2015, ഡിസംബർ 28, തിങ്കളാഴ്‌ച

വിൽക്കാനുണ്ട് സ്വപ്നങ്ങൾ


നട്ടുച്ച നേരത്ത് തൊടിയിലെ കിണറ്റിൽ നിന്നും വെള്ളം കോരി തലയിൽ ഒഴിച്ചു കുളിക്കുന്ന അഭയൻ . തോർത്ത് മാത്രം അരയിൽ ചുറ്റി  പതിനഞ്ചോ, ഇരുപതോ ബക്കറ്റ് വെള്ളം തലയിൽ ഇങ്ങനെ ഒഴിച്ചു കൊണ്ടേ ഇരിക്കും . ഒരു യന്ത്രത്തെ പോലെ...  അഭയനിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത് . ഇന്നേരത്ത് ഇത് പോലെ ഒരു കുളി അവന് പതിവുള്ളതാണ് . പറമ്പിൽ നിന്നും കയറും മുമ്പേ ഒന്ന് കുളിക്കണം , അത് കഴിഞ്ഞേ  അവൻ ഉച്ച ഭക്ഷണം കഴിക്കുകയുള്ളൂ . അവനും , അമ്മ ഭവാനി അമ്മയും അതാണ് അവന്റെ കുടുംബം .  എട്ടാം ക്ലാസിൽ തോറ്റ് ഇനി  പഠിക്കണമോ വേണ്ടയോ  എന്ന് തിരുമാനിച്ചു ഉറപ്പികേണ്ട സമയത്ത് ആയിരുന്നു അച്ഛന്റെ മരണം. അതുകൊണ്ട് അവന്റെ തിരുമാനം അവൻ നടപ്പിൽ വരുത്തി. എട്ടാം ക്ലാസോടെ പഠിപ്പ് ഉപേക്ഷിച്ചു..

അവനും , അമ്മയ്ക്കും കുടി കഴിയുവാൻ ഉള്ള വക ആ അമ്പത് സെന്റ്‌ ഭുമിയിൽ നിന്നും കിട്ടും . വീട്  കഴിഞ്ഞ ബാക്കി ഉള്ള സ്ഥലം മുഴുവനും അവൻ കൃഷി ഇറക്കിയിട്ടുണ്ട് . കപ്പ, വാഴ , കവുങ്ങ്, തെങ്ങ് , വെണ്ട , വഴുതിന, മുളക് , തക്കാളി, അച്ചിങ്ങ, ജാതി, കുരുമുളക്  മുതലായവ എല്ലാം അവന്റെ തൊടിയിൽ ഉണ്ട്. ഇതൊക്കെയാണെങ്കിലും അഭയൻ ഒരു കഥയില്ലാത്തവൻ ആണെന്നാണ് ഭവാനി അമ്മയുടെ  അഭിപ്രായം. ഇങ്ങനെ ഒരു തിരു മണ്ടൻ തന്റെ വയറ്റിൽ വന്നു ജനിച്ചുവല്ലോ എന്ന് അവർ അവനോടു വഴകിടുമ്പോൾ പരിഭവിക്കും . ഇങ്ങനെ യുള്ള  പരിഭവം പറച്ചിലും , ശകാരവും അവരുടെ ജീവിതത്തിൽ പതിവുള്ളതാണ് . അവൻ  അതൊന്നും കാര്യം ആകാറില്ല. അല്ലെങ്കിൽ അതെല്ലാം കേട്ട് അവന്റെ  കാത്  തഴമ്പിച്ച് കാണും.

നാട്ടിൻ പുറം ആയതു കൊണ്ട് എല്ലാവരെയും അവനെ പരിചയം ഉണ്ട്. എങ്കിലും അവന്റെ ആത്മാർത്ഥ സ്നേഹിതൻ കേശവൻ കുട്ടിയാണ് . അവനെ പോലെ തന്നെ എട്ടിൽ തോറ്റ്‌  പഠിത്തം നിറുത്തിയ  വ്യക്തിത്വം  തന്നെയാണ് കേശവൻ കുട്ടിയുടെതും. കേശവൻ കുട്ടിക്ക് ഒരു പെട്ടി ഓട്ടോറിക്ഷ  യുണ്ട് . അതിൽ അവൻ  കായ് കുലകളും , പച്ച കറികളും ഒക്കെ  വെള്ളിയാഴ്ച ചന്തയിൽ  കൊണ്ട് പോകും. രണ്ടു പേരും മോഹൻലാലിൻറെ വലിയ ആരാധകർ ആണ്. അത് കൊണ്ട്  തന്നെ പടം  മാറി ലാലിൻറെ ചിത്രം വന്നാൽ എന്ത് വില കൊടുത്തും അത്  കണ്ടു കഴിഞ്ഞേ രാത്രി ഏറെ ആയിട്ടെ  അവർ  വീട്ടിൽ വരികയുള്ളു . മദ്യപിക്കുന്ന സ്വഭാവം അവനില്ല. ചന്ത ദിവസങ്ങളിൽ മകൻ വരുന്നതും  നോക്കി പാതി രാത്രിയോളം  ഭവാനി അമ്മ കാത്തിരിക്കും .

അവന്റെ പ്രായത്തിൽ ഉള്ള എല്ലാ ചെക്കന്മാരുറെയും വിവാഹം കഴിഞ്ഞിരിക്കുന്നു . എന്തിനു പറയുന്നു , കേശവൻ കുട്ടിയുടെ  വിവാഹം   പോലും കഴിഞ്ഞിരിക്കുന്നു . കേശവൻ കുട്ടിക്കു  ഇപ്പോൾ മക്കൾ രണ്ടാ .  ഇവൻ മാത്രം ഇങ്ങനെ നഷ്ട പ്രണയത്തിൻ ഓർമയിൽ ഇപ്പോഴും വിവാഹം വേണ്ട എന്ന നിർന്ധ ബുദ്ധിയിൽ ജീവിക്കുന്നു . എത്ര , എത്ര വിവാഹ ആലോചനകൾ വന്നതാ അതെല്ലാം ഒന്ന് കേൾക്കുക പോലും ചെയ്തെ എല്ലാം തള്ളി കളഞ്ഞിരിക്കുന്നു.  തെക്കേലെ രമണിക്ക് ഇപ്പോഴും അവനെ ഇഷ്ടം ആണ് . അവൻ ഒരു വാക്ക് ഒന്ന് മുളിയാൽ മതി. എന്താ അവൾക്കു ഒരു കുറവ് , പ്രൈമറി സ്കൂൾ ടീച്ചർ അല്ലെ?. ഇവൻ ഇങ്ങനെ ഒരു മന്ദ ബുദ്ധി ആയി പോയല്ലോ! അവർ വെറുതെ നെടുവീർപ്പിട്ടു .

 ഒരു നിമിഷം കൊണ്ട് തന്നെ അവരുടെ ചിന്ത മാറി മറഞ്ഞു. ജയയെ  അവനു അത്ര ഇഷ്ടം ആയിരുന്നല്ലോ . മനസ് കൊണ്ട് എല്ലാവരും അവരുടെ വിവാഹം നടന്നു കാണണം എന്ന്  ആശിച്ചിരുന്നല്ലോ. പിന്നെ ഇങ്ങനെ ഒക്കെ ആകും എന്നാ ആരാ കരുതിയത്‌ .  വിവാഹ കാര്യം അവതരിപ്പിച്ചപോൾ ഓപ്പ പറഞ്ഞ വാക്കുകൾ അവർ ഓർത്തു എടുത്തു .  എട്ടിൽ തോറ്റ അവനെ എങ്ങനയാ  ഒരു  "MA" കാരി വിവാഹം കഴിക്കുക . പണ്ട് കുട്ടികൾ ആയിരിക്കെ പലതും പറഞ്ഞിട്ടുണ്ടാകും .ഇവൻ ഇങ്ങനെ ഒരു അന്തോം , കുന്തോം ഇല്ലാതെ നടക്കും എന്ന് ഞാൻ കരുതിയോ. നീ തന്നെ പറ. ഞാൻ ഇവനെ എന്റെ മോളെ കെട്ടിച്ചു കൊടുക്കുക എന്ന് വച്ചാൽ... ബാക്കി  പറയാതെ ഓപ്പ  നിറുത്തി . അത് കേട്ട് തല കുനിച്ചു നിൽക്കാനെ   അവനും, അവർക്കും കഴിഞ്ഞിരിന്നുള്ളൂ.

 അവർക്ക് ഭർത്താവിന്റെ വാക്കുകൾ ഓർമ വന്നു. താൻ ഇടക്ക് അവനെ ശകാരിക്കുംപോഴും ഗോപാലകൃഷ്ണൻ അവന്റെ പക്ഷം പിടിച്ചേ സംസാരിക്കുകയുള്ളൂ .  അയാൾ പറയും എന്നാത്തിനാ നീ ഇങ്ങനെ അവനെ ശകരിക്കുന്നത്.  മനസ്സിൽ നന്മയുള്ളവനാ  അവൻ .  അവന് നല്ലതേ   വരൂ. എല്ലാം തന്നെ ഏല്പിച്ചു  ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു പോയില്ലേ. അവർ മുണ്ടിൻ തുമ്പ് കൊണ്ട്  മുഖം തുടച്ചു .

ജയക്കും അവനെ ഇഷ്ടമായിരുന്നു . പക്ഷെ അവൾ ബുദ്ധിമതി ആയിരുന്നു. അതു കൊണ്ടാണല്ലോ ഗൾഫിൽ നിന്നും പ്രകാശന്റെ ആലോചന വന്നപ്പോൾ മറുത്തു ഒന്നും പറയാതെ സമ്മതിച്ചത് .അല്ലേലും  ഓപ്പയുടെ മോൾ അല്ലെ അവൾ .മുഖത്ത് ഒരു വിഷമം പോലും കാണിക്കാതെ യല്ലേ അവൾ  അനുഗ്രഹം മേടിക്കുവാൻ വന്നത് . ഒരു മുണ്ടും , നേര്യതും സമ്മാനികുകയും ചെയ്തു . ഓപ്പ അവനോടു പറഞ്ഞ പോലെ അതെ  വാചകം അവളും ഉരിയാടി . കല്യാണത്തിന്റെ സദ്യയും, ഒരുക്കങ്ങളും അഭയേട്ടൻ നോക്കി നടത്തണം.  അവൾ പറഞ്ഞ പോലെ എല്ലാം അവൻ നേരിട്ട് നോക്കി  നടത്തി. മണ്ടൻ . പക്ഷെ , കലവറയിൽ  നിന്നും സദ്യക്കുള്ള പഴം എടുക്കുവാൻ ചെന്നപ്പോൾ വേദനയോടെ അവൻ കരയുന്ന കണ്ടു   നോക്കി നിൽക്കുവാനെ കഴിഞ്ഞുള്ളൂ. എന്ത് പറഞ്ഞു അവനെ ആശ്വസിപ്പിക്കും .

പിന്നെ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചു . അവൾ അവനു വിധിച്ചിട്ടില്ല എന്ന്. ഇനി എത്ര നാൾ , തന്റെ കാലം കഴിഞ്ഞാലും അവനു ഒരു തുണ വേണ്ടേ . അവരുടെ ഈ മനോവിചാരം ഒന്നും അറിയാതെ പ്ലാവിലയിൽ കഞ്ഞി വാരി കുടിക്കുന്ന അഭയനെ നോക്കി അവർ പറഞ്ഞു. എടാ , ഇന്ന്  നീ ബ്ലോക്ക്‌  ആപ്പിസിൽ പോയപ്പോൾ ദല്ലാൾ കൃഷ്ണൻ കുട്ടി വന്നിരുന്നു.  അവൻ കൊണ്ടുവന്ന ആലോചന കേട്ടപ്പോൾ തരകേടില്ല എന്ന് തോന്നി. നമുക്ക് ഒന്ന് പോയി കണ്ടാലോ . അവൻ അത് കേട്ട ഭാവം വയ്ക്കാതെ പറഞ്ഞു . എന്ത് പുളിയാ അമ്മെ ഈ കറിക്ക്.  ഉപ്പും ഇല്ല, എരിവും ഇല്ല. ഇത്ര നാൾ ആയിട്ടും വായ്ക്കു രുചിയുള്ള കറി വയ്ക്കുവാൻ അറിയില്ല എന്ന്  വച്ചാൽ . അവർ എന്തെങ്കിലും കുടുതൽ പറയും മുമ്പേ അവൻ പാത്രം തള്ളി നീക്കി എഴുനേറ്റു . ഭവാനി അമ്മ   കൂട്ടാനിൽ വിരൽ മുക്കി  നാക്കിൽ തൊട്ടു സ്വാദ് നോക്കി. ഇതിനു എരിവും , പുളിയും ഒക്കെ ഉണ്ടല്ലോ. അവർ അരി ശത്തോടെ പറഞ്ഞു . എനിക്ക് വയ്യ , ഇങ്ങനെ ദിവസവും കറിയും , കഞ്ഞിയും വച്ച് തരാൻ . അതിനാ നിനക്ക് ഒരാളെ വേണം എന്ന് പറയുന്നത് . ഇനി ആ ആലോചന വേണ്ടെങ്കിൽ രമണിയുടെ അച്ഛനോട് ഞാൻ സംസാരിക്കുവാൻ പോവുകയാ . അവൻ ഒന്നും മിണ്ടാതെ , പുറത്തു നിന്ന് കിണ്ടിയിൽ വെള്ളം വായിൽ എടുത്തു കുലുക്കുഴിഞ്ഞു പുറത്തേക്കു ആഞ്ഞു തുപ്പി. പിന്നെ അയയിൽ നിന്നും തോർത്തു  എടുത്തു മുഖം തുടച്ചു. ഉടുത്തിരിക്കുന്ന മുണ്ടിന്റെ തെറുപ്പിൽ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു   നീട്ടി പുറത്തേക്കു പുക തുപ്പി.  അത് കണ്ടു ഭാവനിയമ്മ എന്തോ പിറുപിറുത്തു കൊണ്ട് അവൻ കഴിച്ച പത്രം എടുത്തു കഴുകുവനായി പോയി.

 രാത്രി കിടന്നപ്പോൾ ഭവാനി അമ്മക്ക് ഉറക്കം വന്നില്ല. ഓപ്പയായാലും , മോൾ ആയാലും പുളിം കൊമ്പിൽ അല്ലെ പിടിക്കു . അല്ലേൽ ഒരു അഭിപ്രായ വ്യത്യാസം പോലും ഇല്ലാതെ ജയ ആ കല്യാണത്തിന് സമ്മതിക്കുമായിരുന്നോ?  യാത്ര പറഞ്ഞു പോകുമ്പോൾ ഒരു രാജകുമാരിയുടെ ഭാവം ആയിരുന്നില്ലേ അവൾക്ക് . ചങ്കു പൊട്ടി നിൽകുന്ന  അഭയനെ  ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ  പോയില്ലേ.  എന്നിട്ട് എന്തായി . കഷ്ടിച്ചു ഒരു വർഷം പോലും തികച്ച് പ്രകാശന്റെ കുടെ ജീവികുവാൻ അവൾക്ക് സാധിച്ചോ?  വണ്ടി ഇടിച്ചു മരിക്കുവാൻ അല്ലായിരുന്നോ  അവളുടെ കെട്ടിയോന്റെ വിധി. അന്നവൾ പൊഴിച്ച  കണ്ണ് നീരിൽ  കുടുതൽ അവൻ കരഞ്ഞിട്ടുണ്ട് .  എന്റെ മകന്റെ   കണ്ണീരിനു  ദൈവം ശിക്ഷ കൊടുക്കതിരിക്കുമോ ? ഇപ്പോൾ ഒരു കൊച്ചിനെയും വച്ച് അവൾ അനുഭവികുന്നില്ലേ ? അനുഭവിക്കട്ടെ . "  മൂധേവി " . അവർ ശാപവാക്കുകൾ മനസിൽ ഉരുവിട്ടു .

അമ്മയും , മകനും മാത്രമായി  പൊരുത്തവും, പൊരുത്ത കേടുകളുമായി  അവരുടെ ദിനങ്ങൾ കടന്നു പോയി. ഇതിനിടെ ദല്ലാൾ കൃഷ്ണൻ കുട്ടി വരികയും , വയർ  നിറയെ ചായയും , പലഹാരവും കഴിച്ചു പോവുകയും ചെയ്തു. അഭയൻ വാഴക്ക്‌ നനക്കു ന്ന തിരക്കിൽ ആയിരുന്നു. തൂംബ  എടുത്തു ചാലിലുടെ വെള്ളത്തിന്‌ തട വയ്കുമ്പോൾ ആണ്  പതിവില്ലാതെ അമ്മാമ്മ  വരുന്ന കണ്ടത്.  നരച്ച കാലൻ കുടയും , വെളുത്ത നിറമുള്ള ജുബ്ബയും  അമ്മാമയുടെ മുദ്രയാണ്. അമ്മാമ  വരുന്നത് അഭയൻ കണ്ടെങ്കിലും അവൻ അങ്ങോട്ടേക്ക് പോകുവാൻ കുട്ടാക്കിയില്ല.    അമ്മാമ്മ പോകും വരെ കിളച്ചും , വെള്ളം ഒഴിച്ചും , കള പറിച്ചും അവൻ പറമ്പിൽ തന്നെ കഴിചുകൂട്ടി. അമ്മാമ പോയി എന്ന് ഉറപ്പായപ്പോൾ അവൻ തൂംബയും  തുക്കി വീട്ടിലേക്ക് നടന്നു. കിണ്ടിയിലെ വെള്ളം എടുത്തു കാൽ കഴുകുമ്പോൾ ഉമ്മറത്ത്  തന്നെ ഭവാനി അമ്മ യുണ്ടായിരുന്നു.  അവരോടായി അവൻ ചോദിച്ചു , അയാൾ എന്തിനാ ഇവിടെ വന്നത് ? "ആര്" , ഭവാനിയമ്മ ഒന്നും മനസ്സിൽ ആവാത്ത ഭാവത്തിൽ ചോദിച്ചു.  അവൻ മുഖം വക്രിച്ച് ചോദിച്ചു . അയാൾ ,   തള്ളെടെ ഉടപിറന്നോൻ. ഓ , ഓപ്പയോ , അവർ നിസാര ഭാവത്തിൽ ചോദിച്ചു . അതെ അയാൾ തന്നെ . അല്ലാതെ ആരാ ഇപ്പം ഇവിടെ നിന്ന് ഇറങ്ങി പോയത്.


ആ ഓപ്പ,  ഒരു കാര്യം പറയുവാൻ  വന്നതാ. എന്നതാ  വല്ല കല്യാണ ആലോചന വല്ലതും ആണോ?  അതൊന്നുമല്ല . നിനക്ക് വിസ  ശരി ആയി. അതു പറയുവാനാ ഓപ്പ വന്നതു . "വിസയോ,"  അവൻ അത്ഭുതം കുറി . പത്താം ക്ലാസ്സ്‌ പാസ്‌ ആവാത്ത എനിക്ക് വിസയോ . അമ്മ എന്നതാ പറയുന്നേ?  അഭയന് ഒന്നും മനസിലായില്ല.  ജയയുടെ കമ്പനിയിൽ നിനക്ക് ഒരു  ജോലി ശരിപെടുത്തി യിട്ടുണ്ട് .  കേശവൻ കുട്ടി  വഴിയാ പസ്സ്പോര്ട്ട്  പേജും   , ഫോട്ടോയും മറ്റു പേപ്പറുകളും എല്ലാം   അയച്ചു കൊടുത്തത് .  അവന്റെ മുഖം വാടി. ജയയുടെ കമ്പനിയിലോ?  ഞാൻ പോകുന്നില്ല.  പിന്നെ അവൻ ആരോടെന്നെല്ലാതെ പറഞ്ഞു ഞാൻ പോയാൽ അമ്മെ  പിന്നെ ഇവിടെ നിങ്ങക്ക് ആരാ ?  പിന്നെ നിന്നെ കണ്ടു കൊണ്ടല്ലേ ഞാൻ ജീവികുന്നത് . നീ പോയാൽ   വടക്കേലെ ശാന്തമ്മ ഇവിടെ വന്നു കിടന്നോളും . ദൈവം സഹായിച്ചു എനിക്ക് നല്ല ആരോഗ്യം ഇപ്പോഴും ഉണ്ട് . ഭവാനിയമ്മ മറുപടി പറഞ്ഞു . അപ്പം ഇവിടുത്തെ കാര്യം ആര് നോക്കും. അതോർത്തു നീ പേടികെണ്ടാ . നീ പോകുന്നു ഞാനാ പറയുന്നേ . അവർ കടുത്ത  സ്വരത്തിൽ പറഞ്ഞിട്ട് അകത്തേക്ക് പോയി.

കേശവൻ കുട്ടിയും അവനോടു അത് തന്നെ പറഞ്ഞു. നീ പോകണം . എത്ര നാൾ ഇങ്ങനെ കഴിയും. നിനക്കും വേണ്ടെടാ ഒരു ജീവിതം . ഇത് നീ ആവശ്യപെടാതെ അവൾ നിനക്ക്  വേണ്ടി  ചെയ്തു തന്നതല്ലേ ?  അവനെ ചേർത്ത് പിടിച്ചു കേശവൻ കുട്ടി പറഞ്ഞു. കൈ നിറയെ സമ്പാദിച്ചു അറബിയെ പോലെ നീ വാടാ ഇങ്ങോട്ടേക്ക് . തിരിഞ്ഞും, മറിഞ്ഞും, നിന്നും അവൻ അതിനെ കുറിച്ച് ആലോചിച്ചു . അങ്ങനെ അവൻ ആ തിരുമാനത്തിൽ എത്തി .ഗൾഫിലേക്ക് പോകുക തന്നെ. അറബി കഥകളിലെ സുൽത്താനെ പോലെ കൈ നിറയെ പൊന്നും, പണവുമായി , വില കുടിയ സിഗരറ്റും വലിച്ച് ,  കറുത്ത കണ്ണടയും  ധരിച്ചു , അത്തറിൻ  സുഗന്ധവും പേറി അവൻ അവനെ തന്നെ ഒന്ന് സങ്കൽപിച്ചു .

കുടുതൽ മറുത്തൊന്നും പറയാതെ അവൻ പോകുവാൻ തിരുമാനിച്ചു . മലയാളികൾ വിയർപ്പ്  ഒഴുക്കി സമ്പന്നമാക്കിയ ദുബായിൽ  എമിരേറ്റ്സ് വിമാനം പറന്നിറങ്ങി . "ടെർമിനൽ  വണിൽ"  അവനെ സ്വീകരിക്കവാൻ ജയ യുണ്ടായിരുന്നു. കൃത്യമമായ ഗൗരവത്തോടെയാണ് ജയ അവനോടു സംസാരിച്ചത് . മുറ ചെറുക്കാനും , മുറ പെണ്ണും എന്നല്ലാതെ ഒരു മുതലാളിയും , തൊഴിലാളിയും  എന്ന പോലെ അവൾ അവനോടു സംസാരിച്ചു .  വർത്തമാനത്തിലും , മറ്റും നിശിതമായ അകലം അവൾ പാലിച്ചിരുന്നോ?. അവൾ അവനെ അവൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുട്ടി കൊണ്ട് പോയി. രണ്ടു മുറികൾ ഉള്ള സുന്ദരമായ ഫ്ലാറ്റ് .  അവനോടു അവിടെ താമസിച്ചുകൊള്ളുവാൻ അവൾ  പറഞ്ഞു. അവൾ അവനോടു ജോലി കാര്യം സംസാരിച്ചു . അവൾ ഒരു catering company നടത്തിപ്പ് കാരി ആണ്. ജബൽ അലിയിൽ പല കമ്പനികൾ ആയി  ഏതാണ്ട് 6000 പേർക്ക് ഭക്ഷണം കൊടുക്കുനത്  അവളുടെ സ്ഥാപനം ആണ്.  ഏതാണ്ട്  27 ഓളം പേർ ഉള്ള ഒരു കമ്പനി . ഭക്ഷണം ഉണ്ടാക്കുന്നതു പെണ്ണുങ്ങൾ മാത്രം . രാവിലെ രണ്ടരക്ക്  തുടങ്ങുന്ന ജോലി. രാവിലെ ആറരക്ക്  വണ്ടി വരുമ്പോൾ   ഡബ്ബകളിൽ ആയി പാകം ചെയ്ത പ്രഭാത ഭക്ഷണം കൊടുത്തു അയക്കണം.  അത് പോലെ  പതിനൊന്നരയോടു കൂടി ഉച്ച ഭക്ഷണം വണ്ടിയിൽ കൊണ്ട് പോകും. വൈകുനേരം ആറു  മണിയോടെ  രാത്രി ഭക്ഷണവും .അവനുള്ള ജോലി അവൾ പറഞ്ഞു കൊടുത്തു. ശ്രീ ഹരിയെ നോക്കണം . കാലത്ത് സ്കുൾ ബസ് വരുമ്പോൾ കൊണ്ട് ചെന്നാക്കണം . ഉച്ചക്ക് തിരികെ വിളിച്ചു കൊണ്ട് വരണം . പിന്നെ അവൾ വരുന്ന വരെ അവനു കൂട്ടിരിക്കണം . അത് പോലെ ഭക്ഷണ സാധനങ്ങൾ    അവളുടെ ഒപ്പം പോയി മേടിക്കണം . പിന്നെ അത് സ്റ്റോർ റുമിലെക്കു മാറ്റണം . ഇതൊക്കെ യാണ്  അവന്റെ ജോലി.  ഏലിയാമ്മ ചേടത്തി ബാക്കിയുള്ള   ജോലിക്കാരെ അവനു പരിചയ പെടുത്തി. പതിയെ സ്നേഹം നിറഞ്ഞ വർത്തമാനം ...അതായിരുന്നു ഏലിയാമ്മ ചേടത്തി. അവർ ആയിരുന്നു ആ സ്ഥാപനത്തിൻ നടത്തിപ്പുകാരി. ജയ അവർക്ക് മാത്രം അല്പം സ്വാതന്ത്യം അനുവദിച്ചിരുന്നു .

ഏലിയാമ്മ ചേടത്തി ആണ് അവനോടു  പഴയ കാര്യങ്ങൾ എല്ലാം വിശദീകരിച്ചത്. അബുദാബിയിൽ നിന്നും രാത്രി കാറിൽ വരിക ആയിരുന്നു പ്രകാശൻ . ക്ഷീണം കാരണം എന്തോ ഒന്ന് മയങ്ങി പോയി. നിയന്ത്രണം വിട്ടു വണ്ടി ചെന്ന് ഇടിച്ചത് ഒരു ലോറിയിൽ ആയിരുന്നു. ആശുപത്രിയ്ൽ എത്തിച്ചപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു .  അപ്പോൾ എട്ടു മാസം ഗർഭിണിയായ ആയിരുന്നു  ജയ. അവൾ എങ്ങനെ പിടിച്ചു നിന്നു  എന്ന്  എനിക്ക്  ഇന്നും അത്ഭുതമാണ് . അത് വരെ ഒരു ജോലിക്കും പോകാതെ വീട്ടമ്മയായി ഒതുങ്ങി കുടിയ അവളെ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുവാൻ മുൻകൈ എടുത്തത് ഞങ്ങൾ എല്ലാവരും ചേർന്നാണ് . 'റിയൽ  ടേസ്റ്റ്    കേറ്റ്റിംഗ് എന്ന  പേര്  നിർദേശിച്ചത് പ്രകാശന്റെ  കുടെ ജോലി ചെയ്ത  രാജൻ മാത്യു .പ്രകാശന്  ഒരു പാടു നല്ല സുഹൃ ത്തു ക്കൾ ഉണ്ടായിരുന്നു. അവരിൽ പലരും സഹായിച്ചു. സാംബത്തികമായിട്ടും  അല്ലാതെയും . നമ്മൾ സ്വപ്നം കണ്ടാൽ അത് നടത്തി  തരുന്ന വലിയ നഗരം ആണ് ദുബായ്.   പ്രകാശന്റെ കമ്പനിയിലെ പത്ത് പേർക്ക് ഭക്ഷണം കൊടുത്തു തുടങ്ങിയ സ്ഥാപനം ഇന്ന് 6000   ത്തോളം പേരിൽ എത്തി നിൽക്കുന്നു . ജയയുടെ പരിശ്രമം അത്രത്തോളം ഉണ്ടായിരുന്നു ഈ സ്ഥാപനം ഇങ്ങനെ ഈ നിലയിൽ  ആക്കി തീർക്കുവാൻ . അവൾക്കിപ്പോൾ ഇത് ഒറ്റയ്ക്ക് നടത്തുവാൻ ബുദ്ധിമുട്ടായി തുടങ്ങി . അത് കൊണ്ട്  കുടി യാണ് നിനക്ക് വിസ തന്നു നാട്ടിൽ  നിന്നും വരുത്തിയത് .

ശ്രീ ഹരി അവനു വലിയ കുട്ടായി . അവൻ അഭയനോടു പെട്ടന്നു ഇണങ്ങി. സ്കുളിൽ നിന്നും അവനെ കൂട്ടി കൊണ്ട് വന്ന ശേഷം ഉച്ച തൊട്ടു മുഴുവനും അഭയൻ  അവന്റെ കുടി കളിച്ചും ചിരിച്ചും കഴിച്ചു കുട്ടി. അല്ലാത്ത സമയത്ത് ജയയുടെ കൂടെ സാധനങ്ങൾ മേടിക്കു വാനും ,  മറ്റു ഇട പാടുകാരെ കാണുവാനും അവളുടെ ഒപ്പം പോയി തുടങ്ങി. അവളുടെ ചില നേരങ്ങളിൽ  അവനോടുള്ള പെരുമാറ്റം വേദനാജനകം ആയിരുന്നു. ഒരു കാരണവും ഇല്ലാതെ വെറുതെ കോപിക്കുക . .  അതും മറ്റുള്ളവർ കേൾക്കെ , പലപോഴും അവൻ അതെല്ലാം ക്ഷമിച്ചു . കാരണം  ജയയെ അവനു ജീവനായിരുന്നു . ഒരു കാലത്ത് അവളെ സ്വന്തം ആകണം എന്ന് അവൻ മോഹിച്ചിരുന്നു. അവൾ വിവാഹം കഴിഞ്ഞു പോയപോഴും അവൻ അവളേ   വെറുത്തില്ല. പകരം അവൾ തനിക്കു വിധിച്ചിട്ടില്ല എന്ന് കരുതി സ്വയം സമാധാനിച്ചു .

ചിലപ്പോൾ തോന്നും അവൾക്കു അവനോടു സ്നേഹം ഉണ്ടെന്നു. അല്ലെങ്കിൽ നാട്ടിൽ നിന്നും അവനെ വരുത്തുമായിരുന്നോ ? അവളുടെ  കൂടേ  ഏതു ആവശ്യത്തിനും ഒരു നിഴൽ പോലെ തുണയാക്കുമോ?

ഒരു ദിവസം ഏലിയാമ്മ ചേടത്തി ജയയോട് സംസരികുന്നത് അഭയൻ മറഞ്ഞു നിന്ന് കേട്ടു . എന്തിനാ ജയേ ആ കൊച്ചനോടു ഇങ്ങനെ അന്യനെ പോലെ പെരുമാറുന്നത് ? ഒന്നുമില്ലേലും അവൻ നിന്റെ അമ്മാവന്റെ മകൻ അല്ലേ ?  ഒരു പാവത്തിനെ പോലെ നീ പറയുന്ന മുഴുവനും കേട്ട് അവൻ ഇവിടെ ജോലി ചെയുന്നില്ലെ? അവൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു . ആത്മാർഥമായി തന്നെ. ഒരു ചെറുപ്പക്കാരന്റെ സത്യസന്ധമായ പ്രേമം തിരിച്ച് അറിയാൻ യുഗങ്ങൾ ഒന്നും വേണ്ടാ . ഞാൻ പറയുന്ന കാര്യം നീ സ്വസ്ഥമായി ആലോചിച്ച്  നോക്കു . . ബാക്കി  പറയുന്ന കേൾക്കാതെ അവൻ പുറത്തേക്കു ഇറങ്ങി.

അന്ന് രാത്രിയും ജയ എന്തോ കാര്യത്തിന് അവനോടു തട്ടി കയറി.  അവന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൻ വ്യസനത്തോടെ പറഞ്ഞു . എനിക്ക് വേണ്ടാ നിന്റെ ജോലി. ഞാൻ നാട്ടിലേക്കു പോകുകയാ .എന്നെ എന്തിനാ ഇങ്ങനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുന്നത് ?അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു . അവൻ വീണ്ടും എന്തോ പറയും മുമ്പേ , അവൻ   പോലും പ്രതീക്ഷിക്കാതെ അവൾ അവന്റെ ചുണ്ടുകൾ പൊത്തി. അവനോടു തൊട്ടു നിൽക്കുന്ന അവളുടെ നിശ്വാസം അവനു അനുഭവിക്കുവാൻ കഴിഞ്ഞു. പിന്നെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഒരു ചിരിയോടെ പറഞ്ഞു . അഭയേട്ടനെ കെട്ടിയിട്ടു ശ്വാസം മുട്ടിക്കുവാൻ തന്നെയാ എന്റെ തിരുമാനം . " ഒരു താലി ചരടിൽ".









      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ