2017, നവംബർ 3, വെള്ളിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്


വാസുവേട്ടന്റെ  മുറുക്കാൻ കടയ്ക്കു സമീപം   എത്തിയപ്പോൾ അവർ വണ്ടി നിറുത്തി.  ഇടത്തോട്ടും , വലത്തോടുമായി    തിരിയുന്ന വീഥി. റോഡ് എന്ന് പറയുവാൻ കഴിയില്ല. സൂക്ഷിച്ചു   നോക്കിയാൽ  പണ്ടെങ്ങോ ടാർ ചെയ്തു എന്ന് തോന്നിപ്പിക്കുന്ന കറുപ്പ്  നിറത്തിൻ അവശിഷ്ടം മാത്രം.  മഴക്കാലമാകാത്തതു ഭാഗ്യം നടുവിൽ തന്നെ വലിയ ഒരു കുഴി.,ചുറ്റിനും അതുപോലെ സമാനമായ അനേകം കുഴികളും , പൊട്ടി പൊളിഞ്ഞ റോഡിന്റെ അവശിഷ്ടങ്ങളും കാണാം . കാറിൽ പോകുന്ന ആരോ ഒരാൾ എറിഞ്ഞ മാലിന്യപൊതി നടുറോഡിൽ അരികെ കാണാം . ഇനി എങ്ങോട്ടു പൊകണം .     ചോദ്യ ചിഹ്നം പോലെ കൊരുത്തി നിൽക്കുന്ന ഇടവഴിയിലൂടെ പോകണമോ അതോ ഇനിയും മുന്നോട്ടു തന്നെ പോകണമോ. റോഡിൽ എങ്ങും ആരെയും കാണുവാൻ പോലും കഴിയുന്നില്ല. വല്ലാത്ത  ഒരു മൂകത  തളം കെട്ടി നിൽക്കുന്നു .കാറിൽ നിന്ന് വന്ന ആൾ  ഇറങ്ങി വാസുവേട്ടന്റെ കടയുടെ മുന്നിൽ എത്തി.   ചെറിയ ഒരു പെട്ടി കട. പഴുത്ത പാളയൻകുടം പഴക്കുല  മുമ്പിലത്തെ കമ്പിയിൽ തൂക്കിയിട്ടിട്ടുണ്ട് . മനോരമ വരികയും,   അർത്ഥ നഗ്ന മേനി കാണിച്ച പ്രശസ്ത തെന്നിന്ത്യൻ നായികയുടെ ചിത്രം പതിപ്പിച്ച സിനിമ വരികയും വരി വരിയായി തൂക്കി ഇട്ടിരിക്കുന്നു . ചെറിയ കടയാണെങ്കിലും അത്യാവശം വേണ്ട  സാധനങ്ങൾ എല്ലാം ആ  കടയിൽ ഉണ്ട്. സോപ്പ്, ചീപ് , ബ്രെഡ് , പാൽ , മുട്ട , ചായ പൊട്ടി, സർഫ് , ചൂൽ  , ഹാർപിക്  ഇങ്ങനെയുള്ള എല്ലാം ആ പലചരക്കുകടയിൽ ലഭ്യമാകും .

കാറിൽ നിന്നിറങ്ങിയ ആൾ വാസുവേട്ടനോടായി ചോദിച്ചു , "ഇന്നലെ മരിച്ച ആ സുമിത്തിന്റെ  വീട് എവിടെയാ ?  "     വഴി ചോദിച്ചു മനസിലാക്കിയ  ശേഷം അയാൾ ആ വഴിയേ കാർ  ഓടിച്ചു പോയി.

സാധനം വാങ്ങാൻ വന്ന കുമാരനോടായി വാസുവേട്ടൻ പറഞ്ഞു.  ഏതോ ചാനിലിൽ  നിന്നാണ് എന്ന് തോന്നുന്നു .  ക്യാമറയും തൂക്കിയുള്ള ആ പെണ്ണിന്റെ ഇരിപ്പു കാറിൽ  കണ്ടില്ലേ?  വരവ് കണ്ടാൽ അറിയാം.  ഇതിപ്പോൾ നാലാമത്തെ കൂട്ടരാ  ആ വീട് അന്വേഷിച്ചു  വരുന്നത് .  ഇനി ഒന്ന്  കച്ചവടം കൊഴുക്കും ." വാസുവേട്ടൻ ഉഷാർ ആയതു പോലെ തോന്നി.

പുഷ്പചക്രം അർപ്പിക്കുവാനും , അനുശോചനം അറിയിക്കുവാനുമായി അനേകം ആളുകൾ  ആ വീട്ടിൽ വന്നുകൊണ്ടേയിരുന്നു.  മുറിയിൽ വെള്ള തുണിയിൽ മുടി അവന്റെ ശവശരീരം . വെള്ള തുണിയിൽ രക്തക്കറ പടർന്നിരിക്കുന്നു . പൊട്ടിപൊളിഞ്ഞ തറയിൽ ആണ് ആ മൃതദേഹം കിടത്തിയിരുന്നത് . രണ്ടുമുറിയുള്ള ആ വീട്ടിൽ അതിൽ കുടുതൽ ആഡംബരം പ്രതീക്ഷിക്കുവാൻ കഴിയില്ലല്ലോ .ഒരു വെള്ള തുണി കെട്ടു  കൊണ്ട് തലയും , താടിയും കെട്ടി വച്ചിരിക്കുന്നു .  വെട്ടും , കുത്തും കൊണ്ട് വികൃതമായ മുഖം. ആരോ പറയുന്ന കേൾക്കാമായിരുന്നു കൈയും , ഉടലും എല്ലാം വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു എന്ന്.  നെൽ മണികൾ തീർത്ത ദീർഘ വൃത്താകൃതിയിൽ  ഉള്ള കളത്തിൽ ആണ് അവനെ കിടത്തിയിരിക്കുന്നത്. തല  ഭാഗത്തായി ഒരു എണ്ണ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു .     ആരൊക്കെയോ ഇരുവശത്തുമായി ചമ്രം പടിഞ്ഞും , ഭിത്തിയോട് ചാരിയും ഇരിക്കുന്നു. ഒരു കോണിലായി സുമിത്തിന്റെ 'അമ്മ ആരുടെയോ മടിയിൽ കിടന്നു  എന്തോ പുലമ്പി കരയുന്നു. അവർ സ്വബോധത്തിൽ അല്ല എന്ന് തോന്നി. ഇടയ്ക്കിടെ മോഹാലസ്യപെടുകയും , പിന്നെബോധം വരുമ്പോൾ കണ്ണീർ വാർത്തു ഉച്ചത്തിൽ  വീണ്ടും കരയുകയും ചെയുന്നു .  അവരുടെ അരികിലായി സുമിത്തിന്റെ  അനുജത്തി  സുമിതിയും ഇരിപ്പുണ്ട് .  കരഞ്ഞു , കലങ്ങിയ കണ്ണുകളുംമായ അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ  ഉഴലുന്നു ബന്ധുക്കൾ  .

പതിനാലു വർഷങ്ങൾക്കു  മുമ്പ്  ഇതേ സംഘത്തിലെ ആക്രമികൾ കൊലപ്പെടുത്തിയ  കിനാശേരിയിലെ സ്വകാര്യ ബസ് ഡ്രൈവർ സുകുമാരന്റ്റെ   ഏക മകനെയാണ് പിണറായിയിൽ വച്ച്  അക്രമികൾ കുത്തി കൊലപ്പെടുത്തിയിരുന്നത് .  രാവിലെ ബസ് കാത്തു നിൽകുമ്പോൾ ആയിരുന്നു  ബൈക്കിൽ എത്തിയ  അക്രമിസംഘം വടിവാൾ കൊണ്ട് കഴുത്തിന് വെട്ടി സുമിത്തിനെ മൃഗീയമായി കൊലചെയ്തത്.  അവന്റെ പന്ത്രണടാം വയസിൽ ഇതേ പാർട്ടിയുടെ ഗുണ്ടകളാൽ അറുകൊല ചെയ്യപ്പെട്ട പിതാവിന്റെ ചിതയ്ക്ക് തീക്കൊളുത്തേണ്ടിവന്ന മകനാണ് സുമിത്ത്. 

അച്ഛന്റെ വീട് കിനാശേരിയിലായിരുന്നെങ്കിലും അമ്മവീടായ പിണറായിയിലുള്ള  വീട്ടിലാണ് അമ്മ സരോജിനിയും,   സഹോദരി സുമിതിയോടുമൊപ്പം അവൻ താമസിച്ചിരുന്നത്. അകാലത്തില്‍ പിതാവിനെ നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ മകന് അമ്മയുടെയും സഹോദരിയുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നതിനാലാണ് ഡ്രൈവിംഗ് പഠിക്കുകയും അച്ഛന്റെ വഴിയെ ഡ്രൈവറായി ജോലി ചെയ്യാന്‍ തീരുമാനിച്ചതും.

അമ്മയുടെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു അവൻ. കൊലചെയ്യപ്പെട്ട അച്ഛന്റെ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു എന്നല്ലാതെ ഒരു പെറ്റിക്കേസുപോലും ഈ ചെറുപ്പക്കാരന്റെ പേരിലില്ല. എന്നിട്ടും മന്ത്രിയുടെ  തന്നെ സ്വന്തം  മണ്ഡലവും , പാര്‍ട്ടിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന പിണറായിയില്‍ പല ഭീഷണികളും നേരിട്ടാണ് ആ കുടുംമ്പം അതുവരെ കഴിഞ്ഞത്. എതിർ അനുഭാവിയെപ്പോലും ജീവിക്കാനനുവദിക്കില്ലെന്ന പാർട്ടി മാടമ്പി തിട്ടൂരത്തിന് മുന്നില്‍ മുട്ടുമടക്കാതെ അധ്വാനിച്ച് അമ്മയേയും സഹോദരിയേയും പോറ്റുകയായിരുന്നു സുമിത്ത്‌.

ഇത് തന്നെയാണ്  അസഹിഷ്ണുതക്ക് കാരണവും. നേരത്തേ പലതവണ ഈ വീടിന് നേരെ പാർട്ടിക്കാർ , അല്ലെങ്കിൽ പാർട്ടി തീറ്റി പോറ്റുന്ന  ഗുണ്ടകൾ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ പിതാവിന്റെ തന്റേടം തനിക്കുമുണ്ടെന്ന ആത്മവിശ്വാസം മാത്രം കൈമുതലാക്കി പിന്‍തിരിഞ്ഞോടാത്ത സുമിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം 
അവൻ പ്രിയപ്പെട്ടവനായിരുന്നു.സ്വന്തം ബാധ്യത വ്യക്തമായറിയാവുന്ന സുമിത്തിന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സമയം ലഭിച്ചിരുന്നില്ല. അവരുടെ  ഒരു പ്രവർത്തകൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനാൽ അതിനുള്ള മറുപടിയായിരുന്നു ഈ ആരും കൊല.  ഇതിലൊന്നും യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടാണ് സുമിത് ഏകനായി അവന്റെ ഗർഭിണിയായ സഹോദരിക്ക് വേണ്ടി മരുന്ന് മേടിക്കുവാനായി പോയത്. ബസ്‌സ്റ്റോപ്പില്‍ ബസ് കാത്ത് നിന്നത്.  എന്നാല്‍ നേരത്തെ തന്നെ പാർട്ടി  നേതൃത്വം ഗൂഢാലോചന നടത്തിയ കൊലപാതകം യാതൊരു പാളിച്ചയുമില്ലാതെ അവര്‍ക്ക് നടപ്പിലാക്കാനും കഴിഞ്ഞു. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും ഇപ്പോള്‍ മകനെയും വെട്ടിക്കൊലപ്പെടുത്തിയ പാർട്ടിയുടെ  കാടത്തത്തിന് മുന്നില്‍ ആർക്ക് എന്ത് സമാധാനമാണ് ആ അമ്മയുടെ മുന്നിൽ നിരത്തുവാൻ കഴിയുക. ആർക്കാണ് അവരെ ഒന്ന് ആശ്വസിപ്പിക്കുവാൻ കഴിയുക. "എന്നെയും കുടി  കൊല്ലുവാൻ പാടില്ലായിരുന്നോ"  എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകേണ്ടവർ ആരാണ്?

ഇവിടെ നഷ്ടം കുടുംബത്തിന് മാത്രമാണ് .ചത്തവനും , അവന്റെ കുടുംബത്തിനും മാത്രം. വേണമെങ്കിൽ പാർട്ടിക്ക് പറയാം രക്തസാക്ഷി എന്ന്. ബാക്കിയുള്ളവർക്കെല്ലാം ആഘോഷമാണ് . അവർക്കു ഒന്നും നഷ്ടപെട്ടിട്ടില്ലല്ലോ,  ഒരു കൊലപാതകവും ന്യായീകരിക്കുവാൻ കഴിയുന്നതല്ല. അത് ഏതു പാർട്ടിയുടെ ആയാലും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്കിലും ജനങ്ങൾ ഒരുമിച്ചു നിൽകേണ്ടതല്ലേ . ഇതുപോലെയുള്ള സംഭവങ്ങൾ  മലയാളിയുടെ മനസിൽ ഉളവാകുന്ന  ചിന്തകൾ  ഇനിയും ഇതാവർത്തിക്കട്ടെ  എന്നല്ലേ? ഇത് പോലെയുള്ള കൊലപാതകങ്ങങ്ങൾ ഉണ്ടെന്നാൽ അല്ലെ  നമുക്ക് ഹർത്താൽ പൊടി പൊടിക്കുവാൻ പറ്റുകയുള്ളൂ  ഗുണ്ടകളും , കൊട്ടേഷൻ സംഘങ്ങളും  രാഷ്ട്രീയ നപുംസകങ്ങളും  നീണാൾ വാഴട്ടെ. 
ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ മലയാളിക്ക് ഇനിയും അഭിമാനിക്കുവാൻ രക്തസാക്ഷികളും അതേറ്റുടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭാഗ്യം ഉണ്ടാവട്ടെ.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ