2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

സർപ്പദോഷം (കഥ)


പരമു നായരുടെ ചായ കടയിൽ ഇരുന്നു പുട്ടും, കടലയും, പപ്പടവും  കൂട്ടി  കുഴച്ച് കഴിക്കുകയായിരുന്നു ഉലഹന്നാൻ .  ആ നാട്ടിൻപുറത്തെ പ്രമുഖ ചായ പീടികയാണ് പരമു നായരുടെ കട . പ്രാതലിനു പുട്ടും,  ഇടിയപ്പവും  , ദോശയും ഇഡ്ഡ്ലിയും ആണ് അവിടുത്തെ ഭക്ഷണവിവരപ്പട്ടികയിൽ ഉൾപെടുത്തിയിരുന്നു . ഭക്ഷണവിവരപ്പട്ടിക എന്ന് വച്ചാൽ ഇന്ന് 'സ്പെഷ്യൽ' എന്ന് പലകയിൽ ഈ ഭക്ഷണ സാധനങ്ങൾ   എഴുതി വച്ചിട്ടുണ്ട്. നാളെത്തെ ദിവസവും ഇന്നത്തെ സ്പെഷ്യൽ എന്ന് പറഞ്ഞു ഇതേ പുട്ടും, ഇഡ്ഡ്ലിയും, ദോശയും.ഇടിയപ്പവും   കാണപ്പെടും.

അവിടെ നടക്കുന്ന സകലമാന സംഭവങ്ങളുടെയും മൊത്തത്തിൽ ഉള്ള വിതരണകാരനാണ് പരമു നായർ . പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു . കള്ളിമുണ്ടും , വെള്ള ബനിയനുമാണ്  സ്ഥിരം  വേഷം.  ചെവിയിൽ എപ്പോഴും മുറി ബീഡി കരുതി വച്ചിട്ടുണ്ടാകും . നെറ്റിയിൽ ഭസ്മകുറി. പരാമനായരുടെ ഭാര്യ വനജാക്ഷിയും , മകൾ മല്ലികയും ചായക്കടയിൽ സഹായിയായി ഉണ്ട് . മല്ലിക ഒരു മധുര പതിനേഴുകാരിയാണ് . പത്തിൽ തൊറ്റു  പഠിത്തം  നിറുത്തിയിരിക്കുകയാണ് .  ആ ചായക്കടയിലെ നിറ സാനിധ്യം ആണ് മല്ലിക.  ജോലിയില്ലാത്ത സമയം  മനോരമയിലെ നോവലുകൾ വായിച്ചു രസിക്കും. ലോറിക്കാരൻ നോബിളിനെപോലെ ഒരുത്തൻ വരും,  അവൻ തന്നെ മിന്നു  കെട്ടി കൊണ്ടുപോകും എന്നവൾ  വെറുതെ ദിവാ സ്വപ്നം കാണും.  ഉഴുന്ന് അരയ്ക്കുന്നതും , പാത്രം കഴുകുന്നതും , അങ്ങനെയുള്ള അകത്തെ പണികൾ  കൈകാര്യം ചെയുന്നത് വനജാക്ഷിയും , പാറുവമ്മയും ആണ് . വനജാക്ഷിയുടെ സഹായിയാണ് പാറുവമ്മ . 'സപ്ലയർ   കം  കാഷ്യർ'   ആണ് പരമു നായർ . കൂട്ടിനു സഹായിയായി മല്ലികയും ഉണ്ടാകും . മല്ലിക  കടയിൽ ഉണ്ടെങ്കിൽ രണ്ടു ചായ കുടുതൽ ചിലവാകും എന്നുള്ള വിവരം നായർക്കുണ്ട് .  രാവിലെ ഏഴുമണി തൊട്ട്  പത്തുമണിവരെ കടയിൽ ആളുകൾ വന്നും പോയും ഇരിക്കും.   പിന്നെ  ഉച്ചക്ക് ഊണിനുള്ള കുറച്ചു പേർ . നവകേരളം സ്‌കൂളിലേ ചില അധ്യാപകർ അവിടെ വന്നു മാസ പറ്റിൽ ഊണ് കഴിച്ചിട്ട് പോകും. വൈകുന്നേരം  വടയോ,  പഴം പൊരിയോ, സുഖിയനോ ആ കണ്ണാടി ചില്ല് അലമാരയിൽ പ്രത്യക്ഷപ്പെടും. രാത്രി ഊണില്ല. ഏഴുമണിയാകുമ്പോൾ പരമു നായർ കടയടച്ചു വീട്ടിലേക്കു  നടക്കും.

ചൂടുള്ള വാർത്തകളും , പുത്തൻ വിശേഷങ്ങളും  പരമു നായരുടെ കടയിൽ ചായക്ക്‌  കടിയായി  ലഭിക്കും.  നാട്ടിൻപുറത്തെ സകലമാന  വിശേഷങ്ങളും ഇവിടെ    ലഭ്യം.  രണ്ടു കുട്ടികളുടെ  അമ്മയായ  ഗോമതി , അപ്പൂട്ടൻ നായരേ വിട്ടു കറവക്കാരൻ ഗോപാലന്  ഒപ്പം പോയതും,  പള്ളിയിലെ കവർച്ചപെട്ടി  മോഷണ ശ്രമവും ,  ബാലേക്കു മണ്ഡോദരി വേഷം കെട്ടേണ്ട സൗദാമിനി  മരചീനി കച്ചവടക്കാരൻ   വറീതുമായി ഒളിച്ചോടിയതും , ശ്രീലതാ  കൊട്ടകയിൽ  വന്ന പുതിയ  നസീറിന്റെ സിനിമയെ കുറിച്ചും എല്ലാം ഇപ്പോഴും ഇവിടുത്തെ വിശേഷ ങ്ങൾ ആണ്. ഇതെല്ലം വിവരിച്ചാലും വിവരിച്ചാലും  പരാമനായർക്കു ഇരിക്കപ്പൊറുതിയില്ല.

ചായ കുടിക്കുന്ന ഉലഹന്നാനെ നോക്കി പരമു നായർ ചോദിച്ചു . "അല്ല ഉലഹന്നാനെ നിങ്ങൾ അറിഞ്ഞില്ലേ  നമ്മുടെ കുറുപ്പ് മാഷ്  ജോലി മാറി പോവുകയാണ് ."

"അതിനു മാഷിന് നവകേരളം സ്‌കൂളിലെ ജോലിയല്ലേ  , പിന്നെ എങ്ങനെ മാറ്റം കിട്ടുവാൻ ?".

കുറുപ്പ് മാഷ് അവിടുത്തെ മലയാളം വാദ്ധ്യാര് ആണ് . ആളൊരു ശുദ്ധൻ ആണ് .  കറുത്ത , പൊക്കം കുറഞ്ഞ നല്ല കുടവയറുള്ള സാർ ആടി  ആടി  പതിയെ  നടന്നു വരുമ്പോൾ  തോന്നുന്നു കാൽ പന്ത് ഉരുണ്ടു വരുന്നപോലെയാണ് .   അതുകൊണ്ടു മാഷിനെ തെമ്മാടി കുട്ടികൾ വിളിക്കുന്നത് 'പന്താടി ' എന്നാണ് . ഭാര്യ ലളിതാംബികയും, മകൾ സരോജവും, മകൻ ചന്ദ്രശേഘരനുമായി മാഷ്  അവിടെ   താമസിക്കുന്നു .  ഇരുപത്തി രണ്ടു  വർഷങ്ങൾക്കു  മുമ്പാണ് മാഷ് ഈ കരയിൽ മലയാളം വാധ്യാർ  ആയി വരുന്നത് . അന്ന് പരമു നായരുടെ ചായക്കടപോലും അവിടെയില്ല.    പുള്ളിക്കാരന്റെ നാട് അങ്ങ്   കിഴക്കാണ്‌ . ഇപ്പോൾ ഈ നാട്ടിലെ തന്നെ ഒരാളെപോലെയാണ് നാട്ടുകാർ കുറുപ്പ് മാഷിനെ കാണുന്നത് . സ്വന്തം നാട് ഇവിടെയല്ലാത്തതിനാൽ പുള്ളിക്കാരൻ ഒരു വാടക വീട്ടിലാണ് താമസം. ഇനി പെൻഷൻ പറ്റുവാൻ രണ്ടോ , മൂന്നോ കൊല്ലം കൂടി കാണും.

മാഷിനെ   പരമു നായർക്കും വലിയ കാര്യം ആണ്.  ഇരുന്ന് ഇരുപ്പിൽ ഒരു മുപ്പതു ഇഡ്ഡ്ലി  വരെ മാഷ് തിന്നും.  ചട്ണിയും , ഇഡ്ഡ്ലിയും ആണ് മാഷിന്റെ കോമ്പിനേഷൻ .  അതിനിടയിൽ തുള്ളി വെള്ളം കുടിക്കുകയില്ല.    വെള്ളം കുടിച്ചാൽ വിശപ്പു മാറും , പിന്നെ ഇഡ്ഡ്ലി കഴിക്കുവാൻ പറ്റുകയില്ല എന്ന് മാഷ് പറയും. ഒരു ദിവസം ഇരുപത്തി അഞ്ചു ഇഡ്ഡ്ലി കഴിഞ്ഞപ്പോൾ  ചട്ണി തീർന്നു പോയി.  സാമ്പാർ ഉണ്ട്  മാഷെ എന്ന് പരമു നായർ പറഞ്ഞു എങ്കിലും  മാഷ് വിഷാദവാനായി   എഴുനേറ്റു.  എന്നിട്ടു പറഞ്ഞു സാംബാർ കുട്ടി അല്ല ഇഡ്ഡ്ലി കഴിക്കേണ്ടത് . അത്  ചട്ണി കുട്ടി തന്നെ വേണം എന്ന്.  അങ്ങനെയുള്ള മാഷ് ആണ് ആ നാട് വിട്ടു പോകുവാൻ തുടങ്ങുന്നത് .

"അപ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമല്ലോ പരമു നായരേ;,"

 കൈ കഴുകിയ ശേഷം മുണ്ടിൻ  തലപ്പ് കൊണ്ട്   മുഖം തുടക്കവേ ഉലഹന്നാൻ ചോദിച്ചു.

"അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ കാര്യം  ഇല്ലാതിരിക്കുമോ "   പരമു നായർ ഒന്നും തൊടാതെ പറഞ്ഞു.

"എന്നാ  താൻ പറ "  , ഉലഹന്നാൻ  മൊഴിഞ്ഞു.

പരമു നായർ പറയുവാൻ ആരംഭിച്ചു

"നമ്മുടെ സ്‌കൂളിലെ  രസതന്ത്രം പഠിപ്പിക്കുന്ന സുമതി ടീച്ചർ ഇല്ലേ ; അവരുമായി കുറുപ്പ് സാറിന് ചെറിയ ഒരു അടുപ്പം.  അതിപ്പം സാറിന്റെ പെം മ്പ്രന്നോത്തി അറിഞ്ഞു. അവരുടെ വീട്  ഒരു ഇന്ത്യയും, പാക്സിതാനുമായി മാറി."   അത് കേട്ട ചായ കുടിക്കുവാൻ ഇരുന്ന ചട്ടുകാലൻ   ശങ്കുണ്ണി പറഞ്ഞു.  കള്ളുചെത്താണ്  ശങ്കുണ്ണിയുടെ കുലത്തൊഴിൽ.  ആ ചട്ടുകാലും  വച്ച് ശങ്കുണ്ണി ഒരു അണ്ണാനെ പോലെ വേഗത്തിൽ തെങ്ങിൽ വലിഞ്ഞു കയറും.

"ഇല്ലാ വചനം പറയല്ലേ  നായരേ ...  വെറുതെയല്ല നിങ്ങളെ 'കുടുംബം കലക്കി' എന്ന് പറയുന്നേ " .  കുലത്തൊഴിൽ ചെത്താണെങ്കിലും ശങ്കുണ്ണി മനുഷ്യപ്പറ്റുള്ളവനാ   .

എന്തോന്ന് , ഇല്ലാവചനം ,  ഈ പരമു പറഞ്ഞ ഏതെങ്കിലും സംഭവങ്ങൾ ഇവിടെ സം ഭവിക്കാതിരുന്നിട്ടുണ്ടോ , അപ്പോൾ ഇതും സംഭവിക്കും . വെറുതെയാണോ  മാഷ് വാടക വീട് ഒഴിഞ്ഞു പോകുന്നത് "

ശങ്കുണ്ണി  ഇടയിൽ കയറി പറഞ്ഞു.

"ഉലഹന്നാനെ  ,    അതൊന്നുമല്ല സംഭവം.  നമ്മുടെ സുമതി ടീച്ചർ സൊസെറ്റിയിൽ നിന്ന് കുറച്ചു പണം  എടുത്തിരുന്നു . ടീച്ചറുടെ  അച്ഛന്റെ  അസുഖം പ്രമാണിച്ചു . അവധി കഴിഞ്ഞിട്ടും ആ തുക  കൊടുക്കുവാൻ ടീച്ചറിന് കഴിഞ്ഞില്ല . കുറച്ചു രൂപ ടീച്ചറുടെ കൈയിൽ ഉണ്ടായിരുന്നു .  ബാക്കി തുക വായ്‌പയായി  മാഷ്  സുമതി ടീച്ചറിനു വേണ്ടി കൊടുത്തു . ഒരു സഹായം . ഈ നാട്ടുകാർക്ക്  കുറുപ്പ് സാറിനെ അറിയാത്തത് ഒന്നുമല്ലല്ലോ .  പിന്നെ അങ്ങേരു ഒരു കുഴപ്പം കാണിച്ചു.  പുള്ളിക്കാരൻ അത് അങ്ങേരുടെ ഭാര്യയോട് പറഞ്ഞില്ല .  ഭർത്താവ് വേറെ ഏതെങ്കിലും സ്ത്രീയെ  സഹായിച്ചു അതും പണം കൊടുത്തു്  എന്നറിഞ്ഞാൽ ഏതെങ്കിലും ഭാര്യ സമ്മതിക്കുമോ . \മുപ്പ ത്തിയാര്  അതെങ്ങെനയൊ അറിഞ്ഞു.  ഇങ്ങനെയുള്ള വിഷയത്തെ പാട്ടാക്കുവാൻ അല്ലെങ്കിലും നാട്ടാർക്ക് ഉത്സാഹം ഏറുമല്ലോ.  അത് പരമു നായർക്കും കൂടിയുള്ള ഒരു കൊട്ടയിലൊരുന്നു . ശങ്കുണ്ണി തുടർന്നു .  അവരതു കാര്യമായി എടുത്തു .  അല്ലെങ്കിലും മുപ്പരത്തിയുടെ  സ്വഭാവം ഈ നാട്ടിൽ ആർക്കാ അറിയാൻ മേലാത്തത് . അവർ ഇതിനെ ഒരു ഭൂകമ്പമാക്കി . അതാണ് സംഭവം"

ശങ്കുണ്ണി പറഞ്ഞു   നിറുത്തി.

എന്തായാലും ഇപ്പോൾ മാഷ്  ഇവിടം വിട്ടു പോവുകയാണെന്ന് സത്യമല്ലേ . അതല്ലേ ഞാനും പറഞ്ഞുള്ളൂ .

അത് ശരിയാ , അങ്ങേരു നാട്ടിലേക്ക് പോവുകയാ, അവിടെ അടുത്തുള്ള സ്‌കൂളിൽ മാഷിന് ജോലി കിട്ടി .  മാഷ്ടെ അമ്മയ്ക്കും തീരെ വയ്യ. അല്ലാതെ  ഈ നായര് പറയും പോലെയല്ല കാര്യങ്ങൾ "

അപ്പോഴാണ് ഉലഹന്നാന്റെ മനസിൽ ഉണ്ണിയപ്പം പൊട്ടിയത് .  പരമു നായരോടായി അയാൾ ചോദിച്ചു .

"മാഷ് പോകും എന്ന് ഉറപ്പാണോ " 

"പിന്നല്ലാതെ , വീട് ഇന്നലെ ഒഴിഞ്ഞു."     ആ അവറാച്ചൻ എന്നോട് പറഞ്ഞു വല്ല വാടകക്കാർ ഉണ്ടെങ്കിൽ ഒന്ന് പറയണമേ  എന്ന്.  " പരമുനായർ പ്രസ്താവിച്ചു .

ഉലഹന്നാനു നമ്പീശനുമായുള്ള സംഭാഷണശകലങ്ങൾ ഓർമ വന്നു.    അയാളുടെ അറിവിൽ നമ്പീശൻ ഇപ്പോൾ താമസിക്കുന്നത് നാലാമത്തെ വീട് ആണ് .  വിവാഹം കഴിച്ചിട്ടില്ല . ചെറുപ്പക്കാരൻ . സുന്ദരൻ , സുമുഘൻ . എണ്ണ മയമുള്ള മുടി കുരുവിക്കൂട് പോലെ വയ്ക്കും. ടെറികോട്ടൺ  ഷർട്ടും , ബെൽ  ബോട്ടം പ്യാൻസും ആണ് വേഷം  കുട്ടിക്കുറ പൗഡർ ഇട്ടു  വെളുത്ത മുഖം പാണ്ടു  പിടിച്ച പോലെ വെളുപ്പിക്കും.  എന്നിട്ടു നാട്ടുകാർ കാണെ ആ വേഷത്തിൽ അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായി സവാരി നടത്തും ,.  പിന്നെ ഒരു കുഴപ്പം എന്ന് പറഞ്ഞാൽ ഇടക്കിടെ ഇങ്ങനെ വീട് മാറണം . അതിനെല്ലാം നമ്പീശന്റെ കൈയിൽ നികുത്താൻ ആവാത്ത കാരണങ്ങൾ ഉണ്ട് . ഇപ്പോൾ താമസിക്കുന്ന വീട് നല്ല അസ്സൽ  വീട് ആണ്. വായനശാലക്ക് അടുത്തു , ഇടത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് . ചെത്തിയും,    ബൊഗൈൻ വില്ലയും, സീനിയയും നിര നിരയായി പൂത്തു നിൽക്കുന്നു . വെടിപ്പുള്ള  മുറ്റം. അത്ര പഴയതു എന്ന് പറയുവാൻ കഴിയില്ല. നീല പെയിന്റ് അടിച്ച ഗേറ്റ് കടന്നാൽ കാണാവുന്ന ഓടിട്ട വീട് . അവിടെയാണ് കക്ഷിയുടെ താവളം .

കഴിഞ്ഞ തവണ കണ്ടപ്പോൾ നമ്പീശൻ പറഞ്ഞ കാര്യങ്ങൾ ഉലഹന്നാൻ  വീണ്ടും ഓർത്തെടുത്തു .  " എനിക്ക് ഈ വീട് മാറണം , ഇവിടെ ശരിയാവില്ല.

" അതെന്താ : "    എന്ന ചോദ്യത്തിന് നമ്പീശൻ തന്ന മറുപടി ,  "ഇവിടെ പ്രേത ശല്യം ഉണ്ടത്രേ;"

ഉലഹന്നാനു ചിരി വന്നു.   അത് കണ്ടു നമ്പീശൻ പറഞ്ഞു .

"ചിരിക്കേണ്ട ഞാൻ പറഞ്ഞത് സത്യമാ,  ചില സമയങ്ങളിൽ രാത്രിയിൽ ആരോ ഇതിലൂടെ നടക്കുന്നത് പോലെ എനിക്ക് തോന്നും. അടുക്കളയിൽ നിന്നും പാത്രങ്ങൾ തന്നെ താഴെക്ക്  വീഴും. കാളിങ് ബെൽ അടിച്ചതായി തോന്നും, പക്ഷെ ചെന്ന് നോക്കുമ്പോൾ അവിടെ ആരും ഉണ്ടാകില്ല. ഒരു മനസ്സമാധാനവും ഇല്ല എനിക്ക് ഈ വീട് ശരിയാവില്ല. "

അപ്പോഴും ഉലഹന്നാനു ചിരിക്കുവാനാണ് തോന്നിയത് . പക്ഷെ അയാൾ ചിരിച്ചില്ല.  അയാൾ പറഞ്ഞു. .

" തനിക്കു തോന്നുന്നതാവാം . താൻ ഒറ്റയ്ക്കല്ലേ  അപ്പോൾ  ഇങ്ങനെയൊക്കെ തോന്നും.  ഇത് 'ഹാലൂസിനേഷൻ' ആണ് . ഇല്ലാത്തതു ഉണ്ടെന്നുള്ള തോന്നൽ "

"പാത്രങ്ങൾ തന്നെ വീഴുന്നത്  ഇല്ലാത്തത്‌  ഉണ്ടെന്നുള്ള തോന്നലിൽ നിന്നാണോ  "  നമ്പീശന് ദേഷ്യം വന്നു.  .  ബാത്‌റൂമിൽ പോകുമ്പോൾ വാതിലിൽ  സാക്ഷ  തന്നെ വീഴുന്നു.  പിന്നെ കുറെ നേരം കഴിയുമ്പോൾ വാതിൽ തുറക്കുവാൻ കഴിയും. ഇതെല്ലം ഞാൻ ആനുഭവിച്ചതാണ് .  അയാൾ വളരെ ഗൗരവപൂർവം പറഞ്ഞു."

ഉലഹന്നാനു തോന്നി, ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ടെന്നു . പക്ഷെ ഒന്നും പറഞ്ഞില്ല .

" കുറച്ചു നേരത്തിനു  ശേഷം നമ്പീശൻ പറഞ്ഞു. ഈ വീട്ടിൽ ആരോ തുങ്ങി മരിച്ചിട്ടുണ്ട്. അയാളുടെ ആത്മാവ് ഗതിയില്ലാതെ അലയുന്നതാ ."  ഒരു  ശാസ്ത്ര'ജ്ഞൻ  കണ്ടെത്തിയ  രഹസ്യത്തെ അയാൾ  അനാവരണം ചെയ്തു.

കുറച്ചു നാളുകൾക്കു  ശേഷം നമ്പീശൻ കുറുപ്പ് മാഷ് താമസിച്ച വീട്ടിലേക്കു മാറി.  വീടും പരിസരവും നമ്പീശന് നന്നായി ബോധിച്ചു എന്ന് തോന്നി.  പറമ്പും, കുളവും, കാവും ചേർന്ന  പഴമയുടെ അന്തരീക്ഷം പുകയുന്ന  വീട് .
നിങ്ങൾ ഒരു  സൗന്ദര്യ ആസ്വാദകൻ ആണെങ്കിൽ അവിടുത്തെ തോപ്പിൽ പല പക്ഷികളെയും നിരീക്ഷിക്കുവാൻ കഴിയും. വളരെ അപൂർവമായി കാണുന്ന സൂചിമുഖി  കുരുവി മുതൽ, ഉപ്പൻ , വേഴാമ്പൽ ,  തത്ത , അണ്ണാൻ മുതലായ ഇനങ്ങളെ അവിടെ കാണുവാൻ കഴിയും. പക്ഷെ ഇതൊക്കെ ആസ്വദിക്കുവാൻ ഒരു മനസുണ്ടാകണം  എന്ന് മാത്രം.

വീട് മാറി കഴിഞ്ഞ ശേഷം  ഉലഹന്നാൻ പറഞ്ഞു. ഇനി താൻ  എന്നെ ബുദ്ധി മുട്ടിക്കരുത് . വർഷങ്ങൾ ആയി കുറുപ്പ് മാഷും , കുടുംബവും താമസിച്ച വീടാണ് ഇത് . ഇവിടെ നിങ്ങൾക്ക് ഒരു മനസമാധാന കുറവും ഉണ്ടാകാൻ  പോകുന്നില്ല."

കുറെ നാളുകൾ കഴിഞ്ഞു . ഒരു ദിവസം നമ്പീശനെ ചായക്കടയിൽ  വച്ച് കണ്ടപ്പോൾ അയാൾ പരിഭവം പോലെ പറഞ്ഞു.

" താൻ എന്ത് വീടാണ് മാഷെ  എനിക്ക് തന്നത്"

ഉലഹന്നാൻ ചോദിച്ചു " എന്ത് പറ്റി "

"ആ വീടിനു പുറകിൽ സർപ്പകാടണ്"

"അതിനു ", ഉലഹന്നാൻ ചോദിച്ചു .

"അവിടെ  താമസിക്കുവാൻ കൊള്ളില്ല . അവിടെ താമസിച്ചാൽ  സർപ്പദോഷം സംഭവിക്കും, സർപ്പ
ദോഷമുണ്ടായാൽ സന്തതി പരമ്പരകൾ കഷ്ടത അനുഭവിക്കും , കൂടാതെ  ചർമരോഗങ്ങൾ , മാനസിക പീഡ  എന്നിവയുണ്ടാകാം  "    ഏതോ ഒരു മുറി ജോത്സ്യൻ പറഞ്ഞ വാക്കുകൾ അതുപോലെ നമ്പീശൻ വിളമ്പി

ഉലഹന്നാനു ശരിക്കും ദേഷ്യം വന്നു .

"അതിനു താൻ വിവാഹിതൻ അല്ലല്ലോ, പിന്നെ സന്തതികൾക്കു എന്ത്  ദോഷം വരുവാനാണ് ."

"അല്ല ഞാൻ വിവാഹം കഴിക്കുമല്ലോ . അപ്പോൾ കുട്ടികൾക്ക് പ്രശ്നമാകില്ലേ"

നമ്പീശന്റെ സംശയം നിഷ്കളങ്കമായിരുന്നു .

ഉലഹന്നാൻ ഒന്നും മിണ്ടിയില്ല.

"നമ്പീശൻ വീണ്ടും ചോദിച്ചു ,  താൻ എന്താ ഒന്നും മിണ്ടാത്തെ "

അയാൾ അപ്പോൾ ചിന്തിച്ചത് നമ്പീശന്റെ അച്ഛനെയും , അമ്മയെയും കുറിച്ചായിരുന്നു.  നമ്പീശൻ  ചായ കുടിച്ചു  പോയി കഴിഞ്ഞപ്പോൾ പരമു നായർക്കു ആവേശമേറി .   "അര  നമ്പീശൻ"  അയാൾ ഉറക്കെ പറഞ്ഞു.

ഉലഹന്നാൻ ചോദിച്ചു , "അര  നമ്പീശനോ "

"പിന്നല്ലാതെ " ,   പരമു നായർ പറഞ്ഞു , അവനെ മുഴുവനായി കാണുവാൻ കഴിയുമോ . എവിടെയോ ഒരു പിരി ഇളകിയിട്ടില്ലേ . അതുകൊണ്ട് ഇനി മുതൽ  നമ്പീശൻ 'അരനമ്പീശൻ' ,   എന്ന പേരിൽ അറിയപ്പെടും.

നാമ  നിർവഹണം നടത്തിയ   ശേഷം  പുതിയ കഥ  ഇനി എങ്ങനെ നാട്ടിൽ പാട്ടാക്കും എന്ന ചിന്തയായിരുന്നു പരമു നായർക്ക് .



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ