"അമ്മാ , ഇപ്പോൾ വേദന കുറവുണ്ടോ ", കണ്ണ് തുറക്കുമ്പോൾ മുമ്പിൽ നേർസ് ലില്ലി. എപ്പോഴും ചിരിക്കുന്ന മുഖമാണ് ലില്ലിക്ക് . വെള്ള വസ്ത്രം അണിഞ്ഞ ഒരു മാലാഖ കുട്ടി . എത്ര വയസ് പ്രായം ഉണ്ടാകും അവൾക്കു? അധികം ഒന്നുമുണ്ടാവില്ല. ഒരു ഇരുപതു - ഇരുപത്തിരണ്ടു . വയസ്സ് ;എന്തായാലും അതിനുമപ്പുറം വരികയില്ല .
വാതിൽ തുറന്നു ഡോക്ടർ റൂഹി അകത്തേക്ക് വന്നു. ലില്ലിയെ പോലെയല്ല അവരുടെ പെരുമാറ്റം . എപ്പോഴും ഒരു ഗൗരവ ഭാവം . സംസാരിക്കുമ്പോൾ പോലും ഒരു മൃദുല ഭാവം അവർക്കില്ല . ആ കട്ടി കണ്ണട മാറ്റിയാൽ ചിലപ്പോൾ അവരുടെ ഭാവം മാറുമായിരിക്കും.
ഡോക്ടർ ലില്ലിയോടായി ചോദിച്ചു .
"ഹൌ ഈസ് ഷീ , "
"ഷീ ഈസ് ഓക്കേ മാം, ഹാഡ് എ ഗുഡ് സ്ലീപ് യെസ്റ്റെർഡേ "'
അതിനു മറുപടിയായി അവർ ഒന്ന് മൂളി. ഡോക്ടറുടെ കൈ അവരുടെ നെറ്റിയിൽ സ്പർശിച്ചു . പിന്നെ അവരുടെ റിപ്പോർട്ട് എടുത്തു ഒരാവർത്തി വായിച്ചു.
"ചുമക്കുമ്പോൾ ഇപ്പോഴും വേദനയുണ്ടോ? സ്റ്റെതസ്കോപ്പ് നെഞ്ചിൽ ചേർത്ത് വച്ചുകൊണ്ട് ഡോക്ടർ റൂഹി ചോദിച്ചു "
ഇല്ല എന്നർത്ഥത്തിൽ അവർ തലയാട്ടി .
അതിനിടയിൽ അവരുടെ ഫോൺ ശബ്ദിച്ചു .
ഡോക്ടറുടെ മുഖഭാവം കണ്ടറിഞ്ഞു ലില്ലി മൊബൈൽ ഫോൺ എടുത്തു . പിന്നെ ഡോക്ടറോടായി പറഞ്ഞു .
"മകളാണ് , അമേരിക്കയിൽ നിന്നും"
കുറച്ചു ദിവസത്തെ പരിചയമേ ഉള്ളൂ എങ്കിലും ലില്ലിക്ക് അവരുടെ കാര്യങ്ങൾ മുഴുവനും അറിയാം . ദിവസത്തിൽ രണ്ടും, മൂന്നും തവണ വീതം മകൾ അമ്മയെ വിളിക്കാറുള്ളതല്ലേ.
അവർ മകളോട് സംസാരിക്കുന്നത് ഡോക്ടർ റൂഹി കേട്ടു നിന്നു .
" നിനക്ക് വരുവാൻ പറ്റുമോ എന്ന് നോക്കു മോളേ; ഇവിടെ ഞാൻ ഒറ്റക്കല്ലേ , ചിറ്റ രാത്രി വരും കിടക്കുവനായി . അവൾക്കും ഇപ്പോൾ വയ്യാതായിരിക്കുന്നു -ഞാൻ കാരണം എല്ലാവർക്കും ആകെ ബുദ്ധിമുട്ടായി .
ആഹാരം കാന്റീനിൽ നിന്നും കൊണ്ടുവരും. എല്ലാത്തിനും സുഭദ്രയെ എന്തിനു വെറുതെ ബുദ്ധിമുട്ടിക്കണം. അവൾ തന്നെ വേണമല്ലോ എല്ലാം ഉണ്ടാക്കി കൊണ്ടുവരണം എന്നുണ്ടെങ്കിൽ തന്നെയും "
അവർ ഫോൺ വച്ചു കഴിഞ്ഞപ്പോൾ റൂഹി പറഞ്ഞു ഒരു ഇൻജക്ഷ്ൻ കൂടി ഉണ്ട്. ലില്ലി സിറിഞ്ചിൽ മരുന്ന് നിറച്ചു . സൂചി കുത്തുന്നതിന്നിടയിൽ റൂഹി ചോദിച്ചു , "എന്താ മകളുടെ പേര്? "
കണ്ണടച്ചുകൊണ്ട് അവർ ഉത്തരം പറഞ്ഞു-'ശ്വേത'
അവർ എഴുന്നേൽക്കുവാൻ ശ്രമിച്ചു . കൈ കൊണ്ട് തടഞ്ഞ ശേഷം റൂഹി പറഞ്ഞു "വേണ്ടാ കിടന്നു കൊള്ളൂ . നന്നായി വിശ്രമം വേണം . റൌണ്ട്സ് കഴിഞ്ഞു ഞാൻ വീണ്ടും വരാം "
അതും പറഞ്ഞ് അവർ അടുത്ത മുറിയിലേക്ക് പോയി.
അവർ ലില്ലിയോടായി ചോദിച്ചു.
"എന്ത് പറ്റി ഡോക്ടറമ്മക്ക് ഇന്ന് മൂശേട്ട സ്വഭാവം തീരെ ഇല്ലല്ലോ "
ലില്ലി അവരെ നോക്കി മറുപടി പറയാതെ കണ്ണിറുക്കി ചിരിച്ചു .
അവർ വീണ്ടും കണ്ണടച്ചു കിടന്നു .
അവരോർത്തത് ശ്വേതയെ കുറിച്ച് ആയിരുന്നു. ഇനിയും രണ്ടു മാസം എടുക്കും അവൾക്കു തിരിച്ചു വരുവാൻ . പാവം കുട്ടി! അവൾ അവിടെ നിന്ന് തീ തിന്നുന്നുണ്ടാകും .രണ്ടു മാസത്തിനുള്ളിൽ അവളുടെ പ്രോജക്റ്റ് തീരും എന്നാണ് പറഞ്ഞത്. അതിനിടയിൽ അവിടെനിന്നും വിട്ടു പോരുക പ്രയാസം തന്നെ . അത് കഴിഞ്ഞാൽ പിന്നെ വിജയിനെ തനിച്ചാക്കിയാണെങ്കിലും അമ്മയുടെ കൂടെ ഒരു നാലു മാസം എങ്കിലും നിൽക്കാം എന്ന് അവൾ സമ്മതിച്ചിട്ടുണ്ട് . ജോലി മതിയാക്കി വരികയാ . കുറച്ചു മാസം ഇവിടെ ചിലവഴിച്ച ശേഷം പിന്നെ തനിക്കും അവരുടെ കൂടെ പോകാം . ഇതാണ് അവളുടെ തിരുമാനം .
ചിലപ്പോൾ ശരിക്കും ഒറ്റക്കായി എന്ന് തോന്നും . ആരും കൂട്ടിനില്ല എന്നുള്ള തോന്നൽ . മുന്ന് മാസം കഴിഞ്ഞാൽ ഉണ്ണിയേട്ടന്റെ ശ്രാദ്ധം ആണ്. അതും കൂടി കഴിഞ്ഞിട്ട് അമേരിക്കയിലേക്ക് പോകാം എന്നാണ് ശ്വേത പറയുന്നത് .
ഉണ്ണിയെട്ടന് അറിയാമായിരിക്കാം ഒരിക്കൽ തന്നെ തനിച്ചാക്കിയിട്ടു ഇവിടം വിട്ടു പോകേണ്ടി വരുമെന്ന്. അത് കൊണ്ടാകാം അതിനുള്ള മുൻ കരുതൽ എല്ലാം പുള്ളിക്കാരൻ നേരത്തെ തന്നെ എടുത്തിരുന്നത്.
ശ്വേതക്ക് മുന്ന് മാസം പ്രായമുള്ളപ്പോൾ ആണ് അവർ ആ വലിയ പട്ടണത്തിലേക്ക് പറിച്ചു നടുന്നത് . ഉണ്ണി കൃഷ്ണന് അങ്ങോട്ടേക്ക് മാറ്റം കിട്ടിയപ്പോൾ താൻ ശരിക്കും പകച്ചു പോയി. അറിയാൻ പാടില്ലാത്ത ഭാഷ , അറിയാത്ത നാട്ടുകാർ . ഉണ്ണിയേട്ടൻ രാവിലെ ജോലിക്ക് പോയാൽ പിന്നെ വരുവാൻ ഒരു നേരം ആകും . മിണ്ടിയും , പറഞ്ഞും ഇരിക്കുവാൻ പോലും ആളില്ല . കക്ഷിയുടെ ഒരു ബന്ധു ഉണ്ടായിരുന്നു അവർ താമസിച്ച ഫ്ലാറ്റിന്റെ അടുത്തു തന്നെ - മീനാക്ഷി ആന്റി . അവരും വിവാഹ ശേഷം ഈ നഗരത്തിലേക്ക് പറിച്ചുമാറ്റപെട്ടവൾ തന്നെ . അവരുള്ളത് വലിയ ഒരു സൗകര്യം തന്നെ ആയിരുന്നു. ആന്റി തന്നെയാണ് ഈ ഫ്ലാറ്റ് - 'ലക്ഷ്‌മി നാരായൺ കോംമ്പ്ല്ക്സ്' എർപ്പാട് ചെയ്തുതന്നത്.
മലയാളികൾ ആരും കൂട്ടിനില്ല. തൊട്ടപ്പുറത്ത് ഫ്ലാറ്റിൽ താമസിക്കുന്നത് വിദുലയും ഫാമിലിയും. അവർ മറാഠികൾ ആണ് .വിദുല ഒരു വക്കീൽ ആണ് . ആദ്യമായി പരിചയപെടുവാൻ വന്നവർ അവരായിരുന്നു. പക്ഷെ ഭാഷ അറിയാത്തത് ഒരു പ്രശ്നം തന്നെയാണ് . പിന്നെ ദാസ് ആന്റി - ഭർത്താവ് ബിപിൻ ദാ, അങ്കിൾ മരിച്ചു പോയി. അവർ ബംഗാളികൾ ആണ്. ഒരു മകൻ ഉണ്ട്, അവൻ ലണ്ടനിൽ ജോലി ചെയുന്നു.
വിദുല ഒഴിച്ചു പലരും പല ദിക്കിൽ നിന്നും വന്നവർ . താഴെ അഞ്ഞുറ്റി രണ്ടിൽ തന്റെ പ്രായത്തിൽ തന്നെയുള്ള ജ്യോതിയും കുടുംബവും - ഹൈദരാബാദിൽ നിന്നും വന്നവർ . ജ്യോതിയുടെ ഭർത്താവിന് റിലൈൻസിൽ ആണ് ജോലി. അവരുടെ മകൾ അനന്യക്കും ഏകദേശം ശ്വേതയുടെ പ്രായം തന്നെ .
മീനാക്ഷി ആന്റി തന്നെയാണ് വീട് തുടയ്ക്കുവാനും , തുണി നനയ്ക്കുവാനും ഒക്കെയായി പദ്‌മയെ ഏർപ്പാടു്ചെയ്തത് . ശ്വേതയുടെ തുണികൾ തന്നെ ഒരു ദിവസം പല വട്ടമായി നനക്കേണ്ടി വരുന്നു.
മൂത്രമൊഴിച്ച തുണി മാറ്റുംപോഴെക്കും അവൾ അപ്പിയിടും. പിന്നെ അത് മാറുമ്പൊഴേക്കും വീണ്ടും മൂത്രമൊഴിക്കും . പെണ്ണിന് ഇത് തന്നെയല്ലെയുള്ളൂ പണി.
പദ്മക്ക് എപ്പോഴും തിരക്കാണ് . ആ ഫ്ലാറ്റിൽ തന്നെ ഒരു പാടു വീടുകളിൽ അവർ പോകുന്നുണ്ട് . ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവര് തുണിയും നനച്ചു, വീടും തുടച്ചു പോകും. ഒരു മിനുട്ട് അധികം നിൽക്കില്ല .പണ്ട് പദ്മ ആന്റിയുടെ വീട്ടിൽ നിന്നിരുന്നു.
വൈകുന്നേരങ്ങളിൽ ബാൽക്കണിയിലൂടെ താഴേക്ക് നോക്കിയാൽ കുട്ടികൾ കളിക്കുന്നതു കാണാം. ഫ്ലാറ്റിനു താഴെയായി നിരവധി കടകൾ . ഇന്റർകോമിലൂടെ വിളിച്ചു പറഞ്ഞാൽ ശംഭു സാധനങ്ങൾ കൊണ്ടുവന്നു തരും. രൂപ പിന്നെ കൊടുത്താലും മതി. ആദ്യ ദിവസങ്ങളിൽ ഒക്കെ ആന്റി ഇടക്കിടെ വരുമായിരുന്നു . ഇപ്പോഴും അവധി ദിനങ്ങളിൽ ആന്റിയും, അങ്കിളും വരും. ഒരു പാടു നേരം വർത്തമാനം പറഞ്ഞിരിക്കും. അങ്കിളിന് പരിചയം ഉള്ള ഒരു സർദാർജിയുടെതാണീ ഫ്ലാറ്റ് . ആറാമത്തെ നിലയിലെ ഒറ്റ മുറി ഫ്ലാറ്റ്. ഒരു ബെഡ്‌റൂം , അടുക്കള , ചെറിയ ഒരു സിറ്റിംഗ് റൂം, പിന്നെ പേരിനു ഒരു ബാൽക്കണി . താഴെക്ക് ലിഫ്റ്റ് ഉണ്ട് . തങ്ങൾക്കു താമസിക്കുവാൻ ഇത് ധാരാളം .
ദിവസങ്ങൾ കടന്നു പോയി. ആകെ കൂടെ ഒരു മരവിപ്പ് . മടുപ്പിക്കുന്ന ദിവസങ്ങൾ . എത്രയും വേഗം ഉണ്ണിയേട്ടന് ട്രാൻസ്ഫർ കിട്ടി നാട്ടിൽ പോകണം എന്നു തന്നെയായിരുന്നു ആഗ്രഹം . പക്ഷെ അങ്ങനെ തിരിച്ചു പോകുവാൻ ഉണ്ണികൃഷ്ണന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല . നാട്ടിൽ നിന്നാൽ ഇത് പോലെ ഉയർച്ച ഉണ്ടാകുമോ . നമ്മുടെ തൊഴിലിൽ ഉന്നതി നേടണം എന്നുണ്ടെങ്കിൽ കേരളത്തിനു പുറത്തു ജോലി ചെയ്യണം . പൊട്ടകുളത്തിലെ തവളകൾ ആണ് കേരളീയർ. അവർ പുറത്തു പോയാൽ മാത്രമേ ജോലി ചെയ്യുകയുള്ളു. വിശാലമായ ലോകം കാണണം എങ്കിൽ കേരളത്തിന് പുറത്തു തന്നെ പോകണം . അതാണ് പുള്ളിക്കാരന്റെ അഭിപ്രായം.
ഒടുവിൽ ഉണ്ണിയേട്ടൻ തന്നെ പറഞ്ഞു , പദ്മ യോടു പറയൂ, ആരെങ്കിലും ഉണ്ടോ എന്ന് നോക്കുവാൻ, തനിക്കു ഒരു കുട്ടിനായി. അങ്ങനെ പദ്മയോട് വിവരം പറഞ്ഞു .പിറ്റേ ദിവസം രാവിലെ പദ്മയുടെ കൂടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു . ഒരു പന്ത്രണ്ട് വയസു പ്രായം തോന്നിക്കും . തലമുടി ധാരാളമുള്ള മെലിഞ്ഞ പെൺകുട്ടി . സുന്ദരമായ മുഖം. അവളെ കണ്ടാൽ തന്നെ അറിയാം ഏതോ നല്ല വീട്ടിലെ കുട്ടിയാണെന്ന് . അവളെ കണ്ടപ്പോൾ താൻ പദ്മയോടായി ചോദിച്ചു .
"ഇത്ര ചെറിയ കുട്ടിയോ?"
"ഇവൾ ചെറിയ കുട്ടി ആണെന്ന് കരുതേണ്ടാ; എല്ലാ പണിയും അറിയാം. ദീദി കുറച്ചു ദിവസം നോക്കു . ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക് വേറെ ആളെ നോക്കാം" പദ്മ പറഞ്ഞു.
അങ്ങനെ അവൾ വന്നു തുടങ്ങി. പദ്മ അവളെ ചോട്ടി എന്നാണ് വിളിച്ചത് . അവളെ താനും അങ്ങനെ തന്നെ വിളിച്ചു തുടങ്ങി. പദ്മ പറഞ്ഞത് ശരിയായിരുന്നു. അവൾ ഒരു മിടുക്കി തന്നെയായിരുന്നു . അവൾ ശ്വേതയെ 'കുട്ടുസ് ' എന്ന് വിളിച്ചു . അവളുടെ വിളി കേട്ട് താനും ശ്വേതയെ അങ്ങനെ തന്നെ വിളിക്കുവാൻ തുടങ്ങി.
രാവിലെ തന്നെ അവൾ വരും. അവൾക്ക് ഒരു ജോലിയും പറഞ്ഞു കൊടുക്കേണ്ടാ . അടുക്കളയും , ഗ്യാസും , സ്ലാബും , പാത്രങ്ങളും എല്ലാം വൃത്തിയായി കഴുകി വയ്ക്കും . ശ്വേതയുടെ പാൽ കുപ്പിയും, നിപ്പിളും എല്ലാം ചുടു വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുത്തു വയ്ക്കും . അവൾ എഴുന്നേൽക്കും മുമ്പേ തിളപ്പിച്ച വെള്ളം ആറ്റി വയ്ക്കും. അടുക്കള സ്ലാബിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ കഴുകി , തുടച്ച് വൃത്തിയായി വയ്ക്കും. ചെറിയ കുട്ടി ആയതുകൊണ്ട് താൻ അവൾക്ക് കൂടുതൽ അടുക്കള ജോലി ഒന്നും കൊടുത്തിരുന്നില്ല. പക്ഷെ എല്ലാം അവൾ അറിഞ്ഞു ചെയ്യുമായിരുന്നു . കഷ്ണം മുറിക്കുക, പദ്മ പോയാലും വീട് വീണ്ടും അടിച്ചുവാരുക , ശ്വേതയെ കുളിപ്പിച്ച് ഒരുക്കുക , ഇതെല്ലാം അവൾ നിറഞ്ഞ മനസോടെ തന്നെ ചെയ്തിരുന്നു. കുഞ്ഞിന്റെ കവിളിൽ ചുട്ടി കുത്തണം ദീദി എന്ന് പറഞ്ഞതും അവൾ തന്നെയായിരുന്നു.
ഒരു പേപ്പർ പോലും അവൾ താഴെ വീഴുവാൻ സമ്മതിക്കുകയില്ലായിരുന്നു . കുളിമുറിയിലും , അടുക്കളയിലും , കിടപ്പ് മുറിയിലും എല്ലാം ഉണ്ണിയേട്ടൻ വായിച്ച പത്രകടലാസുകൾ കാണും. ഒരു അടുക്കും ചിട്ടയുമില്ല ഉണ്ണിയേട്ടന് അതെല്ലാം അടുക്കി ടീപോയിൽ കൃത്യമായി വയ്ക്കും . താൻ തന്നെ
അതിശയിച്ചു പോയിട്ടുണ്ട് ഈ ചെറുപ്രായത്തിൽ എങ്ങനെ പഠിച്ചു ഈ കുട്ടി ഇതൊക്കെ എന്ന്!
പിന്നെ അവളുടെ കൂടെ കൂടി കുറച്ചോക്കെ ഹിന്ദി പറയാം എന്നായി. അവൾ തന്റെ കൂടെ കൂടിയ ശേഷം തനിയെ മലയാളവും പഠിച്ചു . മാർക്കറ്റിലും മറ്റും ഇപ്പോൾ അവളുടെ കൂടെ പോയി തുടങ്ങി. ആ നഗരത്തോടുള്ള പേടി പതിയെ കെട്ടടങ്ങി . ശ്വേതയെ പ്രാമിൽ ഇരുത്തി അവിടുത്തെ ഹനുമാൻ കോവിലും , കടകളും അങ്ങനെ വേണ്ടാ മുക്കും , മൂലയും അവൾ കാണിച്ചു തന്നു. അവൾക്കു അവിടുത്തെ ഇടവഴികൾ പോലും നല്ല പരിചയം ആയിരുന്നു. അവളുടെ കൂടെയുള്ള യാത്രകൾ ശ്വേതക്കും വളരെ ഇഷ്ടമായിരുന്നു . 'കുട്ടുസ്സ്' എന്ന അവൾ വിളിക്കുമ്പോൾ പല്ളില്ലാത്ത മോണകാട്ടി ശ്വേത ആഹ്ലാദപൂർവ്വം ചിരിക്കുമായിരുന്നു .
വൈകുന്നേരങ്ങളിൽ ശ്വേതയേയും കൊണ്ട് നടക്കുവാൻ ഇറങ്ങും . ആ സമയം ഫ്ലാറ്റിലെ പെണ്ണുങ്ങൾ എല്ലാം ചുറ്റും കൂടും . അങ്ങനെ ആ ഫ്ലാറ്റിൽ ഉള്ള എല്ലാവരും ആയി പതിയെ നല്ല പരിചയം ആയി.
ഒരു ദിവസം അവളോടു ചോദിച്ചു . നീ എന്താ പഠിക്കുവാൻ പോകാത്തത് എന്ന്. മൌനമായിരുന്നു അവളുടെ ഉത്തരം . നാലാം ക്ലാസ്സ് വരെ അവൾ പഠിച്ചു. പിന്നെ പഠിപ്പ് നിറുത്തി എന്ന് അവൾ പറഞ്ഞു.
ഉണ്നിയേട്ടനോടു അവളുടെ വിവരം പറഞ്ഞപ്പോൾ ഒരു ഉഴപ്പൻമട്ടായിരുന്നു . പക്ഷെ അങ്ങനെ വിട്ടു കൊടുക്കുവാൻ താൻ ഒരുക്കമായിരുന്നില്ല.
വൈകുന്നേരം താൻ തന്നെ ഇക്കാര്യം എല്ലാവരോടുമായി അവതരിപ്പിച്ചു. അവളെ തുടർന്നും പഠിപ്പികണം അത് തന്നെയായിരുന്നു
ഏവരുടേയും തിരുമാനം . അവരുടെ എല്ലാം സഹായത്തോടെയാണ് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി. ഒരു ചെറിയ തുക അവളുടെ പേരിൽ നിക്ഷേപിച്ചു . പിന്നെ അവളുടെ അമ്മയോട് കാര്യം പറഞ്ഞു. അവർക്ക് മകളെ പഠിപ്പിക്കണം എന്നുണ്ട് . പക്ഷെ അവരുടെ വരുമാനം കൊണ്ട് അത് സാധ്യമല്ല. .
ഫ്ലാറ്റിൽ താമസിച്ചിരുന്ന മിസ്സിസ് കപൂർ ' ന്യൂ ഹൊറൈസൺ ' സ്കുളിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു . അവരുടെ ശ്രമഫലമായി അവൾക്ക് ആ സ്‌കൂളിൽ തന്നെ അഡ്മിഷൻ കിട്ടി. പഠിക്കുവാൻ മിടുക്കി ആയിരുന്നു അവൾ . സ്‌കൂൾ വിട്ടു കഴിഞ്ഞും അവൾ ശ്വേതയെ കാണുവാൻ ആയി ഓടി എത്തുമായിരുന്നു . അങ്ങനെ കുറച്ചു വർഷങ്ങൾ . അതിനിടയിൽ ഉണ്ണിയേട്ടന് ട്രാൻസ്‌ഫർ ആയി. വീണ്ടും ഒരു പറിച്ചു നടൽ .പിന്നെ പലയിടങ്ങളിൽ ആയി പല വർഷങ്ങൾ . അവളെ വിട്ടു പോകുമ്പോൾ താനും കരഞ്ഞിരുന്നു.
"എന്താ മാം കരയുകയാണോ?" ലില്ലി ചോദിച്ചു.
"മകളെ ഓർത്തിട്ടാണോ കരയുന്നത്?" താൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിൽ എന്ത് പറയും . ലില്ലിയോട് ഈ അനുഭവങ്ങൾ ഒന്നും പങ്കിടേണ്ട ആവശ്യം ഇല്ലല്ലോ
പെട്ടെന്ന് റൂഹി കയറി വന്നു . അവളുടെ കൂടെ ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു. ഓമനത്തം തുളുമ്പുന്ന ഒരു നാല് വയസ്സ്കാരി . കൈയിൽ ചെറിയ ഒരു പാവ കുട്ടിയുമായി അവൾ അവിടെയെല്ലാം ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നു. അവൾ ആ ആശുപത്രിയിലെ നിത്യ സന്ദർശകയാണെന്ന് തോന്നി. അവൾ പുഞ്ചിരിക്കുമ്പോൾ നുണകുഴി ആ കുഞ്ഞു കവിളിൽ തെളിഞ്ഞു നിന്നു.
താൻ കിടക്കുന്ന കട്ടിലിൻ അരികിൽ അവൾ വന്നു നിന്നു . ഒരു പാടു മുടിയുള്ള കൊച്ചു പെൺകുട്ടി. ആ കുഞ്ഞിനെ അരികിലേക്ക് വിളിച്ചു , അവൾ ചോദിച്ചു എന്താ നിന്റെ പേര് . അവൾ മുറി മലയാളത്തിൽ പറഞ്ഞു .
'കുട്ടുസ് '
അത് കേട്ടിട്ട് ലില്ലി ചിരിച്ചു. ആ ചിരിയിൽ റൂഹിയും പങ്കു ചേർന്നു. അമ്പരന്നു അവരെ നോക്കിയപ്പോൾ റൂഹി ചോദിച്ചു .
"ദീദിക്കു എന്നെ മനസിലായില്ലേ ? ആ പഴയ ചോട്ടുവിനെ , ആ ചോട്ടുവാണ് ഞാൻ " .
തനിക്കു വിശ്വാസം വന്നില്ല! പദ്മയുടെ കൂടെ വന്ന ചോട്ടു . മുട്ടോളം മുടിയുള്ള മെലിഞ്ഞ സുന്ദരികുട്ടി . അവൾ എത്ര മാറിയിരിക്കുന്നു .
" നീ മലയാളം മറന്നില്ല അല്ലെ?". അങ്ങനെ ചോദിക്കുവാൻ ആണ് തോന്നിയത് .
"ഇല്ല ദീദിയല്ലേ എന്നെ മലയാളം പഠിപ്പിച്ചത് , പിന്നെ എങ്ങനെ മറക്കാനാ! "
ഡോക്ടറുടെ അസ്വാഭാവികത നിറഞ്ഞ ഈ സംസാരം കേട്ടിട്ട് ലില്ലിക്ക് ഒന്നും മനസിലായില്ല.
അവൾ ലില്ലിയെ നോക്കി പറഞ്ഞു
"ഈ ദീദി കാരണം ആണ് ഞാൻ ഡോക്ടർ റൂഹിയായത് . നന്നായി പഠിക്കണം എന്ന് ആദ്യം ഉപദേശിച്ചതു ദീദിയാ, ദീദിയെ പോലെ തന്നെ പലരും,. അവരുടെ എല്ലാവരുടെയും സഹായം അത് ഒരിക്കലും മറക്കുവാൻ കഴിയില്ല.
അത് കൊണ്ട് തന്നെ വാശി ആയിരുന്നു. നന്നായി പഠിക്കണം . ജീവിതത്തിൽ എന്തെങ്കിലും ആയി തീരണം എന്നൊക്കെ. എൻട്രൻസ് എക്സാം കഴിഞ്ഞപ്പോൾ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടി. ഞാൻ പലരോടും ദീദിയെ പറ്റി ചോദിച്ചു. അനുഗ്രഹം വാങ്ങുവാൻ . പക്ഷെ അപ്പോഴേക്കും പലരും ആ ഫ്ലാറ്റിൽ നിന്നും പോയി കഴിഞ്ഞിരുന്നു. സ്കോളർഷിപ്പ് ഉണ്ടായിരുന്നു , പിന്നെയും പലരും സഹായിച്ചു . പേര് അറിയാത്ത ഒരു പാടു പേർ. " അവളുടെ കണ്ണുകൾ നിറഞ്ഞു .
"ഞാൻ ഇവിടെ ചാർജ് എടുത്തിട്ടു ഇപ്പോൾ രണ്ടു വര്ഷം ആയി . എൻ്റെ ഹസ്ബെന്റ് മലയാളിയാണ് . ഇന്ന് ദീദിയെ ഡിസ്ചാർജു ചെയുന്നു "
എന്തോ പറയുവാൻ തുടങ്ങിയ അവരുടെ ചുണ്ട് പഴയ ചോട്ടുവിന്റെ ഭാവത്താൽ അവൾ പൊത്തി. ശ്വേത പതിയെ വന്നാൽ മതി. അതുവരെ ദീദി ഇനി എൻ്റെ കൂടെയാ. അല്പം അധികാര സ്വരത്തിൽ തന്നെ അവൾ പറഞ്ഞു.
അവൾ അവരുടെ കൈ പിടിച്ചു. അവരുടെ കണ്ണുകളും നനഞ്ഞോ ?
അവൾ പഠിച്ചു ഡോക്ടർ ആയി എന്നുള്ളത് കൊണ്ടല്ല. അതിനുപരി അവരുടെ എല്ലാം എളിയ പ്രയത്‌നം ഇങ്ങനെ ഒരു ജീവിതം തന്നെ മാറ്റി മറിക്കും എന്ന് ഒരു പക്ഷെ അന്ന് അവർ ആരും കരുതിയിട്ടുണ്ടാവില്ല . മറ്റുള്ളവരുടെ വേദന മനസിലാക്കുവാൻ കഴിയുന്നവൾക്കെ ഒരു നല്ല ഡോക്ടർ ആകുവാൻ കഴിയുകയുള്ളൂ . റൂഹിക്ക് അതിനു കഴിയും . കാരണം ഒരു പാടു പേരുടെ
നല്ല മനസിൻ്റെ അടിത്തട്ടിൽ നിന്നും കണ്ടെടുത്ത വറ്റാത്ത നീരുറവയല്ലേ അവൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ