2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

കലഹത്തിന്റെ അവസാനം


എപ്പോഴാണ്  അവരുടെ കലഹം ആരംഭിച്ചത് ?  അയാൾ ഓഫീസിൽ നിന്നും  വന്നശേഷം ശാന്തമായി ഇരുന്നു ചായ കുടിക്കുകയായിരുന്നു . ചുടുള്ള ചായയും ,  ഭാര്യ  ടീപോയിയിൽ കൊണ്ട് വച്ച ബജ്ജിയും ആസ്വദിച്ച് കഴിക്കുകയായിരുന്നു .  പ്ലേറ്റിലെ ബജ്ജി തീരാറായി എന്ന് കണ്ടപ്പോൾ കുറച്ചും കുടി എണ്ണയിൽ ഇട്ടു വറുത്തു എടുക്കാം എന്ന് കരുതി മാവു കുഴക്കുവാനായി  അവൾ  അടുക്കളയിലേക്ക് .  പിറകിൽ അയാൾ വന്നു നിന്നത് അവൾ കണ്ടതുകൊണ്ട്  ചോദിച്ചു

 " ചായ വേണോ "

അയാൾ വേണ്ട എന്ന് പറഞ്ഞുവെങ്കിലും അടുക്കളയിൽ ചുറ്റി പറ്റി തന്നെ നിന്നു .

ചീന ചട്ടിയിൽ എണ്ണ  തിളക്കുന്നു . വൃത്തത്തിൽ അരിഞ  സവാള,  മാവിൽ മുക്കി പതിയെ അവൾ  ചീനചട്ടിയിലേക്ക് ഇട്ടു.  പണ്ട്    കുള കടവിലെ ഉയർന്ന   പടവിൻ  മുകളിൽ നിന്നും തെങ്ങിൻ പാളയിലുടെ   ഊർന്ന് ഒഴുകി കുളത്തിലേക്ക്‌ ചാടുന്ന പോലെ സവാള    പതിയെ ഒഴുകി തിളച്ച എണ്ണയിൽ ആഴ്ന്നിറങ്ങി .  എണ്ണ പൊട്ടി തെറിക്കുന്ന ശബ്ദം  അയാളുടെ കാതുകളെ അലസോരപെടുത്തി .  അവൾ സാരി തലപ്പ്‌ കൊണ്ട് വിയർപ്പു  തുടച്ചു . കൈയിലെ സ്വർണ വളകൾ ഇളകിയാടി .  അയാൾ അത് ശ്രദ്ധിച്ചു എന്ന് കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു .

അയാൾ പതുക്കെ പറഞ്ഞു ."ഇത് ഇപ്പോൾ വേണ്ടായിരുന്നു ."

അയാൾ തീരെ ശബ്ദം  താഴ്ത്തിയാണ് പറഞ്ഞത് എങ്കിലും അത് അവൾ കേട്ടു . അവൾ  ചോദിച്ചു.  " എന്ത് വേണ്ടായിരുന്നു എന്നാ :"

അല്ല , "ഇപ്പോൾ   ഈ വളകൾ മേടികേണ്ട ആവശ്യം ഉണ്ടായിരുന്നോ?  കുറച്ചും കുടി കഴിഞ്ഞിട്ട്   പോരായിരുന്നോ ?  സോസയിറ്റിയിലെ പണം അടച്ചു കഴിഞ്ഞിട്ടില്ല "   അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു

അവളുടെ മുഖം ചീർത്തു ."എന്നാ പിന്നെ മേടിക്കേണ്ടയിരുന്നല്ലല്ലോ  "


"അതിനു നിനക്കയിരുന്നല്ലോ നിർബന്ധം , ഇപ്പോൾ തന്നെ വള  വേണം എന്ന് "     അവൾ ക്കുള്ള മറുപടിയെന്നോണം അയാൾ  പറഞ്ഞു

അവളുടെ ഭാവം മാറി

"ഏതുനേരത്താണോ എനിക്ക് നിങ്ങളോടു ഈ  വളയുടെ   കാര്യം പറയുവാൻ തോന്നിയത് .  കഷ്ടം അവൾ തലയിൽ കൈവച്ചു .

അവളുടെ ശബ്ദം ഉയർന്നപ്പോൾ അയാൾ ഒച്ചവച്ചു .

"ദേ വെറുതെ ഒച്ചയുണ്ടാകരുത് ,  ഒച്ചയുണ്ടാക്കിയാൽ ചവിട്ടും  ഞാൻ" അതും പറഞ്ഞിട്ട് ദേഷ്യത്തോടെ  അയാൾ    കിടപ്പു മുറിയിലേക്ക് പോയി.

കുറച്ചു നേരം അടുക്കളയിൽ തട്ടലും , മുട്ടലും , പാത്രം  കഴുകുന്നതുമായ ശബ്ദം കെട്ടൂ .  പിന്നെ കുറച്ചു നേരത്തേ  നിശബ്ദ്ത , പിന്നെയും കുറെ കഴിഞ്ഞു മിക്സിയിൽ  എന്തോ അര്യ്കുന്ന   ശബ്ദം .

അയാൾ കട്ടിലിൽ  തല ചായ്ച്ചു  പത്രം വായിക്കുവാൻ ആരംഭിച്ചു .

രാവിലെ വായിച്ച  ഇലക്ഷൻ വാർത്തകൾ അയാൾ വീണ്ടും വായിച്ചു .

നാളെയാണ് വോട്ടെടുപ്പ് .  കൊട്ടി കലാശം കഴിഞ്ഞിരിക്കുന്നു .  ഇരു മുന്നണികളും ശുഭ പ്രതീക്ഷയിൽ ആണ് .  അതിനിടയിൽ കറുത്ത കുതിരയായി മറ്റൊരു മുന്നണിയും. ആരുടെ കുടെയായിരിക്കും ജനമനസ്സ് . അഞ്ചു വർഷം     മാറി മാറി ഭരിച്ചിട്ടും ഒന്നും ശരിയാകാതെ ഇനിയും ഈ മുന്നണികളെ  തന്നെ ജനം തിരെഞ്ഞെടുക്കുമോ ?  അതോ  ഒരു പുതിയ മാറ്റം കേരള ജനത ഉൾക്കൊള്ളുമൊ .?

അങ്ങനെ വാർത്ത‍ വയിക്കുനതിൻ ഇടയിൽ അയാൾ ശാന്തമായി ഉറക്കത്തിലേക്കു പ്രവേശിച്ചു . കുറച്ചു നേരം അയാൾ അങ്ങനെ ഉറങ്ങി എന്ന് തോന്നി.  ഉണർന്നപ്പോൾ മുന്നിൽ  അവൾ ,

"വസ് ത്രം മാറി വന്നാൽ    ഊണ് കഴിക്കാമായിരുന്നു "

" എനിക്ക് ആഹാരം വേണ്ടാ " , അയാൾ ഗൌരവം അഭിനയിച്ചു

"വരൂന്നേ , നല്ല മീൻ കറിയുണ്ട് "   ആ പ്രലോഭനത്തിൽ അയാൾ വീണുപോയി.

അയാൾ വസ്ത്രം മാറി , ഊണ്  മേശക്കരികിൽ ഇരിപ്പായി ,

ചുടു ചോറും, മീൻ കറിയും അവൾ വിളമ്പി . ചെറു പിഞ്ഞാണത്തിൽ  അരികിലായി ഉപ്പിലിട്ടതും ,  കായ മെഴുക്കൊരോട്ടിയും ,ചുട്ട പപ്പടവും .

അയാൾ പപ്പടം പൊട്ടിച്ച് ,  അച്ചാറിൽ തൊട്ടു നക്കി ഉരുള യുരുട്ടി കഴിക്കുവാൻ ആരംഭിച്ചു .

" കാച്ചിയ മോരില്ലേ , അയാൾ  ചോദിച്ചു .  അവൾ മോരിന്റെ പത്രം അരികിലേക്ക് നീട്ടി വച്ചു .

ആസ്വദിച്ചു അയാൾ കഴിക്കുന്ന ഓരോ ഉരുളയും അവൾ നോക്കി ഇരുന്നു.  ഇടയ്ക്ക് മെഴുക്കൊരോട്ടി ,  പത്രത്തിൽ  നിന്നും വടിച്ചു അയാളുടെ സൈഡ് പ്ലേറ്റിലേക്ക്  അവൾ ചുരണ്ടി . ജീരകവെള്ളം നിറച്ച ഗ്ലാസ്‌ അയാൾ  മൊത്തി കുടിച്ചു .

അവസാനം അയാൾ കൈ നക്കി , ചിറി തുടച്ചു കൈ  കഴുകുവനായി എഴുനേറ്റു . കൈ കഴുകി വന്ന ശേഷം  അയാൾ മേശ പുറത്തു വച്ചിരുന്ന 'ഫ്രൂട്ട് ബാസ്കറ്റിൽ '  നിന്നും ഒരു ചെറു പഴം എടുത്തു തൊലി പൊളിച്ചു കഴിച്ചു തുടങ്ങി.

എല്ലാം കഴിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞ ശേഷം അവൾ പറഞ്ഞു

"എന്നാലും അത് ശരിയായില്ല ."

അയാൾക്ക്   മനസിലായില്ല .   അയാൾ ചോദിച്ചു  . " എന്ത് ശരിയായില്ല "

"അല്ല,കഴിക്കുന്നില്ല എന്നല്ലേ പറഞ്ഞത് ?   എന്നീട്ടും  ഊണ്   കഴിച്ചത് തീരെ ശരിയായില്ല "

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവൾ അയാളെ നോക്കി ചിരിച്ചു.

അയാൾ ഒന്ന് ചമ്മിയെങ്കിലും ആയാളും  അവളുടെ കുടെ  കൂടി . പിന്നെ ആ ചെറു ചിരി ഒരു പൊട്ടി ചിരിയായി മാറി.














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ