വിവേക് വരുന്നതും നോക്കി ഞാൻ നിന്നു . സ്വപ്നങ്ങൾ പാടെ തകർന്ന് , ഒട്ടിയ കവിളെല്ലുകളോടു ഇരുണ്ട കണ്ണാൽ അവൻ എന്നെ നോക്കി . അവന്ടെ നിഴൽ വരണ്ട ഭിത്തിയിൽ തെളിഞ്ഞു വന്നു. ഞാൻ അവനെ നോക്കി ,വിഷാദത്മകമായി ഒന്ന് പുഞ്ചിരിക്കുവാൻ ശ്രമിച്ചു. പക്ഷെ അവൻ എന്നെ നിസ്സംഗൻ ആയി നോക്കിയതെയുള്ളൂ
ഞങ്ങളെ വേർതിരിക്കുന്ന വലിയ കമ്പി പാളി . നരച്ച വെള്ള കുപ്പായം ധരിച്ച വെളുത്ത സുന്ദരൻ ആയ വിവേകിനെ ഇപ്പോൾ ആരെങ്കിലും കണ്ടാൽ തിരിച്ച് അറിയുമോ? അനുസരണയില്ലാതെ വളർന്ന താടി രോമങ്ങൾ . ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ അവനെ കാണുന്ന പോലെ? . ഇപ്പോൾ ഞാനാണോ അതോ അവനാണോ തടവ് പുള്ളി. കുറച്ചുനേരം ഞാൻ അവനെ തന്നെ നോക്കിനിന്നു .ആമുഖം ഇല്ലാതെ ഞാൻ പറഞ്ഞു തുടങ്ങി. വക്കിൽ പറഞ്ഞത് ജാമ്യാപേക്ഷക്ക് നല്ല പുരോഗതി ഉണ്ട് എന്നാണ്. നിനക്ക് ജാമ്യം കിട്ടും വിവേക് ഞാൻ ഉറപ്പു പറഞ്ഞു . വക്കിലിനു നിന്നെ ഇറക്കി കൊണ്ട് വരാൻ കഴിയും . ഞാൻ അവനിൽ ആത്മവിശ്വാസം ഉണർത്തുവാൻ ശ്രമിച്ചു . പക്ഷെ എന്റെ വാക്കുകൾ അവനിൽ പ്രതീക്ഷയുടെ തിരി നാളം തെളിയിക്കില്ല എന്ന് ഞാൻ അറിഞ്ഞു.
അവന് എന്നോടു ഒന്നും സംസാരിക്കുവാൻ ഇല്ലേ? വിവേക് ഞാൻ മൃദുവായി അവനെ വിളിച്ചു. നമുക്ക് ഈ കേസ് ജയിക്കുവാൻ കഴിയും . നിന്റെ അപ്പോഴത്തെ മനോ നിയന്ത്രണം, സമതല തെറ്റിയ മനസ് ഇതൊക്കെ വക്കിലിന് തെളിയിക്കുവാൻ കഴിയും. അവൾ നിന്റെ എല്ലാം എല്ലാം ആയിരുന്നല്ലോ ? നീ അത് ചെയ്തു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ല . ഇപ്പോൾ ശരിക്കും വിശ്രമം ആവശ്യം ഉണ്ട് . ഒരു പുനരധിവാസ കേന്ദ്രം അതാണ് നിനക്ക് ആവശ്യം, അല്ലാതെ തടവറയല്ല.
അവൻ പതിയെ പറഞ്ഞു . ഇല്ല ഗോപൻ എനിക്ക് ഇപ്പോൾ അറിയാം, ഞാൻ തന്നെയാണ് അവളെ കൊന്നത്. എന്റെ ഇന്ദ്രിയങ്ങൾ അത് സമ്മതിച്ചു തരുന്നില്ല എങ്കിലും. ഞാൻ തന്നെ , എന്റെ ഈ കൈകൾ കൊണ്ട്? അവൻ മുഷ്ടി ചുരുട്ടി ആ കമ്പിയിൽ ഇടിച്ചു . ഞാൻ അവളെ കൊന്നു അത് തന്നെയാണ് സത്യം . ഇനി ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല .
കാവൽക്കാരൻ എനിക്ക് അനുവദിച്ച സമയം അഞ്ച് മിനിറ്റ് ആയിരുന്നു. അയാൾ സമയം തീർന്നു എന്ന് ആംഗ്യം കാണിച്ചു . പോകുന്നതിനുമുമ്പ് ഞാൻ അവനെ ജാമ്യാപേക്ഷയിൽ നിർബന്ധമായി ഒപ്പ് വയ്പ്പിച്ചു . അവൻ പേപ്പർ ഒപ്പിടുന്നതിൻ ഇടയിൽ ഞാൻ വീണ്ടും പറഞ്ഞു .എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് വിവേക് . നമുക്കീ കേസ് ജയിക്കുവാൻ കഴിയും . പിന്നെ ആ പേപ്പർ ഭദ്രമായി എന്റെ ബാഗിൽ വച്ചു .
ആ അഭിശപ്ത ദിവസത്തിൻ ഓർമ്മകൾ കൃത്യമായി എനിക്ക് മുമ്പിൽ തെളിഞ്ഞു.
* * *
(മുന്ന് മാസങ്ങൾക്ക് മുമ്പ് )
ഞങ്ങളെ ആറു പേർ, അശ്വിൻ ആണ് ലോനാവാല നിർദേശിച്ചത്. ഒരു ദിവസം അവിടെ താമസിച്ചിട്ട് പൂനക്ക് മടങ്ങുവാൻ ആയിരുന്നു പദ്ധതി . അശ്വിൻ, മീനാക്ഷി, വിവേക്, ജെന്നിഫർ , പിന്നെ സാമും, ഞാനും. ബൈക്കിൽ ആണ് ഞങ്ങൾ പുറപ്പെട്ടത് . ആശ്വിനും , മീനാക്ഷിയും ഒരു ബൈക്കിൽ , വിവേകും , ജേന്നിഫറും വിവേകിന്റെ ബൈക്കിൽ , പിന്നെ ഞാനും സാമും എന്റെ ബൈക്കിൽ . ക്യാമ്പ് ഫയറിനുള്ള സ്ഥലം കണ്ടു പിടിച്ചത് അശ്വിൻ തന്നെ ആയിരുന്നു. അവനും മീനാക്ഷിയും ഇതിനു മുന്നേ ഒരു വട്ടം അവിടെ വന്നിടുണ്ടായിരുന്നു. അടുത്ത രാവിലെ ചില പദ്ധതികൾ ആവിഷ്കരിച്ചു ഉറപ്പിച്ച ശേഷം വിവേകും, ആശ്വിനും രാത്രി ആഘോഷിക്കുവാനുള്ള മരുന്ന് മേടിക്കുവാനായി ലോനാവാലയിലെക്ക് പോയി.
മീനാക്ഷിയും , ജെന്നിഫറും ഉറങ്ങിയോ എന്ന് ഉറപ്പിക്കുവാൻ ഞാൻ അവരുടെ ടെന്റിലേക്ക് പോയി. അവരുടെ ഉച്ചത്തിൽ ഉള്ള പൊട്ടി ചിരി അവിടെ മുഴുങ്ങുന്നുണ്ടായിരുന്നു . എന്നെ കണ്ടതും ജെന്നിഫർ ചോദിച്ചു എന്താ ഗോപൻ . ഞാൻ ചിരിയോടെ പറഞ്ഞു നിങ്ങൾ ഉറങ്ങിയോ എന്നറിയുവാൻ വന്നതാ ? വിവേക് എവിടെ എന്ന ജെന്നിയുടെ ചോദ്യത്തിന് ഞാൻ പരുങ്ങലോടെ പറഞ്ഞു . അവൻ പുറത്തു പോയി. ഒരു നിമിഷം കൊണ്ട് അവൾ എന്റെ മനസ് വായിച്ചു എടുത്തു . ഞങ്ങളെ ഉറക്കിയിട്ട് വേണം കുപ്പി പൊട്ടിക്കുവാൻ അല്ലെ? അതിനല്ലേ ഈ വരവ് . ഞാൻ ശരിക്കും ജെന്നിയുടെ മുമ്പിൽ ചമ്മിയ പോലെ വിളറി. അല്ല അറിയുവാന്മേലഞ്ഞിട്ടു ചോദിക്കുകയാ ആണുങ്ങൾക്ക് ഇത് മാത്രമേയുള്ളൂ വിനോദം. ഒരവസരം കിട്ടിയാൽ അപ്പോൾ പൊട്ടിക്കണം കുപ്പി. ഞാൻ വരണ്ട ചിരി ചിരിച്ചു. മീനാക്ഷി അതിനകം അവളുടെ ഉറക്ക ബാഗുകൾ തൈയാറാക്കി കഴിഞ്ഞിരുന്നു, പിന്നെ ഗുഡ് നൈറ്റ് പറഞ്ഞു അവൾ കിടന്നു. കുറച്ചു നേരം കുടി ഞാൻ ജെന്നിയുമായി വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു . അതിനിടയിൽ മീനാക്ഷി എപ്പോഴോ ഉറങ്ങിയിരുന്നു. ഞാൻ കൂടാരം വിട്ടുപോയപ്പോൾ ജെന്നിയും ഉറങ്ങുവാനു ള്ള തൈയാറെടുപ്പിൽ ആയിരുന്നു.
മദ്യത്തിൻ ചുട് ഉണ്ടെങ്കിലും തണുപ്പ് ശരീരത്തിലേക്ക് അരിച്ചു ഇറങ്ങുന്നു. എപ്പോഴോ ഞങ്ങൾ ഉറങ്ങി. മീനാക്ഷിയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടിട്ടാണ് ഞങ്ങൾ എഴുനേറ്റത് . അശ്വിൻ എന്നെ വിളിച്ച് ഉണർത്തുക ആയിരുന്നു. ഞാൻ അവനെ തുറിച്ചു നോക്കി. അവൻ എന്നോടായി ചോദിച്ചു മീനാക്ഷി അല്ലെ കരയുന്നത് . എന്റെ രാത്രിയിലെ കെട്ട് ഇറങ്ങിയില്ല എന്ന് അവനു തോന്നി. അശ്വിൻ അവളുടെ അരികിലേക്ക് ഓടി പോകുകയായിരുന്നു . മന്ദനെ പോലെ ഞാനും അവന്റെ പിന്നാലെ പോയി.
വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. ജീവിതകാലം മുഴുവനും മറക്കുവാൻ ആവാത്ത കാഴ്ച അവിടെ ജെന്നി , അവൾ തന്റെ വായ് ചെറുതായി തുറന്ന, തറയിൽ കിടക്കുന്നു . അവളുടെ കണ്ണുകൾ ഏറെക്കുറെ തുറന്നും , വയറ്റിൽ നിന്നും കട്ട പിടിച്ച രക്തം . തറയിലും , ശരീരത്തിലും എല്ലാം രക്തം.
അപ്പോഴാണ് ഞാൻ വിവേകിനെ ശ്രദ്ധിച്ചത് . ശ്വാസം നിലച്ച പോലെ . അവന്റെ കണ്ണുകൾ ഭയത്താൽ ചുവന്നിരുന്നു . അവന്റെ പ്രിയപെട്ടവൾ രക്തത്തിൽ കുളിച്ച് മരിച്ച കിടക്കുന്നതു കണ്ടിട്ടാകാം . അവൻ അവൾക്കു അരികിലേക്ക് ഓടിച്ചെന്നു. അവളുടെ ശരീരം അവൻ എടുത്തു ഉയർത്തി മടിയിലേക്ക് വച്ചു ... ജെന്നി , ജെന്നി എന്ന് അവൻ പുലമ്പി കൊണ്ടേ ഇരുന്നു . അവന്റെ ശരീരത്തിലും , വസ്ത്രങ്ങളിലും രക്തം പടർന്നിരുന്നു . എനിക്ക് അവന്റെ ദുഃഖം മനസ്സിലാക്കുവ്വാൻ കഴിയുമായിരുന്നു ഭ്രാന്തനെ പോലെ അവൻ വിലപിച്ചുകൊണ്ടേയിരുന്നു. . സ്നേഹം അത് കൈകുമ്പിളിൽ കോരി എടുക്കുവാൻ ആർക്കും കഴിയില്ലല്ലോ . അത് ഹൃദയത്തിൽ നിന്നും പകർത്തുവാനല്ലേ കഴിയു. .ഇനി അവൾ തിരിച്ചു വരില്ല എന്ന് യാഥാർഥ്യം . അവനു ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല എന്ന് തോന്നി.
സൂര്യൻ പൊൻ വർണങ്ങളിൽ, പീലി ഉഴിഞ്ഞു നിൽക്കുന്നു . ഒരു കുരുത്തോല പോലെ മലയുടെ കീഴിലേക്ക് വർണ വെളിച്ചം പടർത്തി ഇറങ്ങുന്നു. മീനാക്ഷിയുടെ കണ്ണുകൾ ഇപ്പോഴും തോർന്നിട്ടുണ്ടയിരുന്നില്ല . അശ്വിൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. സാമും , ഞാനും ഒരു വാക്കു പോലും ഉരിയാടാൻ വയ്യാതെ അവരെ നോക്കി ഇരുന്നു . വിവേക് അടുത്തുള്ള ഒരു പാറമേൽ ഇരുന്നു തന്റെ മുഖം മൂടുകയും, പിന്നെ എന്തോ പുലംബുകയും ചെയ്തു കൊണ്ടേയിരുന്നു.
പോലിസ് അവരുടെ തിരച്ചിൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു . കൊലയാളി ഞങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് അവർക്ക് അറിയാം എന്നാ പോലെ.
ഒരു ദശലക്ഷം ചിന്തകൾ എന്റെ തലയിൽ പ്രവർത്തിയ്ക്കുന്ന പോലെ ജെന്നി , എപ്പോഴും പൊട്ടി ചിരിക്കുന്ന , നിറുത്താതെ സംസാരിക്കുന്ന , ഏവരിലും ആത്മവിശ്വാസം പ്രദാനം ചെയൂന്നവൾ . അവളാണ് കൊല ചെയ്യപെട്ടു കിടക്കുന്നത് . അവൾ ഇനി ഇല്ല.,...... ഇപ്പോഴും വളഞ്ഞ വഴികളിലൂടെ കാര്യം കാണുവാൻ മിടുക്കനായിരുന്നു വിവേക്. ഒരിക്കൽ അതെ പാട്ടി ചോദിച്ചപ്പോൾ അവൻ പറഞ്ഞു.
"ജീവിത യാത്രയിലെ അവസാന വഴികാട്ടി മരണമാണ്. എനിക്കേറെ ദുരം യാത്ര ചെയേണ്ടതുണ്ട്, അതുകൊണ്ടു തന്നെ ഞാൻ വളഞ്ഞ വഴികൾ ഇഷ്ടപെടുന്നു."
ഇൻസ്പെക്ടർ ആദിത്യ ആയിരുന്നു ആ കേസ് അന്വേഷിച്ചത് . ആർക്കാണ് അങ്ങനെ മൃഗീയമായി അവളെ കൊല്ലുവാൻ കഴിയുക? ഇൻസ്പെക്ടറെ സംബന്ധിച്ചു ഞങ്ങൾ അഞ്ചു പേർ . ഇവരിൽ ഒരാൾ ? അഞ്ചിൽ ഒരാൾ . ആരാണ് അയാൾ?
ഇൻസ്പെക്റ്റ്‌റുടെ കൈ നെറ്റിയിൽ തടവി കൊണ്ടേയിരുന്നു. അത് ആദിത്യയുടെ ശീലം ആണ്. വല്ലാതെ ആലോചിക്കുംപോൾ അയാൾ പോലും അറിയാതെ കൈ വിരലുകൾ നെറ്റിയിൽ തടവി കൊണ്ടേ ഇരിക്കും.
മീനാക്ഷി അറിഞ്ഞില്ല എന്ന് വച്ചാൽ ? . അശ്വിൻ , സാം , ഗോപൻ . വിവേക് , മീനാക്ഷി . ഇവരിൽ ഒരാൾ ? ആരാണയാൾ ?
ഇൻസ്പെക്ടർക്കു ഉറപ്പായിരുന്നു , ആ രാത്രി ഞങ്ങൾ അല്ലാതെ വേറെ ആരും അവിടെ വന്നിട്ടില്ല. ആദ്യമായി ബോഡി കണ്ടത് മീനാക്ഷി ആയിരുന്നു . അയാൾ മീനാക്ഷിയെ ടെന്റിലേക്ക് വിളിപ്പിച്ചു . കുടെ പോകുവാൻ തുനിഞ്ഞ ആശ്വിനെ അയാൾ തടഞ്ഞു .
വിവേകും , ജെന്നിയും തമ്മിൽ രാത്രി വഴക്കിട്ട കാര്യം അവൾ പറഞ്ഞു. അവൾ ഉറങ്ങുക യായിരുന്നു . അവരുടെ വഴക്ക് കേട്ടിട്ടാണ് അവൾ ഉണർന്നത് . സാമിന്റെ പേര് ചേർത്ത് വിവേക് അവളോടു കയർക്കുന്നുണ്ടായിരുന്നു . ജെന്നിയെ കൊല്ലും എന്ന് വിവേക് ഭീഷണിപെടുത്തിയ കാര്യവും അവൾ ഇൻസപ്പെകടറിനൊട് പറഞ്ഞു. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആയിരുന്നു വിവേകിന്റെത് . ദേഷ്യം നിയന്ത്രിക്കുവാൻ കഴിയാത്ത സ്വഭാവം . ജെന്നി പറയുന്ന ഒന്നും അവൻ കൂട്ടാക്കിയില്ല. അവൾ എന്തോ പറയും മുമ്പേ ഒരടിയുടെ ശബ്ദം കേട്ടു. പിന്നെ ജെന്നിയുടെ തേങ്ങലും .അവളെ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് മീനാക്ഷി അവരുടെ അടുത്തേക്ക് ചെന്നത്. കവിളിൽ കൈ തലം ചേർത്ത് പിടിച്ച ജെന്നിയുടെ കണ്ണുനീർ അവൾ കണ്ടു.
എഴുനേറ്റു ചെന്ന മീനാക്ഷി വിവേകിനോടു പുറത്തേക്കു പോകുവാൻ ആജ്ഞാപിച്ചു . വിവേക് പുറത്തേക്കു പോകുവാൻ കുട്ടാക്കിയില്ല . മീനാക്ഷി അശ്വിനെ വിളിക്കുവാൻ തുടങ്ങിയപ്പോൾ വിവേക് മുരണ്ടു കൊണ്ട് പുറത്തേക്കു പോയി. ആദിത്യ ചോദിച്ചു . അപ്പോൾ വിവേക് ആയിരിക്കുമോ ജെന്നിയെ കൊന്നത് .അവൾ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
ഇൻസ്പെക്ടർ ആദിത്യ അവളോടു പൊയ്‌ക്കൊള്ളുവാൻ പറഞ്ഞു. സാം , വിവേക് , അയാൾ കൈ വിരലുകൾ ചുരുക്കുകയും , നിവർത്തുകയും ചെയ്തു. തൊപ്പി ഊരി മാറ്റി വിയർപ്പ് പൊടിഞ്ഞ നെറ്റി ആദിത്യ തുടച്ചു. ആരായിരിക്കും ? കോളേജിൽ പഠിക്കുന്ന കുട്ടികൾ ആണ് . ഒരു കൈ അബദ്ധം പോലെ സംഭവിച്ചത് അല്ല. മനപുർവം കൊല്ലണം എന്ന് കരുതി കുത്തിയതാണ് .ജെന്നിയോടു അത്രയ്ക്ക് ദേഷ്യം ഇവരിൽ ആർക്കാണ് ഉണ്ടാകേണ്ടത്?
പിന്നെ ഇന്സ്പെക്ടർ വിളിപ്പിച്ചത് സാമിനെ ആയിരുന്നു. മദ്യ ലഹരിയിൽ ഉറങ്ങിയ അവൻ ഒന്നും അറിഞ്ഞില്ല എന്ന പല്ലവി പറഞ്ഞു കൊണ്ടേയിരുന്നു. ജെന്നിയെ സാമിന് ഇഷ്ടമായോ എന്ന ചോദ്യത്തിനും അവൻ ഇല്ല എന്ന ഉത്തരം നൽകിയിരുന്നു .ഇതിനു മുമ്പ് ഇത് പോലെ സംഭവം ഉണ്ടായിടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം അവൻ ഇല്ല എന്ന ഉത്തരം പറഞ്ഞു. പക്ഷെ മീനാക്ഷി പറഞ്ഞല്ലോ അവൻ കോളേജിൽ വച്ച് ഇത് പോലെ വഴക്ക് കുടിയിട്ടുണ്ട് എന്ന ഇൻസ്പെക്റ്ററുടെ ചോദ്യത്തിനു മുന്നിൽ അവൻ പതറി. പിന്നെ ഒരു തവണ വിവേക് കോളേജു കാന്റീനിൽ വഴക്കിട്ട സംഭവം സാം ഇൻസ്പെക്റ്റരൊറ്റു വിവരിച്ചു .
വിവേകിന് അവനോടുള്ള നീരസത്തിനു കാരണവും അവൻ വ്യക്തമായി ഉത്തരം നൽകി യില്ല. സാം പറഞ്ഞു വിവേകിന് ജെന്നിയെ ഇഷ്ടമായിരുന്നു . അവൻ അവളെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നു . അല്ല ഭ്രാന്തമായി തന്നെ സ്നേഹിച്ചിരുന്നു "ജെന്നിയോട് ആരും സംസാരിക്കുന്നത് വിവേകിനിഷ്ടമായിരുന്നില്ല അല്ലെ?"
.ആ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.
ഇടക്ക് കയറി ആദിത്യ വീണ്ടും ചോദിച്ചു
"വിവേക് drugs കഴിക്കുമായിരുന്നോ? "
സാം ഒന്നും മിണ്ടിയില്ല. ആദിത്യ കനപ്പിച്ചു ആ ചോദ്യം വീണ്ടും ആവർത്തിച്ചു . . അവൻ അറിയാതെ തല കുലുക്കി.
ആദിത്യ അവന്റെ ഉത്തരങ്ങളിൽ പുർണ ത്രിപ്തൻ ആയിരുന്നില്ല. ഇനിയും സാമിനെ വിളിപ്പികും എന്ന് പറഞ്ഞു അവനെ വിട്ടു.
അത് കഴിഞ്ഞു എന്നെയും , അശ്വനേയും ചോദ്യം ചെയ്തു . തിരിച്ചും മറിച്ചും കുറെ ചോദ്യങ്ങൾ . എന്തിനു കൊന്നു , ബോഡി ഒളിപ്പിക്കുവാൻ സമയം കിട്ടിയില്ല അല്ലെ എന്നൊക്കെ? ഈ സ്ഥലം തിരെഞ്ഞെടുത്തു അശ്വിൻ ആയിരുന്നു അല്ലോ? സമുഹത്തിൽ ഉന്നത സ്വാധീനം ഉള്ള മക്കൾ ആണെങ്കിൽ ഏതു കേസും മാറ്റി മറക്കുവാൻ പറ്റും എന്ന് കരുതുന്നുണ്ടോ അങ്ങനെ ഒരു പാട് ചോദ്യങ്ങൾ .
അശ്വിനും , ഞാനും വല്ലാതെ ഭയന്നു എങ്കിലും ഞങ്ങൾ ധൈര്യം കളഞ്ഞില്ല. കുറ്റം ചെയ് തെങ്കിലല്ലേ പേടിക്കേണ്ട ആവശ്യം ഉള്ളു.
പിന്നെ ഇൻസ്പെക്ടർ വിവേകിനെ വിളിപ്പിച്ചു . അവനും ആദ്യം ഒന്നും അറിയില്ല എന്ന് തന്നെ പറഞ്ഞു. അപ്പോഴാണ് ആദിത്യ , കോണ്‍സ്റ്റടബിൽ കുൽക്കർണിയോട് എന്തോ കൊണ്ട് വരുവാൻ പറഞ്ഞത്. അയാൾ തെളിവ് മുതൽ പോലെ പൊതിഞ്ഞ എന്തോ കൊണ്ട് വന്നു . അത് ജെന്നിയുടെ രക്തം പുരണ്ട കത്തി ആയിരുന്നു. ആദിത്യ പറഞ്ഞു ഇത് ഞങ്ങൾ നിന്റെ സ്ലീപ്പിംഗ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതാണ്
ഇനി നീ ഒന്നും പറയെണ്ടേ . ബാക്കി എല്ലാം ഞങ്ങൾ പറയാം . കോണ്‍സ്റ്റബിൾ കുൽക്കർണി പറഞ്ഞു. .
"ഇന്നലെ വഴക്ക് കഴിഞ്ഞു പോയി വീണ്ടും നീ മരുന്ന് അടിച്ചു അല്ലെ. നിന്റെ ബാഗിൽ നിന്ന് അതും കണ്ടെത്തിയിട്ടുണ്ട് . നിങ്ങൾ എല്ലാവരും നന്നായി മദ്യപിച്ചിരുന്നു . അത് കൊണ്ട് തന്നെ എല്ലാവരും നന്നായി ഉറങ്ങും എന്നും നിനക്ക് അറിയാമായിരുന്നു, ആരും ഒരു ശബ്ദം കേട്ടാലും ഉണരില്ല എന്നും നീ കരുതി.നീ വീണ്ടും ജെന്നിയുടെ ടെന്ടിലേക്ക് പോയി. ജെന്നി ഉറങ്ങിയിരുന്നില്ല. പക്ഷെ ഇത്തവണ നീ അവളോടു പരമാവധി സ്നേഹം പ്രകടിപ്പിച്ചു. ഇരുട്ടിൽ അവളെ പുറത്തേക്കു ഇറങ്ങുവാൻ പ്രേരിപ്പിച്ചു. അവൾ ഒരു പൊട്ടി ആയിരുന്നു. അവൾ നിന്റെ വാക്ക് വിശ്വസിച്ചു. നിന്റെ ലക്‌ഷ്യം അവളെ കൊല്ലുക എന്ന് തന്നെ ആയിരുന്നു . അവസരം കിട്ടിയപ്പോൾ നീ അത് ഭംഗി ആയി നിറവേറ്റി. ഒറ്റ കുത്തിൽ പിടഞ്ഞു വീണ അവളെ വലിച്ചു ഇഴച്ചു താഴ്വവരയിലേക്ക് വലിച്ചിടുവാൻ ആയിരുന്നു നിന്റെ ഉദ്ദേശം . പക്ഷെ അവിടെ നിന്റെ കണക്കു കൂട്ടലുകൾ പിഴച്ചു. അതിനിടയിൽ ആരോ എഴുനേറ്റു അല്ലെ?"
"അതെ" ഞാൻ അറിയാതെ പറഞ്ഞു പോയി
. എന്തിനാണ് നിങ്ങൾ എഴുനേറ്റതു . ആദിത്യയുടെ ചോദ്യം പെട്ടെന്നായിരുന്നു.
ഞാൻ അത് പ്രതീക്ഷിച്ചില്ല. ഉത്തരം പറയാതിരിക്കുവാൻ ആവില്ല.
"വല്ലാത്ത ദാഹം തോന്നി വെള്ളം കുടിക്കണം എന്ന് കരുതി എഴുനേറ്റു . വിവേകിന്റെ ടെന്റിലെക്കു പോയി വെള്ളം കുടിക്കാം എന്ന് കരുതി. പോകുവാൻ തുനിഞ്ഞതാണ്. അപ്പോൾ പകുതി ഒഴിഞ്ഞ പെപ്സി കണ്ടു. അത് കൊണ്ട് അത് കുടിച്ചിട്ടു കിടന്നു."
"അപ്പോൾ നീ വേറെ ഒന്നും കേട്ടില്ലേ "
". ഇല്ല പുറത്തിരുട്ടായിരുന്നു . അത് കഴിഞ്ഞു ഞാൻ കിടന്നു."
കാലിയായ പെപ്സി ബോട്ടിൽ എന്റെ ടെന്റിൽ നിന്നും അവർ കണ്ടെടുത്തി രുന്നു .
" ഗോപൻ എഴുന്നേറ്റു എന്ന കാരണത്താൽ നീ ബോഡി അവിടെ ഇട്ടിട്ടു വേഗം നിന്റെ ടെന്ടിലേക്ക് പോയി. ചോര പൊടിഞ്ഞ കത്തി നിനക്ക് കളയുവാൻ കഴിഞ്ഞില്ല . അത് നീ സ്ലീപ്പിംഗ് ബാഗിൽ ഒളിപ്പിച്ചു. പിന്നെ നീ അത് കളയാം എന്ന് കരുതി എങ്കിലും നിനക്കതിനു സമയം കിട്ടിയില്ല . അതല്ലേ സത്യം. നിന്റെ കോട്ടിലും രക്തകറ കണ്ടെത്തിയിട്ടുണ്ട് "
"ഇതല്ലേ നടന്നത് ."
ആദിത്യ വീണ്ടും ഉറക്കെ ചോദിച്ചു. വിവേകിന് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല . കുറ്റ ബോധത്താൽ അവൻ മുഖം കുനിച്ചു . പോലിസ് അവനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
* * *
(ഇന്നത്തെ ദിനം)
ഞാൻ കാറിൽ കയറി ഇരുന്നു . പിന്നെ പോകും മുമ്പ് അവൻ ഒപ്പിട്ട ആ പേപ്പർ തുണ്ട് തുണ്ടായി കീറി കാറ്റിൽ പറത്തി. ഇത് അനിവാര്യം ആയിരുന്നു. ഇല്ലെങ്കിൽ രാജശേഖര മേനോൻന്ടെ മകൻ എന്ന് എനിക്ക് അഭിമാനിക്കുവാൻ കഴിയുമോ? വിവേകിൻെറ അച്ഛനും , എന്റെ അച്ഛനും ബിസിനസ് പങ്കാളികൾ ആയിരുന്നു. ഒടുവിൽ ചതിയിൽ എല്ലാം തട്ടി യെടുത്ത അച്ഛനെ ആട്ടി പായിച്ച ആ രംഗം ഇന്നും മനസ്സിൽ ഓർമയുണ്ട് . തകർന്നു പോയെങ്കിലും അച്ഛൻ ഭീരു ആയിരുന്നില്ല . വീണ്ടും ഒന്നിൽ നിന്നും തുടങ്ങി. പിന്നെ ഒരു വട വൃക്ഷം പോലെ പടർന്നു പന്തലിച്ചു. പക്ഷെ അച്ഛന്റെ മനസ്സിൽ ഒടുങ്ങാത്ത പക ജ്വലിക്കുന്നുണ്ടായിരുന്നു. ആ പക മരിക്കും മുമ്പേ അച്ഛൻ എന്നിലേക്ക് ആവാഹിപ്പിച്ചു. വിവേകിന്റെ അച്ഛനെ കൊല്ലണം എന്ന് അന്നേ കരുതിയതാണ് .
ചാണക്യൻ ആയിരുന്ന അച്ഛൻ പറഞ്ഞത് ഓർമ വന്നു. അവനെ കൊല്ലണം എന്നുണ്ടെങ്കിൽ എനിക്ക് എന്നേ ആകാമായിരുന്നു . പക്ഷെ അവന്റെ ദൌർബല്യം ഒറ്റ മകൻ ആയ വിവേക് ആണ് . അവനിലുടെ അയാളെ തളർത്തുവാൻ നിനക്കു കഴിയണം . അതാണ് അവനു കൊടുക്കെണ്ട ഏറ്റവും വലിയ ശിക്ഷ . അച്ഛന്റെ ഉപദേശം. അനുസരിച്ച് ആദ്യം അവന്റെ സൗഹൃദ വലയത്തിൽ കയറി പറ്റി . പിന്നെ പതിയെ പതിയെ മദ്യത്തിന്റെയും, ലഹരിയുടെയും ആഴമുള്ള കയത്തിലേക്ക് അവനെ തള്ളിയിട്ടു. എന്നിട്ടും തീർന്നിരുന്നില്ല അവനോടുള്ള പക. ആ പക ഒരു ലഹരി പോലെ അണയാതെ സൂക്ഷിച്ചു. പിന്നെ സാവധാനം ഇരയെ കാത്തിരിക്കുന്ന വേട്ട മൃഗത്തെ പോലെ ഇത്രയും നാൾ കാത്തിരുന്നു . അശ്വിൻ ഈ യാത്ര നിശ്ചയിച്ചപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു. എല്ലാ കാത്തിരിപ്പിനും ഒരവസാനം വേണമല്ലോ ? വിവേകിന്റെ മനസിൽ സാമിനെയും , ജെന്നിയും കുറിച്ചുള്ള ഇല്ലാ കഥകൾ കുത്തി വച്ചതും അതിനു വേണ്ടി തന്നെയാരുന്നു .
അന്ന് രാത്രി ജെന്നിയെ വിളിച്ചിറക്കിയത് കൊല്ലുവാൻ തന്നെ ആയിരുന്നു. പക്ഷെ ബോഡി നശിപ്പിക്കുവാൻ സമയം കിട്ടിയീല്ല . ആരോ ഉണർന്നു എന്നാ തോന്നൽ . പിന്നെ പിടിക്കപെടതിരിക്കുവാൻ ഉള്ള ശ്രമം . വിവേക് മയക്കമരുന്നു കുത്തിവയ്ക്കുന്നു കണ്ടിരുന്നു. അത് കഴിഞ്ഞു അവൻ ജെന്നിയും , മീനാക്ഷിയും തമ്മിൽ വഴക്ക് ഇടുന്നതും ആയ ആ രംഗം വീണ്ടും മനസ്സിൽ തെളിഞ്ഞു. മീനാക്ഷി തീർച്ചയായും ആ രംഗം പോലിസിനെ അറിയിക്കും എന്ന് എനിക്കറിയാമായിരുന്നു.റിയാമായിരുന്നു. പക്ഷെ അത് പോരല്ലോ . ശക്തമായ ഒരു തെളിവ് വേണമല്ലോ.
അത് കൊണ്ട് തന്നെയാണ് കത്തി ഒളിപ്പിക്കുവാൻ കണ്ടെത്തിയത് വിവേകിന്റെ ടെന്റ് തന്നെ ആയിരുന്നു. രക്തം പുരണ്ട ആ കത്തി അത് മതി അവൻ അകത്ത് ആകുവാൻ. .കത്തിയുടെ ചോര പാട്ടുകൾ അവന്റെ കോട്ടിൽ പടർത്തിയത് മനഃപൂര്വ്മായിരുന്നു. അതിനുശേഷം ചോരപുരണ്ട കത്തി അവന്റെ സ്ലീപ്പിങ് ബാഗിൽ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ മീനാക്ഷിയുടെ മൊഴികൾ വിവേകിന് എതിരായ തെളിവുകൾ ആയി മാറി. മയക്കുമരുന്നിന് അടിമയായായ അവന്റെ ഉപബോധ മനസ് അവൻ കുറ്റം ചെയ്തു എന്ന പ്രതീതി അവനിൽ ഉളവാക്കി.
പിന്നെ ഞാൻ നിശ്ചയിച്ചു ഉറപ്പിച്ച പോലെ സാമും, അശ്വിനും , പിന്നെ ഞാനും ഞങ്ങളുടെ ഭാഗം നന്നായി അഭിനയിച്ചു. പാവങ്ങൾ അവർ അറിഞ്ഞിരുന്നില്ലല്ലോ അവർ എന്റെ ചതുരംഗ പലകയിലെ വെറും കരുക്കൾ മാത്രം ആണെന്ന്?
എനിക്ക് അവനോടു വിഷമം ഒട്ടുമില്ല . വിഷമം തോന്നേണ്ടേ ആവശ്യം ഇല്ലല്ലോ? ഇത്രയും ചെയ്തിട്ട് രക്ഷപ്പെടെണ്ടത് എന്റെ ആവശ്യം ആണല്ലോ ? ആരെങ്കിലും ഒരാൾ ശിക്ഷിക്കപ്പെടണം .അവൻ തന്നെ കുറ്റം ഏറ്റു പറഞ്ഞ സ്ഥിതിക്ക് അവനു രക്ഷപെടുവാനുള്ള വഴി ഞാൻ എന്തിനു ഒരുക്കി കൊടുക്കണം . . വിവേകിന്റെ ഉപബോധ മനസ്സിൽ ആ കുറ്റം ചെയ്തത് അവൻ തന്നെ എന്ന ആ തോന്നൽ ഉണ്ട്. ഞാൻ ആയിട്ട് എന്തിനു എന്റെ മുഖംമുടി വലിച്ചു മാറ്റണം . ഇനി അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. അവൻ പറഞ്ഞിട്ടുണ്ടല്ലോ ജീവിതയാത്രയിൽ അവസാന സുഹൃത്തും , വഴികാട്ടിയും മരണം ആണെന്ന്. അങ്ങനെയാണെങ്കിൽ ആ സുഹൃത്തിന്റെ അടുക്കലേക്കു അവനെ നയിക്കുക എന്ന കടമ ചെയേണ്ടത് അവന്റെ സുഹൃത്തായ ഞാൻ തന്നെ അല്ലെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ