2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

പുതിയ പ്രഭാതം



വാതിൽ മെല്ലെ തുറന്നയാൾ അകത്തെ മുറിയിലേക്ക് കയറി.അവൾ ഇപ്പോഴും അതേ  ഇരുപ്പാണ് . കട്ടിലിൽ ഇരുകാൽ മുട്ടുകൾകിടയിൽ തല വച്ചിട് ചുമരിനോട് ചേർന്ന്. എത്ര നേരമായി കാണും ഇങ്ങനെ ഇരിക്കുവാൻ തുടങ്ങിയിട്ട്.  വൈശാഖൻ   ആ മുറിയിലേക്ക് കടന്നിട്ട് പതിനഞ്ചു മിനിറ്റിൽ അധികമായി. അപ്പോഴും അവൾ ഇതേ ഇരിപ്പ് തുടരുകയാണ്. അയാൾ മുറിയിലേക്ക്  വന്നത്  പോലും അവൾ അറിഞ്ഞിട്ടില്ല എന്ന് തന്നെ തോന്നി.

ഇന്ന്  അവരുടെ ആദ്യ രാത്രി ആണ്. അമ്മായി ആണെന്ന് തോന്നുന്നു അവർക്കു കഴിയുന്ന രീതിയിൽ അയാളുടെ മുറി അവർ അലങ്കരിച്ചിട്ടുണ്ട്.
മുല്ല പൂക്കൾ കട്ടിലിൽ വാരി വിതറിയിടുണ്ട്. പനിനീരിന്റെ സൗരഭ്യം മുറിയിൽ ഇളംകാറ്റായി  തഴുകി നിൽക്കുന്നു .മേശപുറത്തു മൊന്തയിൽ പാലും ,കുറച്ചു കറുത്ത മുന്തിരിയും,  പാളയൻ കുടം പഴവും വലിയ പിഞ്ഞാണത്തിലും എടുത്തു വച്ചിടുണ്ട്. അവളെ വിളിക്കൂവാനായി  അയാൾ മുന്നോട്ട്  ആഞ്ഞു. പിന്നെ കരുതി വേണ്ട. തൽകാലം ഒന്നും മിണ്ടേണ്ട. അവൾ അങ്ങനെ ഇരിക്കെട്ടെ.  കൈകൊണ്ട് മുഖം  മറച്ചവൾ  കരയുകയായിരികുമോ?

അങ്ങനെയെങ്കിൽ എന്ത് പറഞ്ഞു അവളെ അശ്വസിപ്പിക്കും ?  കറങ്ങുന്ന പങ്കയുടെ കാറ്റിനും മനസിന്റെ ഉഷ്ണത്തെ തണുപ്പിക്കുവാൻ കഴിയില്ലല്ലോ ?.
വിയർപ്പുമണികൾ ഒപ്പിയ അയാളുടെ വെള്ള ഷർട് അയാൾ ഊരി ഭിത്തിയിലെ കൊളുത്തിൽ തൂക്കിയിട്ടു.  പിന്നെ മേശവരിപ്പിൽ നിന്നും  സിസ്സേർസ്  പാക്കറ്റ് തുറന്ന്  ഒരെണ്ണം ചുണ്ടോടു ചേർത്ത് തീപെട്ടി ഉരച്ചു.  പുറത്തെ ജനാലയിൽ കൂടെ ഇരുട്ട് തുറിച്ചു നോക്കുന്നു. ആകാശത്ത് ഒന്നോ രണ്ടോ നക്ഷ്ത്രങ്ങൾ മാത്രം. അയാൾ സിഗരറ്റിന്റെ  പുക പുറത്തേക്കു ഊതി വിട്ടു. പുകപടലങ്ങൾ  ചെറു വലയങ്ങളായി അന്തരീക്ഷത്തിൽ ഊളയിട്ടു.

കോളേജിൽ വിശ്വത്തിന്റെ ഏറ്റവും അടുത്ത  ചങ്ങാതി ആയിരുന്നല്ലോ വൈശാഖൻ. അയാളെ സിഗരറ്റ് വലിക്കുവാൻ   പഠിപ്പിച്ചതു വിശ്വം ആയിരുന്നു. ആദ്യം ഒക്കെ വിശ്വം പുക  ഊതി വിടുമ്പോൾ തെല്ല്അത്ഭുതത്തോടെ ആ പുക പടലങ്ങൾ നോക്കി നില്കും. ചുണ്ടിൽ നിന്ന് പുക  ചുരുളുകൾ ചേർത്ത് വൃത്തങ്ങൾ സൃഷ്ടിക്കുവാൻ മിടുക്കനയിരുന്നു വിശ്വം. പുക ഉള്ളിലേക്ക് എടുത്തിട്ട് ചെറു വൃത്താകൃതിയിൽ ചുണ്ട് തുറന്നു പുക പടലങ്ങൾ അന്തരീക്ഷത്തിൽ  ലയിക്കുന്നത് നോക്കി  ഒരു കുട്ടിയെ  പോലെ അവനെ നോക്കി നില്കുമ്പോൾ  അവന്റെ ചുണ്ടിൽ  മായാത്ത ഒരു പുഞ്ചിരി വിടരുമായിരുന്നു.

വിശ്വത്തിനെ കുറിച്ച് ഓർക്കുമ്പോൾ  എന്നും ഒരു വീര നായകന്റെ പരിവേഷമായിരുന്നു  മനസിൽ. അയാളുടെ ആരാധനയോടുള്ള ആ   നോട്ടം കാണുമ്പൊൾ അവൻ ഒരു ജേതാവിനെ പോലെ ചിരിക്കും.  ആദ്യമായി  സിഗരറ്റ് വലിക്കുന്നത്  കോളേജിലെ അരമതിലിൽ ഇരുന്നുകൊണ്ടാണ്.അവന്റെ ചുണ്ടിലെ  എരിയുന്ന വിൽസ്  സിഗരട്ട് അയാളുടെ  ചുണ്ടിലേക്ക്‌  അവൻ വച്ച് തരികയായിരുന്നു. പുക പടലങ്ങൾ വായിൽ കുമിഞ്ഞപോൾ  നെഞ്ച് കുത്തി ചുമച്ചു. അപ്പോഴും അവൻ കുലുങ്ങി ചിരിച്ചു. അയാളുടെ  കുത്തി കുത്തിയുള്ള ചുമ കണ്ടപ്പോൾ  വിശ്വം പറഞ്ഞു പുക സാവധാനം ഉള്ളിലേക്ക് എടുക്കണം , ചെറിയ ശ്വാസത്താൽ.  പിന്നെ അല്പം കഴിഞ്ഞു ചുണ്ടുകൾ ചെറുതായി തുറന്ന്  അകത്തെ പുക പുറത്തേക്കു പോകുവാൻ അനുവദിക്കണം. അതൊരു സിദ്ധി യാണ് പരിശീലനം കൊണ്ട്    സായത്തമാക്കേണ്ട സിദ്ധി .  കുറച്ചല്ല ശരിക്കും കഷ്ടപെട്ടാണ് സിഗരറ്റ് വലി പഠിച്ചെടുത്തത്‌. വലി പഠിക്കുവാനുള്ള  കാരണം പുക ചുരുളുകൾ പുറത്തേക്കു നീട്ടി വിട്ട്  പെണ് കുട്ടികളുടെ മുമ്പിൽ ആളാകാൻ  വേണ്ടി ആയിരുന്നു.  ഹേമയും, ജയന്തിയും, വിമലയും   പുക ചുരുളുകൾ  മുഖത്തു  സ്പർശികുമ്പോൾ  കൈകൾ കൊണ്ട പുക തട്ടി മാറ്റുന്നത് കണ്ടു രസിക്കണം . എന്തോ വലിയ കാര്യം ചെയുന്നു എന്നുള്ള തോന്നൽ.  അത്രമേൽ  തീവ്രമായി  ആഗ്രഹം ഉണ്ടായിരുന്നു.  അങ്ങനെ താനും വിശ്വത്തിനെ പോലെ കേമൻ ആണെന്ന് അവരുടെ മുന്നിൽ
തെളിയിക്കണം. സിനിമകളിൽ വേണു നാഗവവള്ളിയും , രവി മേനോനും  പുക വലിക്കുന്നപോലെ കണ്ണാടിയുടെ മുമ്പിൽ  പലകുറി അഭ്യസിച്ചിട്ടുണ്ട് .

ഒരിക്കൽ ജയന്തിയുടെ മുമ്പിൽ വച്ച് വിശ്വം പറഞ്ഞ വാക്കുകൾ  ഓർമയുണ്ട്.  താൻ പറയാതെ തന്നെ തന്റെ മനസ് വായിച്ചെടുക്കുവാൻ വിശ്വത്തിനു കഴിയുമായിരുന്നു.  അല്ലെങ്കിൽ ജയന്തിയോടായി അങ്ങനെ വിശ്വം പറയുകയില്ലായിരുന്നല്ലോ .

"എടി ഇവന്റെ  ഏറ്റവും വലിയ  ആഗ്രഹം എന്താണെന്നു  അറിയാമോ. പെണ്‍കുട്ടികളുടെ മുമ്പിലൂടെ ഗമയിൽ പുക ഊതി നടക്കണം. അങ്ങനെ ചെയ്താലേ ഒരു വിലയുണ്ടാവൂ:  അങ്ങനെ ആണോ ജയന്തി? "

അവൻ വളരെ നിഷ്കളങ്കനായി ചോദിച്ചു.
'ജയന്തി തന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു 'കൂടുകാരന്റെ കൂടെ കൂടി വെറുതെ ചീത്തയാകേണ്ട.'

' അപ്പോൾ ഞാൻ  ചീത്തയാണെന്നാണൊ ജയന്തിപറഞ്ഞു വരുന്നത്!! '

വിശ്വം തിരിച്ചു ചോദിച്ചു. അത് ഒരു പരിഭവത്തിൻ  ആരംഭം ആയിരുന്നു. അങ്ങനെ അങ്ങനെ എത്ര കൊച്ചു പിണക്കങ്ങൾക്കു  വൈശാഖൻ  സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവന്റെ എല്ലാ തെമ്മടിതരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണ് അവൾ അവനെ സ്നേഹിച്ചത്.  തെമ്മാടിയാണെങ്കിലും  വിശ്വത്തിനും ജയന്തിയെ ജീവൻ  ആയിരുന്നു. വിശ്വത്തിനെ സ്നേഹം കിട്ടുവാൻ പെണ്‍കുട്ടികൾ ഏറെ കൊതിച്ചിരുന്നു. യുവ കൊമളൻ , ധനികൻ, വലിയ കുടുംബത്തിലെ ഏക സന്തതി. ഇത്രയും പോരെ പെണ്‍കുട്ടികൾക്ക് അവരുടെ മനസു കൊടുക്കുവാൻ. അവരുടെ സംഗമത്തിന്  ആയാളും  പല കുറി സാക്ഷ്യം വഹിച്ചു . അശോകമര ചുവട്ടിൽ, കാന്റീനിൽ, ലൈബ്രറിയിൽ, ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളിൽ എല്ലാം താൻ അവർക്കു കൂട്ടിരുന്നു. വിശ്വത്തിനെ കൂടെ എന്നും ഒരു ഇത്തിൾകണ്ണി ആയിരുന്നല്ലോ താൻ.  പക്ഷെ ഒരിക്കലും അവനു തന്നോടു പരിഭവം ഉണ്ടായിരുന്നില്ല.സ്വന്തം കൂടപിറപ്പിനെ എന്നപോലെ അവൻ തന്നെ സ്നേഹിച്ചു . ജയന്തിക്ക് പരിഭവം ഉണ്ടായിരുന്നോ? അറിയില്ല . ഉണ്ടായിരുന്നിരിക്കാം.

വിശ്വത്തിന്റെ അമ്മയ്ക്ക് ആ വിവാഹത്തിന് ഒട്ടുമേ താൽപര്യം ഉണ്ടായിരുന്നില്ല. സാമ്പത്തിക അന്തരം തന്നെ ആയിരുന്നു പ്രധാന കാരണം. മാത്രവുമല്ല അവർക്ക് അപ്പു ഓപ്പയുടെ മകൾ   വരദയുമായി  വിശ്വത്തിന്റെ വിവാഹം നടത്തുവാൻ  ഏറെ ആഗ്രഹിച്ചിരുന്നതുമാണ് .  ഈ വിവാഹം മുടക്കുവാൻ അവർ തന്നോട് കല്പിച്ചതുമാണ്‌ . പക്ഷെ അവർ ഒന്നു ചേരണം എന്നുതന്നെയാണല്ലോ താനും ന്നിനച്ചിരുന്നത്.

കോളേജിലെ റൊമാന്റിക്‌ ഹീറോ ആയ വിശ്വം അമ്മയുടെ മുമ്പിൽ  വെറും പൂച്ച ആയിരുന്നു. വിശ്വം മാത്രമല്ല നാരായണി അമ്മയോട് എതിർത്ത് നിൽകുവാൻ ആർക്കും  അത്രെക്കൊന്നും ധൈര്യം ഉണ്ടായിരുന്നില്ല. അച്ഛൻ നേരത്തെ മരിച്ചപ്പോഴും തളരാതെ വിശ്വത്തിനെ ഈ നിലയിൽ
എത്തിക്കുവാൻ സാധിച്ചത് അവരുടെ തന്റേടം ഒന്ന് മാത്രമായിരുന്നു. ആരുടെ മുമ്പിലും തോൽകാത്ത ആ അമ്മയ്ക്ക് മകന്റെ  മുന്നിൽ ആദ്യമായി  തോൽക്കേണ്ടി വന്നു. അവന്റെ വിഷമം കണ്ടു  മാത്രം  അവർ വിവാഹത്തിന്  സമ്മതം മൂളി. മകന്റെ  വാടിയ മുഖം മാത്രം കാണുവാൻ ആ അമ്മയ്ക്ക്  അവുതില്ലയിരുന്നു. അവന്റെ കലങ്ങിയ കണ്ണുകൾ അവരെ ഭയ പെടുത്തി. അങ്ങനെ മനസില്ലാ മനസ്സോടെ അവർ ആ വിവാഹത്തിന് സമ്മതിച്ചു. വിവാഹം കഴിഞ്ഞ ശേഷവും അവരുടെ ദുരഭിമാനം ഒരിക്കലും ജയന്തിയെ ഒരു മരുമകളായി അംഗീകരികുവാൻ അനുവദിച്ചില്ല.

വിവാഹ ദിനത്തിനെ പിറ്റേ ദിവസം  തൊഴുത്തിലെ പശു പ്രസവിച്ചത് ചാപിള്ള ആയതോടു കൂടി അവരുടെ അന്ധവിശ്വാസവും വർദ്ധിച്ചു. ജയന്തി തനിക്കു ചേർന്ന മരുമകൾ അല്ല എന്നും തന്റെ കുടുംബത്തിന്റെ സമാധാനം അവൾ  കെടുത്തും  എന്നും അവർ മനസ്സിൽ കുറിച്ചിട്ടു. ഈ ബന്ധം വാഴില്ല എന്ന്  കൃഷ്ണകണിയാൻ  പറഞ്ഞിട്ടുള്ളതാ . എന്തോ  കൂടോത്രം മൂലമാണ് മകന്റെ മനസ്  അവളിൽ പതിച്ചത് എന്നും അവർ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഒരു മരുമകളായി ജയന്തിയെ ഉൾക്കൊള്ളുവാൻ  നാരായണിഅമ്മയ്ക്കു കഴിഞ്ഞിരുന്നില്ല.

 അവർക്ക് ഒരിക്കലും ജയന്തിയെ സ്നേഹിക്കുവാൻ കഴിഞ്ഞില്ല. അവളുടെ പ്രവൃത്തികളിൽ  എല്ലാം ഒരു വകതിരിവ് ഇല്ലായ്മ അവർ കണ്ടെത്തി .
വിശ്വത്തിന്റെ കൂടെ പുറത്തു പോകുവാൻ പോലും ജയന്തിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ഏകാന്തതയുമായി
പൊരുത്തപെട്ടു അവൾ കഴിഞ്ഞു കൂടി. ഓരോരോ  കാരണങ്ങൾ പറഞ്ഞു വിശ്വത്തിനെ കിടപ്പ് മുറിയിൽ നിന്ന് പോലും  ജയന്തിയെ അകറ്റി നിറുത്തി. അവർക്ക്  രാത്രിയിൽ കുട്ടുകിടക്കേണ്ട ജോലി ജയന്തിയുടേതായി . കാല് വേദന വരുമ്പോൾ തിരുമുവാനും,  നടുവേദനക്കു പുറം തിരുമുവാനും  മറ്റും അവർ  ഓരോ കാരണം കണ്ടെത്തി. അമ്മയോട് എതിർത്ത് പറയുവാൻ ശീലിക്കാത്ത വിശ്വം തന്നോടു മാത്രം അവന്റെ മനസ് തുറന്നു. ഒരു മാറ്റം അനിവാര്യമായ അവൻ ഡൽഹിയിൽ ഏതോ കമ്പനിയിൽ  എങ്ങേനെയോ ജോലി തരപെടുത്തി എടുത്തു. അവന്റെ ലക്‌ഷ്യം ജയന്തിയോട്‌ ഒത്തുള്ള ജീവിതം  തന്നെ യിരുന്നു.

ജോലി കിട്ടി വലിയ സന്തോഷത്തോടെ നാട്ടിൽ തിരിച്ചുവന്ന വിശ്വത്തിനു  നിരാശ മാത്രമായിരുന്നു ഫലം.ജയന്തിയെ വിശ്വത്തിന്റെ കൂടെ അയക്കുവാൻ നാരായണി അമ്മയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല.

 'എനിക്ക് വയസ്സായി. ഈ വീടും പറമ്പും ഒക്കെ ഒറ്റയ്ക്ക് നോക്കി നടത്തുവാൻ എനിക്കാവില്ല.'   അവൾ പോയാൽ  ആരു നോക്കും ഇതെല്ലാം .
ജയന്തിയെ അവന്റെ കൂടെ പോകുവാൻ അവർ അനുവദിച്ചില്ല. നിരാശനായി അവൻ യാത്ര തിരിച്ചു. വിശ്വത്തിന്റെ കത്തുകൾ മാത്രം ആയിരുന്നു ജയന്തിക്ക് ആകെ ആശ്രയം . വല്ലപ്പോഴും ഒരികൽ അവന്റെ കത്തുകൾ വൈശാഖനും കിട്ടിയിരുന്നു.

ഇതിനിടക്ക്  അയാൾക്കും ഒരു ജോലി തരപെട്ടു. പിന്നെ മാസങ്ങളോളം വിശ്വത്തിന്റെ എഴുത്തുകൾ അയാൾക്ക്‌  വന്നതേയില്ല. അങ്ങനെ രണ്ടു വർഷം കടന്നു പോയി. വിശ്വം നാട്ടിൽ വന്നു  എന്നറിഞ്ഞു അയാൾ അവനെ കാണുവാൻ  ചെന്നിരുന്നു. വിശ്വത്തിന്റെ പഴയ രൂപത്തിൽ നിന്ന്  വ്യത്യസ്തമായി കണ്ടാൽ തിരിച്ചറിയുവാൻ അകാത്ത വിധം അവൻ മാറിയിരുന്നു. ചുവന്നു തുടുത്ത ആ ശരീരം ഒരു അസ്ഥികൂടം പോലെ തോന്നിച്ചു. കവിൾ ഒട്ടി , വടിക്കാത്ത   താടിയുമായി. പുക ചുരുളകൾ അവന്റെ ശ്വാസ കോശം കീഴ്പെടുത്തികഴിഞ്ഞിരുന്നു.

വിഷമത്തോടെ വൈശാഖൻ  ആ സത്യം അറിഞ്ഞു അവനു രക്താർബുദം ആണെന്ന്. അവന്റെ ആ അവസ്ഥയ്ക്കും പഴി  കേൾകേണ്ടി  വന്നത് ജയന്തി ആയിരൂന്നു. അയാളെ കണ്ടതും നാരായണി അമ്മ പറഞ്ഞു ഈ
മൂധേവി    എന്ന് ഇവിടെ  കാൽ എടുത്തു  കുത്തിയോ അന്ന് തുടങ്ങി തറവാടിന്റെ  ഏനക്കേട് .  ദൂരെ മാറി ഇരിക്കുന്ന ജയന്തിയുടെ തേങ്ങൽ അയാളെ തളർത്തി. പിന്നെ അധികം നാൾ വിശ്വം ഉണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോൾ വീണ്ടും വിശ്വത്തിന്റെ വീട്ടിൽ ഒരിക്കൽ കൂടി പോയി
അവിടെ ചെന്നപോൾ ആണ് ജയന്തിയുടെ ദുരവസ്ഥ ശരിക്കും മനസിലാക്കുവാൻ  കഴിഞ്ഞത്. എന്തിനും ഏതിനും ശകാരിക്കുന്ന    അമ്മ, ഇനി  ഒരിക്കലും അവൾക്കീ  വീട്ടിൽ സമാധാനം ലഭിക്കില്ലേ?  ഈ അവസ്ഥ തുടർന്നാൽ അവൾ  ചെന്നെത്തുക വല്ല ഭ്രാന്ത്‌ ആശുപത്രിയിലും    ആകുമോ എന്ന് അയാൾ ഭയന്നിരുന്നു. ജയന്തിയുടെ   വിഷാദപൂർണമായ  മുഖം കാണുമ്പോൾ അയാൾക്ക് വല്ലായ്മ അനുഭവപെട്ടു. ഒരിക്കൽ ഒരു വാനമ്പാടിയെ പോലെ പാറി നടന്നവൾ ഇന്ന് വൈധവ്യത്തിൻ ക്രൂര തടവറയിൽ. എന്തെല്ലാം സ്വപ്നങ്ങൾ അവൾ കണ്ടിട്ടുണ്ടാകും.  ഈ തടവറയിൽ നിന്നും ജയന്തിയെ എങ്ങനെ രക്ഷിക്കുവാൻ ആകും.

നാരായണി അമ്മയോട് ധൈര്യമായി ചോദിച്ചു

"ഇനി  ജയന്തിയുടെ  കാര്യത്തിൽ എന്താ തീരുമാനം."

 'എന്ത്   തീരുമാനം. അവന്റെ ചാരം കണ്ടപ്പോൾ അവൾക്കു തൃപ്തി ആയില്ലേ "

പുറത്തു വന്ന അമർഷം പ്രകടിപ്പിക്കാതെ ജയന്തിയെ നോക്കി പറഞ്ഞു . "വരുന്നോ ജയന്തി എന്റെ കൂടെ." ' കരഞ്ഞു കലങ്ങിയ  കണ്ണുകളോടെ ദൂരെ എവിടയോ നോക്കി ഇരിക്കുകയിരുന്നു ജയന്തി. തന്റെ ചോദ്യം കേട്ടില്ല എന്ന് തോന്നിയത് കൊണ്ട്  വീണ്ടും  ചോദ്യം ആവർത്തിച്ചത്‌ നാരായണി അമ്മയോടായിരുന്നു.

"ജയന്തിയെ ഞാൻ കൊണ്ട് പൊയ് കൊള്ളട്ടെ. "

"എങ്ങോട്ട് ? " ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി അവർ ചോദിച്ചു.

"എന്റെ വീടിലേക്ക്‌. എന്റെ ഭാര്യയായി അവൾക്കു അവിടെ കഴിയാം."

അപ്പോഴും ജയന്തിക്ക് വലിയ ഭാവവത്യാസം ഇല്ലായിരുന്നു. പക്ഷെ തന്നെ അത്ഭുത പെടുത്തിയ മറുപടി ആയിരുന്നു നാരായണി അമ്മയുടേത്.

"'കൊണ്ട് പോയിക്കോ ഈ നശൂലത്തിനെ '"

പിന്നെ ഒന്നും നോക്കുവാൻ ഇല്ലായിരുന്നു തിരിഞ്ഞു ജയന്തിയോടായി പറഞ്ഞു .

"ജയന്തിഎന്താ എടുക്കുവാൻ ഉള്ളത് എന്ന് വച്ചാൽ എടുക്കുക , നമുക്ക് പോകാം."

കത്തി തീർന്ന സിഗരറ്റു കുറ്റി പുറത്തേക്കു എറിഞ്ഞു തിരിഞ്ഞു കട്ടിലിലേക്ക് നോക്കി. അവൾ ഉറങ്ങി കഴിഞ്ഞിരിക്കുന്നു .  ലൈറ്റ് അണച്ച്
ശല്യപെടുത്താതെ അവളുടെ അരികിലായി  വന്നു കിടന്നു.  പിന്നെ മനസ്സിൽ ഓർത്തു പാവം മനസമാധാനത്തോടെ ഒന്ന് ഉറങ്ങികൊള്ളട്ടെ.


പിറ്റേന്ന് രാവിലെ അവൾ ഉണർന്നപ്പോൾ തളർന്നുറങ്ങുന്ന ഭർത്താവിനെ കണ്ട്  അവൾക്ക് സഹതാപം തോന്നി. കുളി കഴിഞ്ഞു താഴേക്ക് ചെല്ലുമ്പോൾ അമ്മ താഴെ  കാത്തിരിപ്പുണ്ടായിരുന്നു . അവളുടെ മുടിയിൽ തലോടിയിട്ടു   സ്നേഹപൂർവ്വം അവർ പറഞ്ഞു

"'ഇനി മോൾ വേണം അവനെ നോക്കാൻ. ഒരു വക തിരിവില്ലാത്ത ചെറുക്കനാ.' "

അവൾ പുഞ്ചിരിച്ചു. ഈറൻമൂടിയിഴകളിൽ സുര്യ കിരണങ്ങൾ പതിക്കുമ്പോൾ ഉള്ള പ്രകാശത്തെക്കാൾ  അവളുടെ മുഖം പ്രസരിതമായിരുന്നു അപ്പോൾ.

 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ