കഴിഞ്ഞ ആഴ്ച മുഴുവനും ബിസിനസ് ടൂറിൽ ആയിരുന്നു. 'ബാംഗ്ലൂർ റ്റു ചെന്നൈ, ചെന്നൈ റ്റു മുംബൈ ,' പിന്നെ തിരിച്ചു
ബാംഗ്ലൂരിരിലേക്ക് . യാത്രകൾ ഇപ്പോൾ അയാൾക്ക് ശീലമാണ് . പിന്നെ ജോലിയുടെ ഭാഗമായി ഈ യാത്രകൾ ഒഴിവാക്കുവാൻ ആവില്ലല്ലോ?
.
ആദ്യമൊക്കെ വിമലക്ക് വലിയ പരാതി ആയിരുന്നു. അയാളെ കാണുവാൻ കിട്ടുന്നില്ല എന്ന് പറഞ്ഞു അവൾ വെറുതെ വാശി പിടിക്കുമായിരുന്നു.ഇപ്പോൾ അവൾ പരാതി പറയാറില്ല. തനിയെ കാര്യങ്ങൾ ചെയ്യുവാൻ അവളും പഠിച്ചു കഴിഞ്ഞു. പതിവുപോലെ തന്നെ ട്രെയിൻ പുറപ്പെടുവാൻ താമസിച്ചു. 'വിവേക് എക്സ്പ്രസ്സ് ' നാല് മണിക്കൂർ വൈകി ആണ് മുംബയിൽ നിന്നും പുറപ്പെടത് .
വൈകുന്നേരം 06 :25 പുറപ്പെടേണ്ട ട്രെയിൻ യാത്ര തിരിച്ചത് 09 :45 പിറ്റേന്ന് വൈകുനേരം 06:45 നു എത്തേണ്ട ട്രെയിൻ അതുകൊണ്ട് തന്നെ മജെസ്റിക് സ്റ്റെഷനിൽ എത്തിയപ്പോഴെക്കും രാത്രി എട്ടര കഴിഞ്ഞിരുന്നു . പുറത്തു മഴ ചാറുന്നുണ്ടായിരുന്നു . കുട എടുക്കാത്തത് കൊണ്ട് അയാൾ നല്ലവണ്ണം നനഞ്ഞു എന്ന് തന്നെ പറയാം. ഓട്ടോ പിടിച്ചു ജയ നഗറിലേക്ക് പോയി. അയാൾ വരുമെന്നറിവുള്ളതു കൊണ്ട് വിമല ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു.
എത്ര താമസിച്ചു വീട്ടിൽ എത്തിയാലും അയാൾക്ക് അല്പം ചോറ് ഉണ്ണണം . കൂടുതൽ കറികൾ ഒന്നും വേണം എന്നില്ല. നല്ല കട്ട തൈരും, ഏതെങ്കിലും മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ അയാൾ തൃപ്തനാണ് . ആസ്വദിച്ചയാൾ ഊണ് കഴിക്കുന്നതും നോക്കി വിമല അടുത്തിരുന്നു. സാമ്പാറിൽ മുക്കി , പിന്നെ ഉരുള ആക്കി കുഴച്ച് , തോരനിൽ ഒന്ന് മുട്ടിച്ചു പിന്നെ അതിൽ കടു മാങ്ങാക്കറി തൊട്ടു കൂട്ടി , എല്ലാം കൂടി ഒന്ന് കൂടി കുഴച്ച് വായുടെ അരികിൽ എത്തിയ ശേഷം ഒറ്റ ഏറാണ് . പല ആവർത്തി അവൾ പറഞ്ഞിട്ടുണ്ട് ഇങ്ങനെ കഴിക്കരുത് എന്ന് . ടേബിൾ മാനേഴ്സ് നോക്കിയാൽ രുചി ആയി ഭക്ഷണം കഴിക്കുവാൻ പറ്റില്ല എന്ന പക്ഷക്കാരനാണ് അയാൾ.
അതിനിടയിൽ ആണ് വിമല ഒരു കാര്യം പറഞ്ഞത്.
"ഇന്നലെ ഇവിടെ കല്യാണം വിളിക്കുവാൻ ഒരു ഒരു കൂട്ടര് വന്നിരുന്നു ."
ഉരുള വിഴുങ്ങിയിട്ട് , അല്പം വെള്ളം കൂടി കുടിച്ചിട്ട് അയാൾ ചോദിച്ചു . "ആരുടെ കല്ല്യാണം? "
"അവരുടെ കല്ല്യാണം തന്നെ. "
"ആരുടെ!?" അയാൾ പൊട്ടനെ പോലെ വീണ്ടും ചോദിച്ചു .
" ആ പെൺകുട്ടിയുടെയും , ചെറുക്കന്റെയും കല്ല്യാണം തന്നെ "
അയാൾക്ക് ഒന്നും മനസിലായില്ല.
"പെണ്ണും , ചെറുക്കനും കൂടി ഒരുമിച്ചാണോ കല്ല്യാണം ക്ഷണിക്കുവാൻ വന്നത്? "
വിമല അതെ എന്ന അർത്ഥത്തിൽ തല കുലുക്കി. പിന്നെ പരിഭവ സ്വരത്തിൽ പറഞ്ഞു.
"നിങ്ങളെ നന്നായി അറിയും എന്നാണ് അവൾ പറഞ്ഞത്. വിജയ് ഭയ്യ , വിജയ് ഭയ്യ എന്ന് രണ്ടു മുന്ന് തവണ അവൾ പറഞ്ഞു . LIC ഓഫീസിൽ നിന്നും അവൾക്ക് നിങ്ങളുടെ അഡ്രസ് കിട്ടി എന്നു പറഞ്ഞു. ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവർ ആണെന്നും , പരസ്പരം അറിഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു എന്നും ഒക്കെ അവൾ വിവരിച്ചു. എന്നെ ആദ്യം കാണുകയാണെന്ന് തോന്നുന്നപോലെ അല്ല കുട്ടി സംസാരിച്ചത് .ഒരുപാട് പരിചയം ഉള്ള പോലെ:"
വിമലക്ക് കല്യാണം ക്ഷണിക്കുവാൻ വന്നവരെ അത്ര പിടിച്ചില്ല എന്ന് അവളുടെ മുഖഭാവം വ്യക്തമാക്കി. വിമല അതിനിടെ കഴിഞ്ഞ ദിവസം ഗോപാൽ ചന്ദിന്റെ ഫ്ലാറ്റിൽ കള്ളൻ കയറിയ സംഭവം വിവരിക്കുവാൻ ആരംഭിച്ചു.
ലൈറ്റ് അണച്ച് കിടക്കും മുമ്പാണ് അയാൾ ആ കല്ല്യാണക്കുറി കണ്ടത്. മനോഹരമായി പ്രിന്റ് ചെയ്ത വെഡ്ഡിഗ് കാർഡ് അയാൾ അത് തുറന്നു നോക്കി.
"request the pleasure of your company to celebrate the marriage of Vaishali and Jayanth " .
കാർഡ് നോക്കി ഇരിക്കുന്ന അയാളെ നോക്കി വിമല ചോദിച്ചു
"എന്താ ഉറങ്ങുന്നില്ലേ? "
അയാൾ ഒന്നും മിണ്ടിയില്ല. ലൈറ്റ് അണച്ച് അവൾ കിടന്നു.
കുറച്ചു കഴിഞ് അവൾ തിരിഞ്ഞു നോക്കി. അയാൾ അപ്പോഴും കണ്ണ് തുറന്നു ഉറങ്ങാതെ അതേപടി കിടപ്പാണ് . പെട്ടെന്ന് അവൾ ചോദിച്ചു.
"എന്താ ആലോചിക്കുന്നത്."
അതിനു അയാൾ മറുപടി പറഞ്ഞില്ല. ഉത്തരം കിട്ടാത്തത് കൊണ്ട് അവൾ വീണ്ടും മറു ചോദ്യം എറിഞ്ഞു.
"ആരാണ് ഈ വൈശാലി? "
ഒരിക്കൽ പോലും താൻ അവളോടു ഈ പേര് പറഞ്ഞിട്ടില്ല. അയാൾ ഒന്നും മിണ്ടിയില്ല. അയാളുടെ മൌനം അവളെ ചൊടിപ്പിച്ചു. ഇടം കൈയ്യാൽ തല
കിഴുക്കികൊണ്ടു വീണ്ടും വിമല ചോദിച്ചു
"ആരാണിവൾ ? എങ്ങനെയാണ് വിജയിനു അവളെ പരിചയം? അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ ഫോണ്‍ ചെയ്തു വിജയിനോട് എല്ലാം ചോദിക്കണം എന്ന് കരുതിയതാണ് ."
സ്ത്രീ സഹജമായ സംശയം അവളിൽ മൊട്ടിട്ടു കഴിഞ്ഞിരിക്കുന്നു.
ഇനി ഒന്നും ഒളിക്കുന്നതിൽ അർത്ഥമില്ല എന്നയാൾക്കറിയാം . കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാൾ പറയുവാൻ ആരംഭിച്ചു .
"അത് ഒരു തെറ്റിന്റെ കഥയാണ് . ഞാൻ മറക്കുവാൻ ആഗ്രഹിച്ച, അല്ല മറന്ന ഒരു വലിയ തെറ്റിന്റെ കഥ. "
അവൾ അയാളെ തുറിച്ചു നോക്കി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു വിജയ് എന്തിനു എന്നോടു മറച്ചു വച്ചു എന്ന ഭാവം . അവൾ ഗൗരവ പൂർവ്വം ചോദിച്ചു .
"ആരാണീ വൈശാലി, അവളെ എങ്ങനെയാണ് പരിചയം. അത് പറയു ."
ഇനി ഇതിനു ഉത്തരം കിട്ടാതെ അവൾ ഉറങ്ങില്ല എന്ന് അവനറിയാം.
അവളെ നോക്കാതെ അവൻ പറയുവാൻ ആരംഭിച്ചു.
അന്ന് ഞാൻ LIC യിൽ ഇൻഷുറൻസ് എജന്റ് ആയി മംഗലാപുരത്ത് ജോയിൻ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു. ടാർജറ്റ് ഒപ്പിക്കുവാൻ വേണ്ടി എനിക്ക് പല ക്ലൈൻറ്സിനെയും കാണേണ്ടി വരുമായിരുന്നു. നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആണ് ഞാൻ ഗോവയിലേക്ക് യാത്ര തിരിച്ചത്. വളവും , തിരിവും , ചുരവും , കയറ്റവും ഇറക്കവും ഉള്ള യാത്ര. വഴിക്ക് വച്ച് എന്റെ ബസ് ബ്രേക്ക് ഡൌണ്‍ ആയി. പിറ്റേന്ന് രാവിലെ തന്നെ എനിക്ക് രാജാറാമിനെ കാണേണ്ട ആവശ്യകത ഉണ്ടായിരുന്നു.
അന്ന് കാണുവാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ ഈ യാത്ര തന്നെ വിഫലം ആകും. ടാർജറ്റ് ഒപ്പിക്കുവാൻ പാടു പെടുന്ന എന്റെ മുമ്പിൽ ഒരു കച്ചി തുരുമ്പ് പോലെ ആണ് രാജാറാം പ്രത്യക്ഷപ്പെട്ടത് . ഒത്താൽ നല്ല തുക പോളിസി എടുപ്പിക്കാം. എന്ത് ചെയ്യണം എന്ന് അറിയാതെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ആണ് ദൈവദൂതനെ പോലെ ഒരു ടാക്സിക്കാരൻ എൻ്റെ മുമ്പിൽ വന്നു പെട്ടത്. ഗോവയിലേക്ക് ആണെന്ന് പറഞ്ഞപോൾ അയാൾക്കും സന്തോഷം.
നല്ല സംസാര പ്രിയനായ ഡ്രൈവർ . സഞ്ജയ് റാവു എന്നോ മറ്റോ ആയിരുന്നു അയാളുടെ പേര്. അയാൾ എന്നോടു ജോലി ചോദിച്ചു. ഞാൻ ഇൻഷുറനസ് ഏജന്റ് ആണെന്ന് അയാളോട് പറഞ്ഞു. സംസാരത്തിനിടെ ഞാൻ റാവുവിനോടായി ചോദിച്ചു.
"എവിടെയാണ് നിങ്ങളുടെ വീട് ."
അയാൾ പറഞ്ഞു .
"വലിയ ദൂരം ഒന്നുമില്ല. പക്ഷെ ചുരം കയറി ഇറങ്ങണം. അല്പം കണ്ണ് തെറ്റിയാൽ താഴെ അഗാധമായ കൊക്കയാണ്. എത്ര മരണങ്ങൾ നടന്ന ഇടമാണെന്ന് അറിയാമോ? "
എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു .
"വല്ല ഹോട്ടലും അടുത്തുണ്ടോ? നല്ല വിശപ്പ് ." ഞാൻ ചോദിച്ചു.
" അടുത്തു ഒരു നല്ല ഹോട്ടൽ ഉണ്ട് . നമുക്ക് അവിടേക്ക് പോകാം."
പോകുന്ന വഴി അയാൾ പറഞ്ഞു
"അവിടെ സാറിനു പറ്റിയ നല്ല കുട്ടികൾ ഉണ്ട്. അയാൾ പറഞ്ഞത് എനിക്ക് മനസിലായി."
എങ്കിലും ഞാൻ മൌനം ഭാവിച്ചു.
"താല്പര്യം ഉണ്ടോ സാറിനു അയാൾ വീണ്ടും ചോദിച്ചു."
" ഇല്ല" എന്ന് ഞാൻ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു. അയാൾക്ക് എന്നെ വിടുവാൻ ഭാവം ഇല്ല എന്ന് തോന്നി.
"സാർ വിവാഹിതൻ ആണോ."
"വിവാഹം , കഴിച്ചിട്ടില്ല ."
"അപ്പോൾ പിന്നെ ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കേണ്ടേ? "
അയാൾ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു. ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. തരക്കേടില്ലാത്ത ഒരു ഹോട്ടൽ ആയിരുന്നു അത്. ഞങ്ങൾ രണ്ടു പേരും അവിടെ നിന്ന് ആഹാരം കഴിച്ചു. ആഹാരം കഴിച്ചു കഴിഞ്ഞപോൾ അയാൾ അടുത്തു വന്നു .
"സാറിനു പറ്റിയ ഒരു കുട്ടിയുണ്ട് ഇവിടെ ഒന്ന് പോയി നോക്കി വരൂ. ആരെങ്കിലും അറിയും എന്നുള്ള പേടി ഒന്നും വേണ്ട . ഇതൊക്കെ ഇവിടെ പതിവാണ്. "
ആദ്യം ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ അയാളുടെ നിർബന്ധത്തിൽ ഞാൻ വീണു . അങ്ങനെ ഞാൻ ഹോട്ടലിലെ അകത്തെ മുറിയിലേക്ക് പോയി. അവിടെ ഒരു പെണ്‍ കുട്ടി എന്നെ കാത്തിരിപ്പുണ്ടായിരുന്നു. മെലിഞ്ഞ , ഏറിയാൽ ഒരു പതിനാറ് - പതിനേഴു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി. വാതിൽ അടച്ചിട്ടു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. ആദ്യമായത് കൊണ്ടുള്ള പരിഭ്രമം എന്നിൽ ഉണ്ടായിരുന്നു. കട്ടിലിൽ അവളുടെ അടുത്തു ചെന്ന് ഞാൻ ഇരുന്നു.
കുറെ ഏറെ നേരം കഴിഞ്ഞ ശേഷം ആണ് ഞാൻ പുറത്തു വന്നത്.
"സാർ ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കുന്നു. എങ്ങനെ കുട്ടി നല്ലതാണോ. ഞാൻ പോക്കറ്റിൽ തിരുകി അഞ്ഞൂറിന്റെ ഒരൊറ്റ നോട്ട് അയാളുടെ കൈയിൽ വച്ച് കൊടുത്തു. ഒരു തുടക്കക്കാരന്റെ പകർച്ച എന്നിൽ നിന്നും വിട്ടകന്നു എന്ന് അയാൾക്കു തോന്നിയിട്ടുണ്ടാകാം .
പിന്നെ ബാഗ് തുറന്നു അയാളോടായി പറഞ്ഞു .
"നിങ്ങൾക്ക് വേണ്ടി ഒരു ഇൻഷുരന്സു പോളിസി എടുക്കാം. ഇതിന്റെ മൂന്നു മാസത്തെ തവണകൾ ഞാൻ തന്നെ അടച്ചോളാം ."
നല്ല ഒരു പെണ്‍കുട്ടിയെ കാഴ്ച വച്ചതിനു ഒരു നന്ദി പ്രകടനം എന്നോർത്ത് അയാള് ഞാൻ പറഞ്ഞപോലെ ഒപ്പിട്ടു തന്നു. പോകുവാൻ തിടുക്കം കൂട്ടിയ അയാളോട് ഞാൻ പറഞ്ഞു .
"ഇന്ന് ഞാൻ ഇവിടെ താമസിച്ചോളാം. നിങ്ങൾ നാളെ രാവിലെ വരൂ ,"
അയാൾ ഒരു കള്ള ചിരിയോടെ പറഞ്ഞു .
"സാറിനു കുട്ടിയെ വല്ലാതെ പിടിച്ചു എന്ന് തോന്നുന്നല്ലോ ."
എൻ്റെ ഉത്തരം ഞാൻ ഒരു ചിരിയിൽ ഒതുക്കി. നാളെ രാവിലെ രാജാ റാമിനെ പോയി കാണാം എന്ന് ഞാൻ അവനോട് പറഞ്ഞു. പിന്നെ അയാളോടു അവിടെ വെയിറ്റ് ചെയ്യുവാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കു പോയി. പിന്നെ തിരികെ വന്ന ശേഷം അയാൾക്കുള്ള ടാക്സി കൂലി കൊടുത്തു. തല ചൊറിഞ്ഞു ഭവ്യതയിൽ അയാൾ അത് സ്വീകരിച്ചു.
സൂക്ഷിച്ചു പോകണം ചുരം ഇറങ്ങണം എന്നല്ലേ പറഞ്ഞത്.
"അതൊന്നും സാരമില്ല സാർ, എത്ര പാതിരാത്രി ഇതുപോലെ ഈ വഴി എൻ്റെ വണ്ടി ഓടിയിട്ടുണ്ട് .ഞാൻ നാളെ രാവിലെ വരാം"
സന്തോഷത്തോടെ അയാൾ പോയി.
വിമലയുടെ മുഖം കറുത്തിരുണ്ടിരുന്നു.
"അപ്പോൾ നിങ്ങളുടെ പഴയ രഹസ്യ ക്കാരി ആണല്ലേ ഇന്നലെ വന്നത്. അതറി ഞ്ഞിരുന്നു എങ്കിൽ ഞാൻ അവളെ ആട്ടി ഓടിച്ചേനെ ."
ഞാൻ വിമലയോടായി പറഞ്ഞു ഞാൻ ആദ്യമേ പറഞ്ഞില്ലേ.
"ഒരു തെറ്റിന്റെ കഥയാണ് എന്ന്. ഞാൻ മറക്കുവാൻ ആഗ്രഹിക്കുന്ന കഥയാണ് ഇത് എന്ന് . നീ കൂടി പറഞ്ഞിട്ടല്ലേ ഞാൻ അത് നിന്നോടു പറഞ്ഞു തുടങ്ങിയത്."
.
അവളെ കൂടുതൽ പറയുവാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു ,
"വിമലാ , ഞാൻ മുഴുവനും പറഞ്ഞു കഴിഞ്ഞിട്ടില്ല . നിനക്ക് എന്നെ ക്രൂശിക്കാൻ അവകാശം ഉണ്ട് . പക്ഷെ ഇത് ഞാൻ മുഴുമിപ്പിക്കും വരെ, അല്ലെങ്കിൽ എനിക്ക് ബാക്കി കൂടി പറയുവാൻ ഉള്ളത് കേൾക്കുവാനുള്ള ക്ഷമ നീ കാണിക്കണം . "
അവൾ വെറുപ്പോടെ പറഞ്ഞു .
"ഇനി എന്ത് കേൾക്കുവാൻ . പറയുവാൻ ഉള്ളത് അറപ്പില്ലാതെ നിങ്ങൾ പറഞ്ഞു കഴിഞ്ഞില്ലേ."
"ഇല്ല മുഴുവനും ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല. മുഴുവനും കേട്ടിട്ട് നിനക്ക്
തീരുമാനിക്കാം."
എൻ്റെ പ്രായം , അത് വലിയ ഒരു ഘടകം ആയിരുന്നു. ഇന്നായിരുന്നു എങ്കിൽ എത്ര പ്രലോഭിതൻ ആയാലും ഞാൻ ആ മുറിയിലേക്ക് പോകുമായിരുന്നില്ല . പക്ഷെ അയാൾ നിർബന്ധിച്ചപ്പോൾ ഞാൻ ആ മുറിയിലേക്ക് പോയി. അത് തെറ്റ് തന്നെ ആയിരുന്നു. അവിടെ അവൾ ഉണ്ടായിരുന്നു. ഇന്നലെ വന്നു എന്ന് നീ പറയുന്ന വൈശാലി. വാതിൽ
അടച്ചിട്ട് ഞാൻ അവളുടെ അരികിൽ ഇരുന്നു.
എന്നെ അവൾ തള്ളി മാറ്റി. എന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു
നിറ കണ്ണുകളോടെ, കാല് പിടിച്ച കരയുന്ന ആ മുഖം ഇന്നും കണ്‍മുമ്പിലുണ്ട്. എനിക്ക് അവളോടു കരുണ തോന്നി. ഞാൻ പറഞ്ഞു അവളോടു ശാന്തമാകുവാൻ . കുടിക്കുവാൻ ഞാൻ അവൾക്കു ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്തു കൊടുത്തു .
കുറച്ചു നേരം കഴിഞ്ഞു . പിന്നെ അവൾ , അവളുടെ കഥ പറയുവാൻ ആരംഭിച്ചു. അച്ഛനും , അമ്മയും നേരത്തെ മരിച്ച അവൾ അവളുടെ
അമ്മൂമ്മയുടെ സംരക്ഷണത്തിൽ ആയിരുന്നു. അച്ഛന്റെ അടുത്ത സ്നേഹിതൻ ആയിരുന്നു ഈ റാവു. അവളെ തുടർന്നു പഠിപ്പിച്ചോളാം എന്ന വ്യവസ്ഥയിൽ റാവു അവളെ അയാളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയത് .
അവളെ പഠിപ്പിക്കുവാനും അയാൾ തയ്യാറായി . പക്ഷെ അയാളുടെ ഭാവ മാറ്റം പെട്ടെന്നായിരുന്നു. വളർച്ച എത്തിയ പെണ്ണായി മാറുവാൻ മാത്രം അയാൾ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് അയാൾ എന്നെ ഇന്നലെ ഈ ഹോട്ടലിൽ എത്തിച്ചത് . ഞാൻ എതിർത്തപ്പോൾ അയാൾ ഒരു പാടു എന്നെ തല്ലി . കവിളിലും , കഴുത്തിലും അയാൾ തല്ലിയ പാടുകൾ അവൾ കാണിച്ചു തന്നു.
"എന്നെ ഇവിടെ നിന്ന് ഒന്ന് രക്ഷപെടുത്താമോ സാർ. " അവളുടെ കഥ കേട്ടിട്ട് എനിക്ക് വിഷമം തോന്നി. ഞാൻ പറഞ്ഞു നിന്നെ ഞാൻ തൊടുക പോലും ഇല്ല. പക്ഷെ നാളെ വരുന്ന ആൾ എന്നെ പോലെ ആകണം എന്നില്ല. അവൾ പറഞ്ഞു
"എനിക്ക് പഠിക്കണം സാർ. പഠിച്ചു കഴിഞ്ഞാൽ എന്തെങ്കിലും ജോലി എനിക്ക് തരം ആകില്ലേ."
ദയനീയ ഭാവത്തിൽ ഉള്ള ആ ചോദ്യം എന്നെ വല്ലാതെ ഉലച്ചു.
എനിക്ക് റാവുവിനെ കൊല്ലുവാൻ ഉള്ള ദേഷ്യം തോന്നി. അവളെ അവിടെ നിന്ന് രക്ഷപെടുത്തണം എന്ന് മനസ്സിൽ ഉറച്ചു. പക്ഷെ എങ്ങനെ? റാവുനോട് മല്ലിട്ട് , അവളെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോകുവാൻ എനിക്ക് ശക്തി ഇല്ല . അതിനു ഞാൻ ഒരു സിനിമ നായകൻ ഒന്നും അല്ലല്ലോ. അവളോടു സമാധാനമായി ഉറങ്ങുവാൻ ഞാൻ പറഞ്ഞു.
ഏറെ നേരത്തെ ആലോചനക്കു ശേഷം ഞാൻ എന്റെ ബാഗ് തുറന്നു റാവുവിന്റെ പേരിൽ വലിയ ഒരു തുക ഇൻഷുർ ചെയ്തു കൊണ്ടുള്ള ഒരു പോളിസി തയ്യാറാക്കി . മരണാന്തരം ആ തുക അവളിലേക്ക് വന്നു ചേരുന്ന തരത്തിൽ അവളെ നോമിനി ആക്കി നിർദേശിക്കുന്ന തരത്തിൽ ഞാൻ ആ ഡോക്യുമെന്റ് ഉണ്ടാക്കി. ഇത്രയും നാൾ വൈശാലി താമസിച്ചത് റാവുവിന്റെ കൂടെ ആയിരുന്നല്ലോ.
സന്തോഷം ഭാവിച്ചു ഞാൻ റാവു വിന്റെ അടുത്തേക്ക് ചെന്നു . അയാൾക്കു സംശയം തോന്നാതിരിക്കുവാൻ ആദ്യം തന്നെ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് ഞാൻ അയാൾക്ക് നല്കി. പിന്നെ ആ പേപ്പർ അയാളെ കൊണ്ട് നിർബന്ധിച്ചു ഒപ്പ് ഇടീപ്പിച്ചു. അയാൾ സ്വന്തം മരണപത്രം തന്നെയാണ് എനിക്ക് ഒപ്പിട്ടു നൽകിയത് . ഇപ്പോൾ വരാം എന്ന് പറഞ്ഞു ഞാൻ പോയത് അയാളുടെ കാറിന്റെ ബ്രേക്ക് കണക്ഷൻ വിടുവിപ്പിക്കുവാൻ ആയിരുന്നു. ജോലി ഇല്ലാതെ അലഞ്ഞ നാളുകളിൽ മാനുവൽ അച്ചായന്റെ വർക്ക് ഷോപ്പിൽ കുറച്ചു നാൾ ഞാൻ വണ്ടി പണിക്കു പോയ അറിവ് അവിടെ ഉപകരിച്ചു.
സന്തോഷത്തോടെ റാവുവിനെ ഞാൻ യാത്ര അയച്ചു. അയാൾ അറിഞ്ഞിരുന്നില്ല അത് അയാളുടെ അന്ത്യ യാത്ര ആകും എന്ന്. പിറ്റേന്ന് കാർ കൊക്കയിൽ വീണു റാവു മരിച്ച വിവരം ഹോട്ടൽ മാനേജർ പറഞ്ഞ് ഞാൻ അറിഞ്ഞു. ഞാൻ അയാളോടായി പറഞ്ഞു ഇവിടെയും പോലീസ് അന്വേഷണം വരും. നിങ്ങളും, ഞാനും കുടുങ്ങും. എത്രയും വേഗം ആ കുട്ടിയെ അവളുടെ വീട്ടിൽ എത്തിക്കുക. ഞാൻ പറഞ്ഞ ആ കള്ളം അയാൾ വിശ്വസിച്ചു.
ഹോട്ടൽ മാനേജർ ഒരു കാർ വിട്ടു തന്നു. സുരക്ഷിതമായി അവളെ വീട്ടിൽ എത്തിക്കേണ്ടത് എന്റെയും ആവശ്യം ആയിരുന്നു. ഞാൻ അവളുടെ വീട്ടിൽ പോയി അമ്മൂമ്മയോടു കാര്യങ്ങൾ മുഴുവനും പറഞ്ഞു. പിന്നെ അവരോടു അവളെ തുടർന്നു പഠിപ്പിക്കണം എന്നും , പഠനത്തിനു മുഴുവൻ തുകയും അവളുടെ പേരിൽ നിക്ഷേപിക്കാം എന്നും പറഞ്ഞു.
റാവു , മരിക്കുന്നതിനു മൂന്ന് മാസം മുമ്പ് ഈ പോളിസി എടുത്തു എന്ന രീതിയിൽ ആണ് ഞാൻ പോളിസി തയ്യാറാക്കിയത് ..മൂന്ന് മാസത്തെ പ്രീമിയം ഞാൻ തന്നെ റാവുവിന്റെ പേരിൽ അടച്ചു. എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ നടന്നു. പോലീസ് അന്വേഷണം നടന്നു. എതിരെ വന്ന തമിഴ് ലോറീക്ക് സൈഡ് കൊടുക്കുന്നതിനിടെ അപകടം സംഭവിച്ചു എന്ന് പോലീസ് റിപ്പോർട്ട് വന്നു. ഏഴു മാസത്തിനുള്ളിൽ മുഴുവൻ ഇൻഷുറനസ് തുകയും പാസാക്കി കിട്ടി, ആ തുക അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.
എൻ്റെ മാനേജർ ശിവദാസ് സാർ ഒരു പാട് സഹായിച്ചു . ആ തുക കൊണ്ട് അവൾക്കു പഠിക്കുവാൻ കഴിയും എന്ന വിശ്വാസം ഉണ്ടായിരുന്നു. അവസാനം കണ്ടു പിരിയുമ്പോൾ ഞാൻ പറഞ്ഞു ,
"നന്നായി പഠിക്കണം , കഴിഞ്ഞത് എല്ലാം മറക്കുക. അത് ഒരു അടഞ്ഞ അദ്ധ്യായം ആണെന്ന് കരുതിയാൽ മതി."
നന്ദിയോടെ അവൾ എല്ലാം തല കുലുക്കി സമ്മതിച്ചു. അന്നാദ്യമായി അവൾ എൻ്റെ കൈ ചേർത്തു പിടിച്ചു വിളിച്ചു-വിജയ് ഭയ്യാ എന്ന്. അതിനു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.
അയാൾ പറഞ്ഞു നിറുത്തി .ഒന്നും പറയുവാൻ ആവാതെ വിമല വിജയുടെ നെഞ്ചിൽ ചേർന്ന് കിടന്നു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. ഇത് ഒരു തെറ്റിന്റെ കഥയല്ല വിജയ്. വലിയ ഒരു ശരിയുടെ കഥയാണ്. ഈ വലിയ മനസിന്റെ നന്മയുടെ കഥയാണ്. അല്പം നേരത്തേക്ക് ആണെങ്കിൽ പോലും ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു. അവളുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ തുള്ളികൾ അവന്റെ നെഞ്ച് നനച്ചു.
പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ