2018, ജൂൺ 4, തിങ്കളാഴ്‌ച

ഗോപാലകൃഷ്ണന്റെ ആദ്യത്തെ കേസ്


കുറെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഗോപാലകൃഷ്ണനെ കാണുന്നത് . ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ് പ്രീഡിഗ്രിവരെ .  ഞാൻ    കണക്കിലും , അവൻ ചരിത്രത്തിലും ബിരുദം എടുത്തു . ഞാൻ  ഒരു അധ്യാപകനായി . പിന്നെ എപ്പോഴോ അറിഞ്ഞു അവൻ ഒരു വക്കീൽ ആയി എന്ന്.  വർഷങ്ങൾ ഏറെ കഴിഞ്ഞ ഒരു ദിനം ഞാൻ അവനെ വീണ്ടും കണ്ടു.  എറണാകുളത്തു കുടുംബ സംബന്ധമായ ഒരു കേസിനോട് അനുബന്ധിച്ചു കൊടതിയിൽ  കയറി ഇറങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നു . കോടതിക്കു സമീപമുള്ള പെട്ടി കടയിൽ നിന്നും ഒരു സിഗരറ്റു  വാങ്ങി വലിക്കുന്നതിൻ ഇടയിൽ ഞാൻ അവനെ കണ്ടു . വകീൽ കുപ്പായമിട്ട ഗോപാലകൃഷ്ണനെ .  പണ്ടത്തെ ആ നനുത്ത പയ്യനിൽ നിന്നും കഷണ്ടി കയറിയ തലമുടിയും , കുമ്പയുമുള്ള ഗോപാലകൃഷ്ണനെ .

എന്നെ കണ്ടതും അയാൾ ഉന്മേഷത്തോടെ അയാളുടെ വക്കീലാഫിസിലേക്കു  എന്നെ സ്വാഗതം ചെയ്തു.  കുറച്ചുനാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടുകയാണ് . അതുകൊണ്ടു തന്നെ സംസാരിക്കുവാൻ വിഷയങ്ങൾ ഒരുപാടുണ്ട് താനും.

കുശലാന്വേഷണം ഞാൻ ആരംഭിച്ചു .   " എത്ര നാളായി വക്കീൽ ആയിട്ട് ?"

ഗോപാലകൃഷ്ണൻ ചിരിച്ചു.  "  സന്നത്  എടുത്തിട്ടു വർഷങ്ങൾ ആയി."  വെളിയിലേക്കു  കൈ ചുണ്ടി  ഒരു മരപ്പലക കാണിച്ചിട്ട്  അയാൾ പറഞ്ഞു .

" രണ്ടു വർഷമായി ആ പലക  അവിടെ തൂക്കിയിട്ട്  ."

ഞാൻ  ഒരാവർത്തി വായിച്ചു .  ഗോപാലകൃഷ്ണൻ ,   ബി. എ ,  എൽ .എൽ. ബി

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു . ഓഫീസ് ഒക്കെ കൊള്ളാം . വലിയ ഒരു ഷെൽഫ് നിറയെ  ഫയലുകൾ . പിന്നെ കുറെ തടിയൻ നിയമ പുസ്തകങ്ങൾ .

ഞാൻ ചോദിച്ചു ." ആ ഫയലുകൾ എല്ലാം നീ വാദിച്ച കേസുകൾ ആണോ"

അവൻ പൊട്ടി ചിരിച്ചു . പിന്നെ ഒരു സ്വകാര്യം പോലെ പറഞ്ഞു. "നീ ആയതുകൊണ്ട് സത്യം പറയാം . അതിനെ ഉള്ളിൽ   പേപ്പർ പോലുമില്ല . പിന്നെ ഓഫീസിൽ വരുന്നവർ  എനിക്ക് നിറയെ കേസ് ഉണ്ടെന്നു കരുതുവാനുള്ള   ഒരു തന്ത്രം "

"നീ ശരിക്കും ഒരു വക്കീൽ ആയ്യി "അവന്റെ ചിരിയിൽ ഞാനും പങ്ക് ചേർന്നു .

"എങ്ങനെ കേസ് ഒക്കെയുണ്ടോ? ."  ഞാൻ വീണ്ടും കുശലം ചോദിച്ചു .

ഗോപാലകൃഷ്ണൻ പറഞ്ഞു.

"ഒരു വക്കീൽ പല ഘട്ടങ്ങളിൽ കൂടി കടന്നു പോകണം .
ആദ്യം കേസില്ല.   വെറും ജൂനിയർ ആയി  സീനിയറിനു ചായയും മേടിച്ചു കൊടുത്തുള്ള കാലം .  പിന്നെ  കേസുണ്ട് , പക്ഷെ ഫീസില്ല . ഇനി അടുത്ത ഘട്ടം കേസും , ഫീസുമുണ്ട് ."

ഞാൻ ചോദിച്ചു നീയിപ്പോൾ ഏതു ഘട്ടത്തിൽ ആണ് .

"ഞാൻ ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിൽ ആണെന്ന് പറയാം. "

അപ്പോൾ നീ പച്ച പിടിച്ചു തുടങ്ങി . '

"ഞാൻ  എങ്ങനെ ഇങ്ങനെയായി എന്നത് ഒരു കഥയാണ് .  നിനക്കു  കേൾക്കണമോ ആ കഥ ."

എനിക്ക് പ്രതേകിച്ചു പണിയൊന്നുമില്ല ,  അതുകൊണ്ടു തന്നെ അവന്റെ കഥ കേൾക്കുവാൻ  ഞാൻ  ചെവി കൂർപ്പിച്ചു .


ഞാൻ  ആദ്യത്തെ   ഘട്ടം പറഞ്ഞില്ലേ . കേസുമില്ല , ഫീസുമില്ല എന്ന കാലഘട്ടം .  വീട്ടിൽ നിന്നും കാശിറക്കി അങ്ങനെ ഒന്ന് രണ്ടു വർഷം കഴിഞ്ഞു പോയി. സീനിയർ തന്നെ കേസില്ലാതെ ഇരിക്കുന്നയാളാ . പിന്നെ എങ്ങനെ പുള്ളിക്കാരൻ വല്ലതും തരും.   പുള്ളിക്കാരന്  ചായയും , പപ്പട വടയും മേടിച്ചു ജീവിതം കഴിയുമോ എന്ന്  ഞാൻ ഭയപ്പെട്ടിരുന്ന  കാലം . അങ്ങനെ എത്ര നാൾ കഴിയും .

കുറെ കഴിഞ്ഞപ്പോൾ രണ്ടും കല്പിച്ചു ഞാൻ ഈ ഓഫീസ്  അങ്ങോട്ട് എടുത്തു  അതായതു കൃത്യം  രണ്ടു വർഷങ്ങൾക്ക്  മുമ്പ് .  പക്ഷെ അത് പോരല്ലോ . ഈ മുറിക്കു വാടക കൊടുക്കേണ്ടേ . പിന്നെ അവിടെ  ഇരുന്നു ദേശാഭിമാനി പത്രം  വായിക്കുന്ന നാരയണൻ നായരേ കണ്ടോ . അയാൾ എന്റെ ഗുമസ്തനാ . അയാൾക്കും വല്ലതും കൊടുക്കേണ്ടേ . ആദ്യത്തെ കുറച്ചുമാസം അങ്ങനെ പോയി.   വീട്ടിൽ നിന്നും  അച്ഛൻ കാശു തന്നു സഹായിച്ചു .   പിന്നെ കുറച്ചു മാസങ്ങളിൽ പരിചയുമുള്ളവർ സഹായിച്ചു .  എത്ര നാൾ അങ്ങനെ കഴിയും എന്ന് കരുതി ഇരിക്കുമ്പോൾ ആണ്  ആ സംഭവം നടക്കുന്നതു് .

ഗോപാലകൃഷ്ണൻ  ഗുമസ്തനെ വിളിപ്പിച്ചു രണ്ടു ചായ കൊണ്ടുവരുവാൻ ഏർപ്പാടു ചെയ്തു.

" ബാറിലേക്ക്  പ്രവേശിക്കുന്നതുവരെ എത്ര  സുന്ദരമായ പ്രതീക്ഷകൾ ആയിരുന്നു.  പക്ഷെ പ്രതീക്ഷകൾ നമ്മളെ വെറുതെ വിഡ്ഢികളാക്കും . എപ്പോഴും കഴുത്തു പുറത്തേക്കു നീട്ടി കക്ഷികൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന കാലം .  ഒരുത്തനും വന്നു കയറിയില്ല. കക്ഷികൾ   തേടി  പോകുന്നത് മുടി നരച്ച വക്കീലന്മാരെയും , കഷണ്ടി കയറിയ  വക്കീലൻ മാരെയും കണ്ടുകൊണ്ടാണ് .

കുടത്തിലെ     ഭൂതം പോലെ ഈ മുറിയിൽ ബന്ധിതനായി ഞാൻ അങ്ങനെ ഇരിക്കുകയാണ് . സിനിമയിലെപോലെ ഒരു മുക്കുവൻ വരും , എന്നെ കുടത്തിൽ നിന്നും രക്ഷിക്കും എന്ന് ഞാൻ കിനാവ് കണ്ടു. അന്നും  പതിവുപോലെ ഒരു ദിനം തന്നെയായിരുന്നു.  എന്തെ എന്റെ നമ്പർ വരാത്തത് എന്ന് കരുതി ഇരിക്കുന്ന ദിനം. രാവിലെ ചായയും കഴിച്ചു ഉച്ച ഭക്ഷണം ഉപേക്ഷിച്ചു ഉച്ച മയക്കത്തിന് ശ്രമിക്കുമ്പോൾ  അത് സംഭവിച്ചു. പക്ഷെ    എന്നെ തേടി  ഒരു  മുക്കുവനല്ല വന്നത്. അതൊരു സുന്ദരിയായ യുവതിയായിരുന്നു . ചുവന്ന  ബ്ലൗസ് ധരിച്ചു , അതിനോട് ചേരുന്ന സാരി ധരിച്ച ഒരു പച്ച പരിഷ്കാരി. അവളുടെ മുഖം വെയിലത്ത് നടന്നു വന്നതിനാൽ വിയർത്തു ചുവന്നിരുന്നു .

വലിയ കേസുള്ള വക്കിലിന്റെ ഭാവത്തിൽ ഞാനവരെ നീയിരിക്കുന്ന  ഈ കസേരയിൽ ഇരുത്തി.

" എന്താ കേസ് " , ഞാൻ ആധികാരികമായി ചോദിച്ചു

അങ്ങനെ ചോദിക്കുമ്പോഴും എന്റെ ഹൃദയം വല്ലാതെ തുടിക്കുക തന്നെ ചെയ്തു . ഒരു വേള   അവൾ ആഫീസ് മാറി കയറി വന്നതാണോ എന്നുവരെ ഞാൻ ശങ്കിച്ചു .

കുറച്ചുനേരം എന്റെ ബലിഷ്ടമായ കൈകളിലെ കറുത്ത രോമം അവൾ നോക്കിയിരുന്നു .  സം ഭ്രമം  കൊണ്ട് വീർപ്പു മുട്ടിയ ഞാൻ അവൾ കാൺകെ ഒരു ഡയറി തുറന്നു . പരിഭ്രമിക്കുന്ന  അവസരങ്ങളിൽ അസാരം പൊടി വലിക്കുന്ന ശീലം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാൻ പൊടിക്കുപ്പി തുറന്നു പൊടി  എടുത്തു മൂക്കിലേക്ക് തിരുകി കയറ്റി.

അങ്ങനെ കുറച്ചു മിനുട്ടുകൾ കടന്നു പോയി.   അപ്പോഴേക്കും  അല്പം  ധൈര്യം ഞാൻ സംഭരിച്ചു.  പിന്നെ  കേസിന്റെ വിശദ വിവരങ്ങൾ പറയുവാൻ ഞാൻ ആജ്ഞാപിച്ചു.

അവൾ പറഞ്ഞു തുടങ്ങി.  " ഞാൻ  മൃദുല .  ഇൻഫോസിസിൽ ജോലി ചെയുന്നു. കാമ്പസ് സെലക്ഷൻ പ്രകാരമാണ് എനിക്ക് ജോലി ലഭിച്ചത് . തുടക്കകാരി എന്ന നിലയിൽ ഏറ്റെടുത്ത പ്രോജക്ടുകൾ തീർക്കുവാൻ എനിക്കേറെ കഷ്ടപെടേണ്ടി വന്നിട്ടുണ്ട് . പലപ്പോഴും   ഡെഡ് ലൈൻ മീറ്റ് ചെയുവാൻ വേണ്ടി രാത്രി ഏറെ വൈകി ജോലി ചെയേണ്ടി വന്നിട്ടുണ്ട് . അപ്പൊഴെല്ലാം കമ്പനി തന്നെ ട്രാൻസ്പോർട്ടേഷൻ ഏർപ്പാട് ചെയ്തിട്ടുമുണ്ടായിരുന്നു . ജോലി കിട്ടിയിട്ട് എനിക്കധിക നാളുകൾ ആയിരുന്നുല്ല.  അതുകൊണ്ടുതന്നെ ജോലിയിൽ അല്പം ഭ്രാന്തമായ ആവേശം ഞാൻ കാണിച്ചിരുന്നു .

അങ്ങനെ ജോലി  തരമായാൽ  പിന്നെ  ആണായാലും , പെണ്ണായാലും വീട്ടുകാർക്ക് ഒറ്റവിചാരമല്ലേയുള്ളൂ .  വിവാഹം .  അങ്ങനെ എന്റെ വിവാഹം നടന്നു. വരൻ  വിനോദ് , പുള്ളിക്കാരന്  ബാങ്കിൽ ആയിരുന്നു ജോലി.  കൃത്യം എട്ടരയ്ക്ക് ജോലിക്കു പോവുകയും വൈകുന്നേരം കൃത്യമായി  ആറു  മണിയോടെ തിരിച്ചു വീട്ടിൽ വരികയും വിനോദ് ചെയ്തിരുന്നു.

എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഞാൻ എന്റെ പ്രോജെക്ടിനെ കുറിച്ചും , സമയ ബന്ധിതമല്ലാത്ത ജോലിയെ കുറിച്ചും വിശദമായി പറഞ്ഞിരുന്നു.  പരസ്പര സ്നേഹവും , വിട്ടു വീഴ്ച്ച മനോഭാവവും ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നു വിനോദ് പറയുകയും ചെയ്തു.


ദോഷം പറയരുതല്ലോ , ഈ രണ്ടു ഗുണങ്ങളും വിനുവിന് ആവശ്യത്തിൽ കുടുതൽ ഉണ്ടായിരുന്നു .പലപ്പോഴും വൈകി എത്തുന്ന എനിക്ക് വേണ്ടി ചായ ഉണ്ടാക്കുക, ചപ്പാത്തി കറി ഉണ്ടാക്കുക, മുറ്റത്ത്      ഉണക്കുവാൻ ഇട്ട തുണികൾ  എടുത്ത് മടക്കി വയ്ക്കുക, രാവിലെ ഉണ്ടാക്കിയ ചൂടായ  ഇഡ്ഡ്ലി , തട്ടിൽ നിന്നും മാറ്റി  ചുരണ്ടി എടുത്തു  കാസറോളിൽ എടുത്തു വയ്ക്കുക. ദോശ പൊടിയിൽ  വെളിച്ചെണ്ണ   ചേർത്തു വയ്ക്കുക,  ചായ ഫ്ലാസ്കിലേക്കു ഒഴിച്ചു വയ്ക്കുക  എന്നിങ്ങനെയുള്ള ജോലികൾ ഒരു മടിയുമില്ലാതെ  വിനു ചെയ്തു തന്നിരുന്നു .

പക്ഷെ അങ്ങനെ അധിക നാളുകൾ പോയില്ല. ഒരു ദിവസം രാവിലെ ഞാൻ കണി കാണുന്നത് വാതിൽക്കൽ പെട്ടിയുമായി  അമ്മായിഅമ്മ മുന്നിൽ വന്നു നിന്നതാണ് .   എനിക്കാണെങ്കിൽ അവരുടെ മുഖം കാണുന്നതേ ചതുർഥിയാണ് .

അവിടെ നിന്നായിരുന്നു തുടക്കം . ആദ്യത്തെ ഒന്ന് രണ്ടു ദിവസം 'അമ്മ അടുക്കള ഭരണം ഏറ്റെടുത്തു.   നല്ല  കാളനും , മെഴുക്കുവരട്ടിയും , മീൻ കൂട്ടാനും എല്ലാം അമ്മായിഅമ്മ ഉണ്ടാക്കി തന്നു.  'അമ്മ വന്നത്  നന്നായി യി എന്ന് തന്നെ കരുതി. അമ്മയുടെ വരവിൽ ഞാൻ  ആശ്വാസം കണ്ടെത്തുകയും ചെയ്തു. പക്ഷെ ആ വിശ്വാസം അധികനാൾ നീണ്ടു നിന്നില്ല . മൂന്നാം ദിനം അവർ കൊടിയിറക്കം നടത്തു ക്കുകയും അടുക്കള ബന്ദ്  ആവുകയും ചെയ്തു.

അങ്ങനെ നാലാം ദിനം , ഞാനും , വിനോദും  വീണ്ടും അടുക്കളയിൽ കയറുകയും പതിവ് പരിപാടികൾ ആരംഭിക്കുകയും ചെയ്തു.  പക്ഷെ മകൻ അടുക്കളയിൽ  കയറുന്നതിനെ  അതിവിദഗ്തമായി മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അവർ നിറുത്തലാക്കി . അവരുടെ കുടുംബത്തിൽ  ഇതുവരെ ആണുങ്ങൾ ആരും അടുക്കളയിൽ കയറിയിട്ടില്ലത്രെ .  ആണത്തമുള്ള ആണുങ്ങൾ പെണ്ണുങ്ങൾ ഉണ്ടാകുന്ന വിഭവങ്ങൾ മുക്ക് മുട്ടെ തിന്നുക, പിന്നെ വേണമെങ്കിൽ ഏമ്പക്കവും  വിട്ട്  എഴുന്നെൽക്കാം.   അത് മാത്രവുമല്ല അവരുടെ കർത്തവ്യം . മൃഷ്ടാന്ന  ഭോജനം കഴിഞ്ഞ ശേഷം വേണമെങ്കിൽ പുളി  കൂടി  എന്നും  , മീൻ കറിക്കു എരിവ് പോരാ എന്നും അഭിപ്രായം പറയുകയും , ഭാര്യയേ  ആവശ്യത്തിന് ശകാരിക്കുകുയും  ആവാം .

ചുരുക്കത്തിൽ കാര്യങ്ങൾ മെല്ലെ അസഹനീയമായ അവസ്ഥയിലേക്ക് നീങ്ങുവാൻ തുടങ്ങി. അതി രാവിലെ എഴുനേറ്റു ഞാൻ തന്നെ  പ്രാതലും, ഉച്ച ഭക്ഷണവും ഒരുക്കുമ്പോൾ അമ്മയും, മകനും കൂർക്കം വാലിയിൽ  മുഴുകുകയായിരുന്നു .     വൈകുന്നേരം വൈകി വരുന്ന ഞാൻ  അടുക്കളയിൽ കയറുമ്പോൾ അമ്മയും മകനും ഒരുമിച്ചു ടി . വി  സീരിയലുകൾ കണ്ടിട്ട് ചിരിക്കുകയും , കരയുകയും ചെയ്തുകൊണ്ടേയിരുന്നു   .

ഭൂമിയോളം   താഴ്ത്തേണ്ടവൾ ആണ് സ്ത്രീ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ ഇങ്ങനെയൊരു  ഭൂതം വീട്ടിൽ ഉള്ളപ്പപ്പോൾ എന്റെ മന സമാധാനം പൂർണമായും  നഷ്ടപ്പെട്ടു  കഴിഞ്ഞിരുന്നു. ഓഫീസിലെ എന്റെ റേറ്റിംഗ് താഴ്ന്നിരിക്കുന്നു.  ഇപ്പോൾ ഞാൻ ബക്കറ്റ്  ബി ലിസ്റ്റിൽ ആണ് . അത് എന്റെ ബോണസിനെ   കാര്യമായി ബാധിക്കും.  ഇങ്ങനെ അധികനാൾ തുടർന്നാൽ , ഇനി    'ബി '  മാറി 'സി ' വന്നാൽ പിന്നെ ജോലി തന്നെ നഷ്ടപെടുവാൻ കാരണമാകും .  ജോലി    നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരു ടെക്കിക്കു  യാതൊരു വിലയുമില്ല. അങ്ങനെ ഒരു അവസ്ഥ എനിക്ക് ചിന്തിക്കുവാനെ കഴിയുകയില്ല.

പഴയ പോലെ ഈ ബന്ധം ഇങ്ങനെ  തുടരുവാൻ സാധിക്കുമോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല .  വീട്ടിലും , ഓഫീസിലും  സമാധാനമില്ല  എന്നുള്ള അവസ്ഥ. ഞാൻ ആ ഒഴിയാബാധയെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും വിനു അതിനു തയ്യാർ ആകുന്നുമില്ല.

ഇങ്ങനെ  പോകുന്നതിലും  നല്ലതു ഒരു അവസാനമുണ്ടാക്കുക എന്നുള്ളതാണ് . എന്റെ വീട്ടിലും  എന്റെ കരിയർ തന്നെ പ്രധാനമെന്ന് അച്ഛൻ പറയുന്നു. ഇനി ഇതുപോലെ ഒരു ജോലി കിട്ടുക പ്രയാസകരമായിരിക്കും.   ജോലി പോയ  രമണികയുടെ  അവസ്ഥ എനിക്കറിയാം. ആറു  മാസമായിട്ടും അവൾക്ക് ഒരു ജോലി പോലും ലഭിച്ചിട്ടില്ല.  ഈ റിസഷൻ സമയത്തു ജോലി ലഭിക്കുക എന്നുള്ളത് ഒരു  അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്  വക്കീലിനും  അറിയാമല്ലോ.

 ഇപ്പോഴത്തെ അവസ്ഥയിൽ ഈ ബന്ധം
ഒഴിയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു .  ഒരു വക്കീൽ എന്ന നിലയിൽ താങ്കളുടെ അഭിപ്രായം ചോദിക്കുവാൻ ആണ് ഞാൻ വന്നത്. "

മൃദുല പറഞ്ഞു നിറുത്തി.

ഞാൻ മനസ്സിൽ ഓർത്തു . കറുത്ത ഗൗൺ ഇട്ടു എന്നല്ലാതെ ഒരു കേസ് പോലും ഇത് വരെ വാദിച്ചു ജയിച്ചിട്ടില്ല .  ആദ്യമായി കിട്ടിയ കേസ് ആണ് . അത് കളയുവാനും മനസില്ല.

ഞാൻ പറഞ്ഞു.  "ഇതുപോലെയുള്ള കേസുകൾ എന്നും ഒരു പ്രഹേളികയാണ് . പക്ഷെ എന്റെ ഫീസിനെ കുറിച്ച് ഞാൻ സംസാരിച്ചില്ലല്ലോ ."

എന്നെ അത്ഭുത പെടുത്തികൊണ്ടവർ  പറഞ്ഞു. ഫീസ് പ്രശ്നമല്ല . എനിക്ക് വിവാഹ മോചനം ആവശ്യമാണ് .

കസേരയിൽ ചാഞ്ഞിരുന്നു . പിന്നെ ഒരു അനുഭവസമ്പന്നന്നായ വക്കീലിനെ പോലെ ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഈ കേസ് കൊടതിയിൽ പോയാൽ വിവാഹ മോചനം ലഭിച്ചു എന്നിരിക്കും.  പക്ഷെ അതിനു മുന്നേ പല കടമ്പകൾ ഉണ്ട് . കൗൺസിലിംഗ്   എന്ന  ഏർപ്പാട് ഉണ്ട് .  പരസ്പര ധാരണയോടെ  ജീവിക്കുവാൻ ഒക്കുമോ എന്നറിയണം . ആറു മാസമെങ്കിലും കഴിയാതെ വിവാഹ മോചനം എന്ന ഉടമ്പടിയിൽ എത്തിച്ചേരുവാൻ കഴിയുകയില്ല.   അവസാനം  ഒരു ഒത്തു തീർപ്പിൽ എത്തിയില്ല എന്നുണ്ടെങ്കിൽ മാത്രമേ കോടതി  വിവാഹമോചനത്തിനുള്ള അനുമതി നൽകുകയുള്ളൂ.  ഇതുപോലെയുള്ള കേസുകൾ  കോടതീയുടെ പരിഗണനയിൽ കെട്ടി കിടപ്പുണ്ട് . ചിലപ്പോൾ സമയം  എടുത്തു എന്നും വന്നേക്കാം . മാത്രവുമല്ല പ്രതിഭാഗം    വക്കീൽ ഒരു പക്ഷെ  കേസ്  ജയിക്കുവാനായി ഏതറ്റവും വരെ പോയി എന്നും വന്നേക്കാം . ചിലപ്പോൾ  നിങ്ങളിൽ സ്വഭാവ ദൂഷ്യം  വരെ ആരോപിക്കാം .  ഇനിയും മുന്നോട്ടുള്ള ജീവിതത്തെ അത് ബാധിച്ചേക്കാം .


എനിക്ക് തോന്നുന്നു നിങ്ങൾ ആ ദുർ ഭൂതത്തെ ഒഴിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ .  ആ ഭൂതത്തെ പേടിച്ചാൽ പിന്നെ ജീവിതകാലം മുഴുവനും നിങ്ങൾക്ക് അങ്ങനെ കഴിയേണ്ടി വരും.

അവർ ചോദിച്ചു ഏതു .   "ഏതു ദുർ ഭൂതം ."

ഞാൻ പറഞ്ഞു .  "നിങ്ങളുടെ അമ്മായി 'അമ്മ. അവരെ വീട്ടിൽ നിന്നും ഒഴിപ്പികുക. "

 സന്മനസ്സുള്ളവർക്കു  സമാധാനം എന്ന ചിത്രത്തിൽ ശങ്കരാടി   അവതരിപ്പിക്കുന്ന വക്കീൽ കഥാപാത്രം   നായകനായ ഗോപാലകൃഷ്ണപ്പണിക്കരോട് പറയുന്ന ഡയലോഗ് ഞാൻ ഓർത്തെടുത്തു. ദാമോദർജി എന്ന  തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേടിക്കാതെ നേരിടുവാൻ മോഹൻലാലിനെ ഉപദേശിക്കുന്ന രംഗം .

അവർ ഒന്നും മിണ്ടിയില്ല.  ഞാൻ വീണ്ടും പറഞ്ഞു .

"അതിനു നിങ്ങളുടെ ഭർത്താവിന്റെ  സഹായം ആവശ്യമാണ് . നിങ്ങൾ ഭർത്താവിനെ കുട്ടി കൊണ്ട് വരിക. വഴി എല്ലാം ഞാൻ പറഞ്ഞു തരാം."

പിറ്റേന്നു അവർ വിനോദിനെയും കുട്ടി വന്നു.    വിനോദമായി ഞാൻ ഒറ്റയക് സംസാരിച്ചു. വിനോദും , അമ്മയുടെ അമിത സ്വാതന്ത്ര്യത്തിൽ   മടുത്തിരുന്നു.   അവർക്കു രണ്ടു പേർക്കും വക്കീൽ എന്നതിലുപരി  ഒരു മനശാസ്ത്ര ത്രജ്ഞന്റെ വേഷം ഞാൻ കെട്ടി.   വിനോദ് ജീവിക്കേണ്ടത് ഭാര്യയുടെകൂടെയാണ് എന്നുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടാകണം .     നിങ്ങൾ പറഞ്ഞ പോലെ   പരസ്പര സ്നേഹവും , വിട്ടു വീഴ്ച്ച മനോഭാവവും ഉണ്ടെങ്കിൽ  കുടുംബ ജീവിതം താളം തെറ്റുകയില്ല. അങ്ങനെ ഒരു സ്റ്റഡി ക്ലാസ് ഞാൻ അവർക്കു കൊടുത്തു . എനിക്കറിയാമായിരുന്നു ഒന്ന് വിട്ടു വീഴ്ച ചെയ്‌താൽ  തീരുന്ന പ്രശ്നമേ അവർക്കിടയിൽ ഉള്ളൂ  എന്ന്.

എന്തായാലൂം എന്റെ ആദ്യത്തെ കേസ് വിജയിച്ചു എന്ന് തന്നെ പറയട്ടെ. ഒരു നിയമത്തിന്റെ പിൻബലവും കൂടാതെ , ലോ പോയ്ന്റ്സ് പോലും  പറയാതെ തന്നെ എനിക്കവരെ ഒന്നിപ്പിക്കുവാൻ കഴിഞ്ഞു.  അന്ന് ഞാൻ ഒരു തീരുമാനം എടുത്തു.  ഒരു ഒത്തു തീർപ്പു വക്കീൽ ആവുക. ജഡ്ജിയുടെ  ഔദാര്യം കാത്തു നിൽക്കാതെ എനിക്ക് തന്നെ വിധിക്കുവാൻ ഉള്ള കേസുകൾ. ഇപ്പോൾ ഇങ്ങനെയുള്ള വിവാഹ മോചന കേസുകൾ കൈകാര്യം  ചെയുവാൻ അതിയായ സാമർഥ്യം എനിക്കുണ്ട്. ഒരു പാട് കക്ഷികൾ എന്നെ തേടി വരുന്നു. അവരിൽ  ഭൂരിഭാഗം ദമ്പതികളും ഇന്ന് പിരിയാതെ ഒരുമിച്ചു ജീവിക്കുന്നുണ്ട്.  കകഷികളുടെ ജോലിയും  , സാമ്പത്തികവും അനുസരിച്ചു എന്റെ നിരക്കുകൾ   വ്യതാസപെട്ടുകൊണ്ടേയിരുന്നു. "  ഇതായിരുന്നു എന്റെ അദ്ധ്യത്തെ കേസ് . ഗോപാല കൃഷ്ണൻ പറഞ്ഞു നിറുത്തി.




















   








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ