2015, ഡിസംബർ 28, തിങ്കളാഴ്‌ച

സ്വാതിതിരുനാളിന്‍ കാമിനീ (കഥ)



ഹരീന്ദ്രന്റെ  ഫോണ്‍  വന്നപ്പോൾ ഞാൻ പാട്ട് കേട്ട് കൊണ്ടിരിക്കുകയായിരുന്നു .   രാവിലെ പ്രാതൽ കഴിച്ച  റൊട്ടി കഷ്ണത്തിൻ അവശിഷ്ടങ്ങൾ  പ്ലേറ്റിൽ തന്നെയുണ്ട് . തീൻ മേശ പുറത്തായി ഇന്നത്തെയും, ഇന്നലത്തേയും പത്രം കിടപ്പുണ്ട് . ഇന്ന് ഞായറാഴ്ചയാണ്.  അതുകൊണ്ടുതന്നെ ഫ്ലാറ്റ്  വൃത്തിയാക്കുവാൻ ഇന്ന് പയ്യൻ വരികയില്ല. സീനയ്ക്ക്  കണ്ണൂരിലേക്ക് ട്രാൻസ്ഫർ ആയതു കൊണ്ട്  സീന അവിടെയും ഞാൻ ഇവിടെയും ആയി കഴിയുന്നു .

കഴിഞ്ഞ ആഴ്ച കണ്ണൂരിലേക്ക് പോയതാ. ഇന്നലെ വൈകുന്നേരം പോകുവാൻ ഇരുന്നതായിരുന്നു. ആഴ്ച്ചകളിൽ  അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായുള്ള   യാത്രകൾ.  ചിലപ്പോൾ സീന  ഇവിടേക്ക് വരും, അല്ലെങ്കിൽ   ഞാൻ അങ്ങോട്ടേക്ക് പോകും . ഇന്നലെ വിളിച്ചപ്പോൾ ഇടറിയ ശബ്ദം തിരിച്ചറിഞ്ഞു സീന പറഞ്ഞു 

 "നാളെ അച്ചായൻ വരേണ്ട . ബസിൽ ഇരുന്നു കാറ്റ് അധികം കൊണ്ട് ജലദോഷം വരുത്തേണ്ടാ."  

മേശ പുറത്തു ഇരുന്ന വിൽസിൻ പാക്കറ്റ് തുറന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു . പുക ചുരുളുകൾ  ഇരുൾ മൂടിയ മുറിയിൽ വിലയം പ്രാപിക്കുന്നു . ചാനലുകൾ മാറ്റുന്നതിൻ ഇടയിൽ മിന്നായം പോലെ കണ്ടു .ടി. വി യിൽ   "ഹൃദയരാഗം" . റിമോട്ടിൽ നിന്നും  കൈ വിരലുകൾ എടുത്തു മാറ്റി .


ഭാവഗായകനായ ജയചന്ദ്രന്റെ മനോഹര സ്വരം..


സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണര്‍ത്തിയ സംഗമമോഹിനീ..



ദക്ഷിണ മൂർത്തി സ്വാമിയും ,

ശ്രീകുമാരൻ തമ്പിയും ചേർന്ന് സമ്മാനിച്ച

അനശ്വരമായ ഗാനം.  ആ ഗാനത്തിൽ ലയിച്ചിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത് . അല്ലെങ്കിലും  അനവസരത്തിൽ നമ്മെ ബുദ്ധിമുട്ടികുവാൻ ആണല്ലോ ഈ 

മൊബൈൽ കണ്ടു പിടിച്ചിരിക്കുന്നത് .


നോക്കിയപ്പോൾ ഹരീന്ദ്രൻ ആണ്. അതല്ലേ ഞാൻ ആദ്യം  പറഞ്ഞത് പാട്ട് കേട്ടിരിക്കുമ്പോൾ  ആണ് ഹരിയുടെ ഫോണ്‍ വന്നുത് എന്ന്. 


എന്താ ഹരി എന്ന് ഞാൻ അവനോടു ചോദിക്കും മുന്നേ അവൻ പറഞ്ഞു , 

"തോമാച്ചാ നീ വേഗം ഒരുങ്ങി വാ. നമുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം ."

 ഞാൻ ചോദിച്ചു . "എവിടെ " 

"അതെല്ലാം പറയാം . നമ്മുടെ അനുപിന്റെ ഒരു കാര്യത്തിനാ . ഞാൻ പതിനഞ്ചു മിനുട്ടിനുള്ളിൽ നിന്റെ വീട്ടിൻ മുന്നിൽ എത്തും ."  എന്ന് പറഞ്ഞു ഹരീന്ദ്രൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.    


ഞാൻ എന്റെ രൂപം കണ്ണാടിയിൽ നോക്കി . ഷേവ് ചെയ്തിട്ടില്ല. കുളിച്ചിട്ടില്ല , ടോയിലറ്റിൽ പോയിട്ടില്ല. കുളിച്ചില്ലെങ്കിലും കുഴപ്പം ഇല്ല.  ഷേവ് ചെയ്യാതെ ഇറങ്ങുവാൻ കഴിയില്ല. അവിടെ അവിടെ ആയി നരച്ച രോമങ്ങൾ മുഴച്ച് നിൽക്കുന്നു . ഗ്ലാമർ മൊത്തം പോകും. അത്   കൊണ്ട് ഷേവിങ്ങ്  ഉപേക്ഷിക്കാതെ ,  കുളിയും , ബാക്കി പരിപാടികളും വേണ്ട എന്ന്  തന്നെ വച്ചു.  

അനുപും , ഹരീന്ദ്രനും, ഞാനും പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ചവർ . ഹരീന്ദ്രൻ ഫസ്റ്റ് ഗ്രൂപ്പിലും,  അനുപ് ഫോർത്ത് ഗ്രൂപ്പിനും ചേർന്നു . ഇത് രണ്ടിനും അഡ്മിഷൻ കിട്ടാത്ത ഞാൻ തേർഡ്  ഗ്രൂപ്പ്  എടുത്തു .  കാലം ഹരീന്ദ്രനെ ഒരു 
എഞ്ചിനീയർ ആക്കി. അനുപ്   അറിയപെടുന്ന ഒരു ചാർട്ടേർഡ്  അക്കൗണ്ടന്റ് ആയി. "പഠിക്കുവാൻ ബഹുമിടുക്കനായ ഞാൻ  പ്രീ ഡിഗ്രി കടന്നുകൂടിയപ്പോൾ  പത്രത്തിലെ ഒരു ഇന്റർവ്യൂ   വാർത്ത കണ്ടു.  എയർ ഫോർസിൽ .    വിജയകരമായി  ആ കടമ്പ കടന്നു  ഞാൻ  "എയർ മാൻ"  ആയി എയർഫോഴ്സിൽ ചേർന്നു.  അവിടെ  പതിനഞ്ച് വർഷങ്ങൾ . അത് കഴിഞ്ഞു ഞാൻ VRS എടുത്ത് നാട്ടിൽ തിരിച്ചെത്തി . ഇപ്പോൾ ഇവിടെ ഒരു  കമ്പനിയിൽ സെക്യൂരിറ്റി ഓഫീസർ  ആയി ജോലി ചെയുന്നു. 

അനുപിന് വലിയ ഒരു ഓഫീസ്  തന്നെയുണ്ട്.  അവന്റെ കീഴിൽ ആറേഴു പേർ ജോലി ചെയുന്നുമുണ്ട്.  എന്റെ മനസ്സിൽ ഉദിച്ച ചോദ്യം അപ്പോൾ അനുപിന്റെ പ്രശ്നം എന്താണ് എന്നായിരുന്നു?

ഇനി അവൻ വല്ല സാമ്പത്തിക ക്രമ കേടുകളിൽ വല്ലതും പെട്ടിടുണ്ടാകുമോ? അനുപിനെയും , ഹരിയും ഇപ്പോൾ കണ്ടിട്ട് തന്നെ മാസങ്ങൾ ആകുന്നു .  ഇടയ്ക്ക് വല്ലപ്പോഴും ഒക്കെ ഒന്ന് വിളിക്കും എന്നല്ലാതെ പഴയപോലെയുള്ള കൂടി കാഴ്ച്ചകൾ അങ്ങനെ പതിവില്ല. എല്ലാവർക്കും തിരക്കാണ് . ആഴ്ചകളിലെ   രണ്ടു ദിവസം അങ്ങൊട്ടെക്കും , ഇങ്ങോട്ടേക്കും ഉള്ള നെട്ടോട്ടത്തിൽ എവിടെ പഴയ കൂട്ടുകാരെ കാണുവാൻ നേരം. 

ഇപ്പോൾ ഇങ്ങനെ ഹരി വിളിച്ചു പറയുവാൻ കാരണം എന്തായിരിക്കും. പണ്ടും ഹരി ഇങ്ങനെ തന്നെ ആയിരുന്നു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ വിളിക്കും . ഒരു "സെക്കന്റ്‌ക്ലാസ്സ്‌ "  കാരന്റെ അനുഭവ ജ്ഞാനമോ , വീക്ഷണമോ  ഒരിക്കലും ഒരു ഫസ്റ്റ് ക്ലാസ്സ്‌ കാരനോ, അല്ലേൽ റാങ്ക് ഹോൾഡറിനോ ഉണ്ടാകില്ല. അതും കുടാതെ വഷളത്തരങ്ങൾ ആവശ്യത്തിൽ ഏറെ ഉള്ളതിനാലാകാം  ഏതു  പ്രശ്നങ്ങൾക്കും പരിഹാരം എന്റെ കൈയിൽ ഉണ്ടായിരുന്നു. 

അപ്പോഴേക്കും താഴെ  ഹരിയുടെ കാറിന്റെ ഹോൺ മുഴുങ്ങി. പ്യാനട്സ്  ഇട്ട ശേഷം , തല ഒന്ന് ചീകി എന്ന് വരുത്തി.  ആഴ്ച്ചകൾക്കു മുമ്പ്  കാലിയായ ഡിയോഡ്രന്റ്  കുപ്പി  നെഞ്ചിനോടും , കക്ഷത്തിനോടും  ചേർത്തമർത്തി  ഞെക്കി. പിന്നെ  അയയിൽ നിന്നും ഷർട്ട് എടുത്തു അണിഞ്ഞു. വാതിൽ പൂട്ടി  എന്ന് ഉറപ്പ് വരു
ത്തിയ ശേഷം , പേഴ്‌സ്  കീശയിൽ തിരുകി  ഇറങ്ങി. നടന്നു . ഷർട്ടിന്റെ കൈ  തെറുത്തു കയറ്റുകയും ,  ബട്ടൻസ് ഇടുകയും ഇതിനോടകം കഴിഞ്ഞിരുന്നു. 

ഹരിയുടെ കറുത്ത 'വാഗൺ R' എന്നെ കാത്ത് താഴെ കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി പറഞ്ഞു , "

വാ ,  പോകാം  ". 

 ഞാൻ കയറിയ ശേഷം  ഹരി കാർ സ്റ്റാർട്ട്‌ ചെയ്തു. വളവു കഴിഞ്ഞു പതിയെ അവന്റെ കാർ മെയിൻ റോഡിലേക്ക് കയറി. ഞായർ ആഴ്ച   ആയത്‌ കൊണ്ട് നിരത്തിൽ വലിയ  തിരക്ക് അനുഭവപെട്ടില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഹരി ചോദിച്ചു.

"സീനയുണ്ടോ ഫ്ലാറ്റിൽ" . 

"ഇല്ല ഇന്നലെ അങ്ങോട്ടേക്ക്  പോകാൻ  ഇരുന്നതാ ,  ചെറിയ ഒരു ജലദോഷം . അതുകൊണ്ടു പോയില്ല "

ഹോണ്‍ അടിച്ചു കൊണ്ട് പിറകെ വരുന്ന സുപ്പർ ഫാസ്ടിനു  സൈഡ്  കൊടുത്ത ശേഷം ഹരി ചൂയിംഗത്തിൻ ഡബ്ബ എനിക്ക് നേരെ നീട്ടി . ഒരു ചൂയിംഗം എടുത്ത നുണഞ്ഞ ശേഷം ഞാൻ ചോദിച്ചു 

"എന്താ ഹരി, അനുപിന്റെ പ്രശ്നം? "

കാറിന്റെ AC അല്പം കൂട്ടിയ ശേഷം അവൻ എന്നോടു പറയുവാൻ തുടങ്ങി. " അനുപിന്റെയും , രേണുകയുടെയും പ്രണയ വിവാഹം തൊട്ടുള്ള കാര്യങ്ങൾ നിനക്കു അറിയാമല്ലോ ."

"വിവാഹത്തിന് മുമ്പേ എനിക്കവരെ അറിയാമല്ലോ. ഞാൻ രേണുവിനെ  വളയ്ക്കാൻ നോക്കിയിട്ട് സീൻ കീറിയത് അല്ലെ."

ഞാൻ ഒരു  വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. 

"അവരുടെ ഒടുക്കത്തെ പ്രണയം ആയിരുന്നല്ലോ. ഒരു ഒന്ന് ഒന്നര പ്രണയം. "

ഞാൻ ഇത്രയും പറഞ്ഞിട്ടും ഹരി ചിരിച്ചില്ല. 
അസ്ഥാനത്ത്‌  തമാശ പറയുന്ന പോലെ എന്നെ അവൻ ദഹിപ്പിച്ചു നോക്കി. 

"അവര് തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. അത് സംസാരിക്കുവാനാ നമ്മൾ പോകുന്നത്." 

 എന്റെ  ഈശോയെ  എന്ന്  പറഞ്ഞു ഞാൻ വാ പൊളിച്ചു ഇരുന്നു പോയി. ഷാരുഖ് ഖാനേയും , കാജലിനേയും പോലെ   ഒരേ കോളേജിൽ  പഠിക്കുമ്പോൾ , പ്രണയിച്ചു നടന്നവർ . അനൂപ് എങ്ങനെ രേണുവുമായി പ്രണയത്തിൽ ആയി? കാരണം രേണുവിനെ ഞാനും പ്രണയിച്ചിരുന്നല്ലോ . 

'കോളേജ് ഡേ' പരിപാടിയിൽ രേണുകയുടെ ന്യത്തം ഉണ്ടായിരുന്നു.  "കൃപയാ പാലയ ശൌരേ , കരുണാ രസ വാസാ " സ്വാതി തിരുനാൾ കൃതി . അന്നത്തെ അവളുടെ നടനം എനിക്ക് ഇപ്പോഴും ഓർമ്മ യുണ്ട്. അത് കണ്ടിട്ട് തന്നെ ആയിരിക്കും അനുപും അവളെ പ്രണയിച്ചത് .  അവനും നന്നായി പാടുമായിരുന്നല്ലോ . അതായിരിക്കാം അവരെ തമ്മിൽ അടുപ്പിച്ചത് .

ഏതൊരു പെൺകുട്ടിയെ കണ്ടാലും അവളോട്‌ ഇഷ്ടം തോന്നുക എന്ന സ്വഭാവ സവിശേഷത എന്നിൽ ഉടലെടുത്ത കാലമായിരുന്നു അക്കാലം . അതുകൊണ്ട്കൂടിയാകാം, രേണുകയെ ഞാനും പ്രേമിക്കുവാൻ ആരംഭിച്ചു.ഞാൻ രേണുകയെ പ്രേമിക്കുന്ന വിവരം  ഹരിയോടും, അനുപിനോടും പറഞ്ഞിരുന്നു . അന്ന് അനുപ് പറഞ്ഞ 
വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട് .

"ഞങ്ങൾ ഇരിക്കുമ്പോൾ ഒരു നായര് കൊച്ചിനെ അങ്ങനെ ഒരു നസ്രാണി കയറി പ്രണയിക്കേണ്ടാ . "

ഇന്നാണെങ്കിൽ   "അസഹിഷ്‌ണുത" എന്ന പദം ഉപയോഗിക്കാമായിരുന്നു . എന്ത് ചെയ്യാം അന്നത്തെ നിഘണ്ടുവിൽ ആ പദം ഇന്നത്തെ പോലെ അത്ര പ്രശസ്തമായിരുന്നില്ല . ചാരു അല്ലെങ്കിൽ ചിരുത എന്ന് പറയുന്ന പോലെ   രേണു അല്ലെങ്കിൽ മറ്റൊരാൾ എനിക്ക് അത്രയേ ഉണ്ടായിരുന്നൂള്ളൂ. അങ്ങനെ ഞാൻ  രേണുവിന്  പകരം എലിസബത്തിനെ കണ്ടെത്തി . 


കോളേജ്  ഡേ  കഴിഞ്ഞിട്ട്   ഒരു ദിനം അനുപ് ഞങ്ങളോട് പറഞ്ഞു. എടാ ഇന്ന് ഒരു സംഭവം ഉണ്ടായി . എന്ത് സംഭവം ഹരിയും , ഞാനും ഒരുമിച്ച്  ചോദിച്ചു?

"ഇന്ന് രേണു എന്നോടു ഒരു കാര്യം ചോദിച്ചു ,

അനുപിനോടു ഞാൻ " ഇഷ്ടമാണ്  " എന്ന് പറഞ്ഞാൽ നീ അത് തമാശയായി എടുക്കുമോ അതോ കാര്യം ആയി തന്നെ എടുക്കുമോ ?"

"നീ എന്ത് പറഞ്ഞു അതിനുള്ള മറുപടി" . 

അവൻ  പറഞ്ഞു.
" ഞാൻ തമാശയായി കരുതും എന്ന്."

 ഞാൻ ഇടക്ക് കയറി പറഞ്ഞു. 

" കളഞ്ഞു . "ഇതാണ് എറിയുവാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ല എന്ന് പറയുന്നത് ."

അവൻ ഒന്ന് നിറുത്തിയ ശേഷം പറഞ്ഞു .

"ഞാൻ അങ്ങനെ പറഞ്ഞപ്പോൾ രേണുവിന്റെ  മുഖം വാടി."

 കുറച്ചു കഴിഞ്ഞപോൾ ഞാൻ പറഞ്ഞു ...


“Because I know, you don’t like me ….. I know you love me;”  


ഞാൻ  ഹരിയെ നോക്കി പറഞ്ഞു ."

"ചെക്കൻ പുരോഗമിച്ചു !"


ഹരി  ഇറങ്ങാം എന്ന് പറഞ്ഞപോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് . കാർ അനുപിന്റെ ഓഫീസിൽ പാർക്ക്‌ ചെയ്തിരിക്കുന്നു . അന്ന് ഞായറാഴ്ച ആയതിനാൽ ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല.  വാതിൽ തുറന്നു ഞങ്ങൾ അകത്തു പ്രവേശിച്ചു . കുറെ അലമാരകൾ അതിലെല്ലാം കുറെ ഏറെ ഫയലുകൾ .  അനുപ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ഞങ്ങൾ അവനു  അഭിമുഖമായി ഇരുന്നു. അനൂപ്  എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി.  ഞാൻ ഇരുന്ന ശേഷം ചുറ്റും ഒന്ന് നോക്കി. എന്നെ നോക്കി അനുപ് പറഞ്ഞു 

"ഹരി എല്ലാ വിവരവും പറഞ്ഞിട്ടുണ്ടാകുമല്ലോ, അല്ലെ ."   അവൻ വളരെ വ്യസനത്തോടെയാണ് സംസാരിച്ചത് . അണ്ടി കളഞ്ഞ അണ്ണാനെ പോലെയുള്ള മൂകഭാവം .

അതിനു മറുപടി എന്നോണം ഞാൻ ചോദിച്ചു.

"എന്താ അനുപ് പ്രശ്നം . നിങ്ങൾ എങ്ങനെ കഴിഞ്ഞിരിന്നുതാ ? രേണു ഇല്ലാതെ ജീവിക്കുവാൻ പറ്റില്ല എന്ന് പറഞ്ഞത് നീ തന്നെയല്ലേ."

അനുപ് ഒന്ന് മന്ദഹസിച്ചു എന്ന് വരുത്തി . പിന്നെ പറഞ്ഞു.

"പ്രേമിക്കുന്ന പോലെയല്ലല്ലോ ജീവിതം. ഞങ്ങൾക്കിടയിൽ ഒരു പാടു പ്രശ്നങ്ങൾ , പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ .  ആകെ മടുത്തു. ഡിവോർസിന് അപ്ലൈ ചെയുവാൻ ഞാൻ തീരുമാനിച്ചു ."

ഉറച്ച തീരുമാനത്തോടെയാണ് അനുപ് ആ വാക്കുകൾ ഉരുവിട്ടത്.

ഹരി  ഇടയ്ക്ക് കയറി പറഞ്ഞു . 

"നീ ചാടി കയറി ഒന്നും ചെയേണ്ട . എല്ലാം നമുക്ക് ആലോചിച്ച് തീരുമാനിക്കാം."

"ഇല്ല,  ഇനി കുടുതൽ ആലോചിക്കുവാൻ ഒന്നും ഇല്ല. ഞാൻ ശരിക്കും ആലോചിച്ച ശേഷം ആണ് ഈ തീരുമാനത്തിൽ എത്തിയത് . അവൾ വല്ലാതെ പൊസസ്സിവ് ആണ്. പണ്ട് പ്രേമിച്ച നടന്ന പോലെ ഇപ്പോഴും നടക്കണം എന്ന്   ശാഠ്യം  പിടിച്ചാൽ .
ഞാൻ അവളെ കെയർ ചെയുന്നില്ല എന്നൊക്കെ പറയുന്നു.  എന്റെ ജോലിയുടെ അവസ്ഥ അവൾ മനസിലാക്കുവാൻ ശ്രമിക്കുന്നില്ല. 

ഞാൻ  ആരോടും അധികം സംസാരിക്കുവാൻ  പാടില്ല . എന്നെ അവളുടെ സാരി തുമ്പിൽ  കെട്ടി ഇടണം, അതാണ് അവളുടെ വിചാരം . എന്നെ മോശക്കാരൻ  ആകുവാൻ വേണ്ടി അവൾ അവളുടെ അച്ഛനോട് പറഞ്ഞു എനിക്ക് വേറെ ഒരു   ബന്ധം ഉണ്ട് എന്ന് വരെ . എന്നെയും  എന്റെ സെക്രട്ടറിയെയും ചേർത്ത് അപവാദം പറഞ്ഞു പരത്തി."

ഒരു ഗ്യാപ്  കിട്ടിയപ്പോൾ  ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു.

"എന്താ അങ്ങനെ വല്ലതും ഉണ്ടോ". 

എന്നെ ദേഷ്യത്തോടെ  നോക്കിയിട്ട് ഹരി പറഞ്ഞു നിന്റെ സ്വഭാവം പോലെ അല്ല അനുപിന്റെത് .   ഇതൊന്നും ശ്രദ്ധിക്കാതെ അനുപ് പറഞ്ഞു കൊണ്ടേ ഇരുന്നു.  

"ഒരു ദിവസം ഓഫീസിൽ വന്നും അവൾ വലിയ ബഹളം  ഉണ്ടാക്കി. എല്ലാവരുടെയും  മുമ്പിൽ ഒരു വിഡ്ഢിയെ പോലെ എനിക്ക് തല കുനിച്ചു നിൽക്കേണ്ടി വന്നു .  
ഞാൻ  കഷ്ടപെടുന്നതും ബുദ്ധിമുട്ടുന്നതും അവൾക്കും കൂടി ആണെന്നുള്ള ചിന്ത പോലും അവൾക്കില്ല ."


അവനെ മുഴുവനും പറയുവാൻ അനുവദിക്കാതെ ഹരി പറഞ്ഞു . 

"എടാ പ്രശ്നങ്ങൾ ഇല്ലാത്തവർ  ആരാണ് . ഞാനും ദീപയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ട്. പക്ഷെ അത് കുറച്ചു കഴിഞ്ഞാൽ അങ്ങ് മാറും . ഇതിനൊക്കെ വിവാഹ മോചനം ആണോ ഒരു പരിഹാരം . അല്ലെ തോമാച്ചാ , എന്നെ നോക്കി ഹരി പറഞ്ഞു."

അത് വരെ മിണ്ടാതിരുന്ന ഞാൻ പറഞ്ഞു . 

"അനുപ് , നീ എന്തായാലും വിവാഹ മോചനത്തിനു തീരുമാനിച്ചില്ലേ . ധൈര്യമായി  ആ കരാർ  ഒപ്പിട്ടോളു . ഹരിയും , അനുപും എന്നെ  വല്ലാതെ നോക്കി. ഞാൻ ശാന്തനായി പറഞ്ഞു . ആ പേപ്പർ നീ   കൈയിൽ വച്ചോളു. ഇനി നിങ്ങൾ തമ്മിൽ ഇത് പോലെ  ഒരു പ്രശ്നം വരികയാണെങ്കിൽ നീ ഒട്ടും മടിക്കാതെ അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചേക്കണം. 

വേണമെങ്കിൽ  രണ്ടാകാം . അതിൽ  കൂടരുത് .  . പിരിയാൻ തീരുമാനിച്ചതല്ലേ . അപ്പോൾ അതും നല്ല ഒരു "എവിഡനസ്"   ആകും . 

ഒന്ന് പൊട്ടിച്ചതിന് ശേഷം നീ ഒപ്പിട്ട വിവാഹ മോചന കരാർ   അവളെ കാണിക്കുക. എന്നിട്ട് സമാധാനത്തോടെ നിങ്ങൾ പിരിഞോളു."  

എന്നെ കൊണ്ടുവന്നത്  തന്നെ അബദ്ധമായി എന്ന 
മട്ടിൽ  ഹരി എന്നെ ചുളിഞ്ഞുനോക്കി .

ഹരിയെ നോക്കി ഞാൻ പറഞ്ഞു .

"ഈ ചീള് കാര്യം സംസാരിക്കുവാനാണോ വളരെ അത്യാവശ്യം ആണെന്ന് പറഞ്ഞു  നീ എന്നെ വിളിപ്പിച്ചത്. മര്യാദക്ക് രണ്ടു സ്മാൾ അടിക്കേണ്ട സമയത്താ . "

ബാക്കി ഞാൻ മുഴുമിപ്പികും മുമ്പേ ഹരി എന്റെ വായ്‌ പൊത്തി .

ഈ സംഭവം നടന്ന ശേഷം ഇപ്പോൾ അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  അനുപിന്  വീണ്ടും ഒരു അവസരം രേണു കൊടുക്കുകയും ,  ഞാൻ പറഞ്ഞ പോലെ കിട്ടിയ അവസരം മുതലാക്കി  അനുപ്  രേണുവിന്റെ  കരണത്തടിക്കുകയും ചെയ്തു.  അന്നേ ദിവസം   അവിടെ വച്ച് തന്നെ അവൻ അവളെ പിരിയുകയാണെന്ന്  അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു,

പക്ഷെ  അതോടെ അവരുടെ പ്രശ്നം "മാന്നാർ മത്തായി സ്പീക്കിങ്ങിൽ"  ജനാർദനൻ , പറഞ്ഞ പോലെ "എല്ലാം കോംപ്ലിമെന്റ്റ്‌"  ആയി തീരുകയും ചെയ്തു .  സുഖകരമായ പരിണാമത്തിൻ അവസാനം അവൻ എന്നെ വിളിച്ചു  നന്ദി രേഖപെടുത്തുകയും ചെയ്തു. 

പക്ഷെ ഇപ്പോൾ ഞാനും ഹരിയും തമ്മിൽ കണ്ടാൽ മിണ്ടുകയില്ല.  അതിനും ഒരു കാരണം വേണ്ടേ?.  എന്നാൽ കേട്ടോളു . ഹരിയും , ദീപയും തമ്മിൽ ഒരു ദിനം പൊരിഞ്ഞ വഴക്ക് . അറ്റ കൈക്ക് ഹരി ഞാൻ പറഞ്ഞ "ഉപായം"  അങ്ങട് നടപ്പിൽ വരുത്തി . ദീപയുടെ കരണം നോക്കി ഹരി കണക്കിന് ഒന്ന് പൊട്ടിച്ചു. പക്ഷെ അത് ഒരു ഒന്ന് - ഒന്നര കൊടുപ്പ് ആയിരുന്നു.  എന്തായാലും അവരുടെ കാര്യം അതോടെ ശരിയായി . ഇപ്പോൾ "ഡിവോർസിന്"   രണ്ടു പേരും ചേർന്നു ഹർജി സമർപ്പിച്ചിരിക്കുകയാണ് .

നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റുകയുള്ളൂ , അല്ലാതെ പിന്നെ ......


    



  

      












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ