്കി തലയാട്ടുന്നു. അവൾ തിരിഞ്ഞു നിന്ന് വീണ്ടും പാത്രം കഴുകി തുടങ്ങി പിന്നെ വിനു കേൾക്കാനായി പറഞ്ഞു
"വിനുവാണ് അമുവിനെ ഇങ്ങനെ വഷളാക്കുന്നത് " അതിനു മറുപടിയായി അവൻ പറഞ്ഞു
."എന്റെ മോൾ അല്പം വഷളായാൽ ഞാൻ അങ്ങ് സഹിച്ചു , അല്ലേടാ കുഞ്ചു "
അത് കേട്ട് സ്മിത മന്ദഹസിച്ചു.
പായ്ക്ക് ചെയ്തു കഴിഞ്ഞു വിനു സ്മിതയെ വിളിച്ചു പറഞ്ഞു.
"എന്റെ പായ്ക്കിങ് കഴിഞ്ഞു. നീ ഒന്ന് വന്നു നോക്കിയേ ?"
"എനിക്ക് കുറച്ചും കൂടി ജോലിയുണ്ട് വിനു, ഇനി അച്ഛനും മോളും പോയി കിടന്നോളു "
വിനു, അമുവിനെ എടുത്തു കൊണ്ട് പറഞ്ഞു
'വാടാ കുട്ടാ നമുക്ക് ചാച്ചാം''
'വിനു, അവളെ ബ്രഷ് ചെയിപ്പിക്കാൻ മറക്കല്ലേ'
അടുകളയിൽ നിന്നും സ്മിത വിളിച്ചു പറഞ്ഞു.
വിനുവിനെ എല്ലാം ഒന്ന് ഓർമിപ്പിക്കണം അത് പണ്ട് തൊട്ടേയുള്ള അവന്റെ ശീലം ആണ്.
അടുക്കളയിൽ നിന്നും വന്ന സ്‌മിത വാഷിംഗ് മെഷിനിൽ നിന്നും നനഞ്ഞ തുണികൾ ബക്കറ്റിൽ എടുത്തു മുമ്പിലെത്തെ മുറിയിൽ കൊണ്ടുവച്ചു .
പിന്നെ ചാരി വച്ചിരിക്കുന്ന സ്റ്റാൻഡ് നിവർത്തിയിട്ടു. തുണികൾ ഓരോന്നായി എടുത്തു സ്റ്റാൻഡിൽ വരി വരിയായി വിരിക്കാൻ തുടങ്ങി. അവരുടെ ഫ്ലാറ്റിൽ ബാൽക്കണി ഇല്ല. അതുകൊണ്ട് തന്നെ സ്‌മിത എന്നും രാത്രിയിൽ നനഞ്ഞ തുണികൾ സ്റ്റാൻഡിൽ തൂക്കി ഇടും. പിന്നെ ബാക്കി യുള്ളവ സോഫയിലും , ഊണ് മേശയിലും ഒക്കെ ആയി വിരിക്കും. വ്യായാമത്തിനു വേണ്ടി വിനു മേടിച്ച വാകിങ് മെഷീനും സ്മിതയ്ക്ക് തുണികൾ തൂക്കിയിടുവാനുള്ള ഉപകരണമാണ്. രാത്രി മുഴുവനും ഫാൻ ഇട്ടാൽ ഫാനിന്റെ കാറ്റ് കൊണ്ട് തുണികൾ മുഴുവനും ,നേരം വെളുക്കുമ്പോഴേക്കും ഉണങ്ങി കഴിഞ്ഞിട്ടുണ്ടാകും
അതിനിടെ വിനു അമുവിനു കഥ പറഞ്ഞു കൊടുക്കുന്നത് കേട്ടു . എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഈ കഥ പറച്ചിൽ ഒരു പതിവാണ് . വിനു തന്നെ പറഞ്ഞു കൊടുക്കണം എന്നാലെ അമുവിനു തൃപ്തിയാവുകയുള്ളു .
കൃഷ്ണന്റെ കാളിയ മർദനം കഥയാണ് അവൾക്കു ഏറെ ഇഷ്ടം. ആമുവിന്റെ ക്‌ളാസിലെ മിസ്സിന്റെ പേര് കാളിന്ദി എന്നാണ് . കാളിന്ദിയാറ്റിൽ കുളിക്കുവാൻ ഇറങ്ങുന്നതും , നീന്തി കളിക്കുമ്പോൾ കാളിയൻ വരുന്നതും , കാളിയന്റെ അഹങ്കാരം ശമിപ്പിക്കുന്നതുമായ കഥ എത്രയോ തവണ വിനു പറഞ്ഞു കൊടുത്തിരിക്കുന്നു . ആയിരം തലകളുള്ള കാളിയന്റെ തലയിൽ നൃത്തം ആടുന്ന കൃഷ്ണൻ, ഓരോ തലയിലും ചവിട്ടി പത്തി ചതച്ച കാളിയന്റെ ധാർഷ്ട്യം തീർത്ത കഥ , അത് എത്ര കേട്ടാലും അമുവിനു മതിവരില്ല. കഥ വിവരിക്കുന്നതിൻ ഇടയിൽ വിനുവിന്റെ പതിവ് ചോദ്യം അവൾ കേട്ടു .
"കാളിയനു എത്ര ഹെഡ് ആണ് ."
ആ ഉത്തരം പറയുവാൻ അവൾക്കു വളരെ ഇഷ്ടം ആണ്. എല്ലാ ദിവസവും വിനു ഇതേ ചോദ്യം അവളോട് ചോദിക്കും. താൻ കൂടി കേട്ടു കൊള്ളട്ടെ എന്ന് ഭാവത്തിൽ അല്പം ഉച്ചത്തിൽ അമു പറയുന്ന കേട്ടു
"തൌസണ്ട് ഹെഡ്"
തുണി വിരിച്ചിട്ട് , അടുക്കളയിലെ സ്ളാബും വൃത്തി ആക്കി, കുടിക്കുവാനുള്ള വെള്ളവും എടുത്തുകൊണ്ടു സ്മിത കിടപ്പുമുറിയിലേക്ക് ചെല്ലുമ്പോഴേക്കും വിനു അമുവിനെ കെട്ടി പിടിച്ചു ഉറങ്ങി കഴിഞ്ഞിരുന്നു. വിനു എപ്പോഴും അങ്ങനെയാണ് കിടന്നാൽ അപ്പോൾ തന്നെ ഉറങ്ങി കൊള്ളും . തന്റെ കാര്യം നേരെ മറിച്ചാണ്. അമു ഏതോ ഒരു ആൽബം നോക്കി എന്തോ തന്നെ സംസാരിച്ചു കൊണ്ട് കിടക്കുന്നുണ്ട്
"എന്തായി തമ്പ്രാട്ടി, ഉറങ്ങാൻ ഭാവം ഇല്ലേ ."
അമുവിനോടായി അവൾ ചോദിച്ചു . മമ്മ ഇത് കണ്ടോ, അവൾ തന്റെ പടം ചൂണ്ടി കാണിച്ചു. സ്മിതയും , പ്രിയയും കൂടി ഉള്ള ഫോട്ടോ. രണ്ടു വർഷം മുമ്പ് പ്രിയയുടെ കൂടെ ഹോട്ടലിൽ വച്ച് തന്റെ മൊബൈലിൽ നിന്നും പകർത്തിയ ഫോട്ടോ. സ്മിത പെട്ടെന്ന് തന്നെ ആ ആൽബം എടുത്തു മേശ പുറത്തേക്കു എടുത്തു വച്ചു . പിന്നെ ലൈറ്റ് അണച്ച് അമുവിനെ കെട്ടി പിടിച്ചു കൊണ്ട് കിടന്നു. കുറച്ചു നേരത്തിനുള്ളിൽ അമു ഉറങ്ങി കഴിഞ്ഞിരുന്നു. അവൾ ഓർത്തു നാല് മാസം കൂടി കഴിഞ്ഞാൽ അവൾക്കു നാല് വയസ്സാകും. അരണ്ട വെളിച്ചത്തിൽ ശാന്തമായി ഉറങ്ങുന്ന അമു. അവൾ പതിയെ അമുവിന്റെ കൊച്ചു കവിളിൽ ചുംബിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു അവൾക്കു ഉറക്കം വന്നില്ല.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പ്രിയയെ കണ്ടതാണ്. ഇപ്പോൾ രണ്ടു വർഷം കഴിയുന്നു. സ്മിതയും പ്രിയയും ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച കളി കൂട്ടുകാരികൾ. വളരെ സാമര്‍ത്ഥ്യമുള്ള പെൺകുട്ടി ആയിരുന്നു പ്രിയ. സ്മിതയാണെങ്കിൽ നേരെ മറിച്ചും . ഒന്നും തന്നെ ചെയ്യുവാനുള്ള കഴിവില്ല. സ്മിതയ്ക്ക് എന്തിനും ഏതിനും പ്രിയയുടെ കൂട്ട് വേണം.
"പ്രിയ ഇടക്ക് പറയുമായിരുന്നു അല്പം ചൊടി ഒക്കെ വേണ്ടേ എപ്പോഴും ഞാൻ ഉണ്ടാകുമോ നിന്റെ കൂട്ടിന് ? "
കോളേജിലും അവർ ഒരുമിച്ചായിരുന്നു . അതിനിടക്ക് പ്രിയ ഒരു പ്രണയത്തിൽ ചെന്ന് ചാടി. റോബിനുമായി . പക്ഷെ അവളുടെ വീട്ടുകാർ ആ ബന്ധം എതിർത്തു . ആരെയും വക വയ്കാതെ അവർ രജിസ്റ്റർ മാര്യേജ് ചെയ്തു.
അതിനിടെ വിനുവുമായി തന്റെ വിവാഹം കഴിഞ്ഞിരുന്നു . ഇപ്പോൾ കഴിഞ്ഞ മുന്ന് വർഷമായി തങ്ങൾ മ്സ്ക്ക്റ്റിൽ ആണ്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അതായതു രണ്ടു വർഷം മുമ്പ് , പ്രിയയെ കണ്ടതാണ് . താൻ വന്നു എന്ന് അറിഞ്ഞു. അവൾ തന്നെ വിളിച്ചിരുന്നു . തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞപോൾ അവൾ പറഞ്ഞു
'ഇല്ല നിനക്ക് ഹോട്ടൽ സിൽവർ ഡയമണ്ടിൽ വരൻ പറ്റുമോ എന്ന് "
വിനു, വിനുവിന്റെ വീട്ടിലായിരുന്നു അതുകൊണ്ട് താൻ ഒരു ഓട്ടോ പിടിച്ചാണ് സിൽവർ ഡയമണ്ടിൽ പോയത് . കുറച്ചു നേരം കഴിഞ്ഞിട്ടാണ് അവൾ വന്നത് . അവൾ ആകെ മാറിയ പോലെ തോന്നി. കൂടെ അവളുടെ കുഞ്ഞും ഉണ്ടായിരുന്നു. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞു വാവ. ഏറിയാൽ ഒരു ഒന്നര വയസു തോന്നിപ്പി ക്കും. അവളുടെ കുഞ്ഞിനെ അന്ന് ഒരു പാടു നേരം എടുത്തു കൊഞ്ചിച്ചു . പിന്നെ ജ്യൂസ് കൊണ്ട് തന്ന ബെയററോടു പറഞ്ഞിട്ട് തന്റെ മൊബൈലിൽ പ്രിയയുടെയും , തന്റെയും ഫോട്ടോ എടുപ്പിച്ചു . അതിനിടയിൽ കുഞ്ഞ് ഉറങ്ങുകയും ചെയ്തു.
പിന്നെയാണ് പ്രിയ അവളുടെ കഥ പറയുന്നത്. അവൾ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു റോബിനുമായുള്ള വിവാഹം. റോബിൻ ഒരു തികഞ്ഞ മദ്യപാനി ആയിരുന്നു. എന്നും രാത്രി മദ്യപിച്ചേ അവൻ വീട്ടിൽ വരികയുള്ളു .കുറെ പറഞ്ഞു നോക്കി. വൈകിയാണ് അറിയുന്നത് അവൻ കാണിച്ച സ്നേഹം വാജ്യമായിരുന്നു എന്ന് . പകൽ ചില ദിവസങ്ങളിൽ അവൻ ചിലപ്പോൾ പശ്ചാത്താപം പ്രകടിപ്പിക്കും . പക്ഷെ രാത്രി വീണ്ടും പഴയ പോലെ മൃഗീയമായി പെരുമാറും. റോബിൻ പ്രിയയുടെ സ്വത്തു കണ്ടു മോഹിച്ചാണ് അവളെ വിവാഹം കഴിച്ചത്. ജോലിക്കൊന്നും പോകാതെ എപ്പോഴും ബാറിൽ കൂട്ടുകരൊത്തു മദ്യപിച്ചു ഇരിക്കും. ചില ദിനങ്ങളിൽ കൂട്ടുകാരെ വീട്ടിൽ വിളിച്ചു കൊണ്ട് വന്ന സൽകരിക്കും . എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അവരുടെ മുമ്പിൽ വച്ച് ഉപദ്രവിക്കും . ഒടുവിൽ സഹിക്കവയ്യതെ ആ ബന്ധം അവൾ ഉപേക്ഷിച്ചു . അവളുടെ മുമ്പിൽ പ്രിയ പൊട്ടി കരഞ്ഞു.
"എനിക്കറിയില്ല സ്‌മിത ഇനി ഞാൻ എന്ത് ചെയ്യണം എന്ന്"
അവളെു ആശ്വസിപ്പിക്കുവാൻ വാക്കുകൾ ഇല്ലാതെ സ്‌മിത ഉഴറി . പിന്നെ ചോദിച്ചു .
". നീ വീട്ടിൽ പോയില്ലേ?"
ഇല്ല അച്ഛനെ അഭിമുഖീകരിക്കുവാൻ എനിക്ക് ശക്തിയില്ല.
"വീണ്ടും അവൾ കരയുവാൻ തുടങ്ങി. എന്ത് പറഞ്ഞു സമാധാനിപ്പിക്കും
അവളെ ...
കുറച്ചു നേരം കഴിഞ്ഞു പ്രിയ സമചിത്തത വീണ്ടെടുത്തു . പിന്നെ തന്റെ കൈകൾ ചേർത്ത് പിടിച്ചു. പിന്നെ ഒരു ചെറു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു.
"ഞാൻ നിന്റെ മൂഡ് കളഞ്ഞല്ലേ . സോറി സ്മിത ."
"ഹേയ് അത് സാരമില്ല"
സ്മിത വിഷമത്തോടെ അവളോടായി പറഞ്ഞു. പ്രിയ ഹാൻഡ് ബാഗ് തുറന്നു അവളുടെ ഒരു കർചീഫ് എടുത്തു മുഖം തുടച്ചു.
"കുഞ്ചുവിനെ നോക്കികൊള്ളണേ ഞാൻ മുഖം കഴുകിയിട്ട് വരാം" അവൾ നടന്നു പോകുന്നത് സ്‌മിത നോക്കിയിരുന്നു.
മുഖം കഴുകാൻ പോയ പ്രിയ പിന്നെ തിരികെ വന്നില്ല. കുറച്ചു കഴിഞ്ഞപോൾ ബെയറർ വന്നു പറഞ്ഞു.
"ഇവിടെ ഇരുന്ന മാഡത്തിനു ആക്സിഡന്റ് പറ്റി "
ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വാരി എടുത്തുകൊണ്ടു താൻ പുറത്തേക്കു ഓടി . ഹോട്ടലിൻ എതിരെയുള്ള മെയിൻ റോഡിൽ ജനം കൂട്ടം കൂടി നില്കുന്നു . അവിടെ ചെന്നപൊൾ കണ്ട കാഴ്ച നടു റോഡിൽ രക്തത്തിൽ കുളിച്ച പ്രിയ കിടക്കുന്നു. ആരോ പറയുന്ന കേൾക്കാമായിരുന്നു "
ചാവാൻ ഉറപ്പിച്ചു പോലെ ലോറിയുടെ മുന്നിലേക്കു വന്നു ചാടുക ആയിരുന്നു എന്ന് ." ഒന്നുമറിയാതെ കുഞ്ഞ് അപ്പോഴും അവളുടെ തോളിൽ ചാഞ്ഞു ഉറങ്ങുകയായിരുന്നു .
അടുത്ത കിടക്കുന്ന കുഞ്ചുവിനെ തലമുടിയിൽ അവൾ വീണ്ടും ചുംബിച്ചു. "ദൈവം തന്ന അമൂല്യ സമ്മാനം" , അവൾ ഇപ്പോൾ തന്റെയും വിനുവിന്റെയും ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. കുഞ്ചുവിനെ ചേർത്ത് അണച്ച് കൊണ്ട് അവൾ കണ്ണുകൾ മെല്ലെ അടച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ