വൃഷാലി
മഹാഭാരതത്തിലെ സൂര്യപുത്രൻ കർണ്ണന്റെ ജീവിതം വേദനയുടെ, പ്രതീക്ഷയുടെ, ആത്മഗൗരവത്തിന്റെ കഥയാണ്. എന്നാൽ ആ കഥയിൽ മൗനമായി നിലകൊള്ളുന്ന, അത്രയും പ്രധാനപ്പെട്ടത്തല്ലെങ്കിലും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പേരുണ്ട് ....വൃഷാലി. അവൾ കർണ്ണന്റെ ഭാര്യ മാത്രമല്ല, അയാളുടെ ആത്മാവിന്റെ സഖിയുമായിരുന്നു. കർണ്ണന്റെ എല്ലാ മുറിവുകളും അവൾ തന്റെ ഹൃദയത്തിൽ മറച്ചുവെച്ച്, അവന്റെ ആത്മവിശ്വാസത്തിന്റെ വിളക്കായി തെളിഞ്ഞുനിന്നവൾ.
വൃഷാലി ഒരു സാധാരണ പെൺകുട്ടിയായിരുന്നു സൂതവംശത്തിൽ ജനിച്ചവൾ, അധിരഥന്റെയും രാധയുടെയും സ്നേഹിതന്റെ മകൾ. ബാല്യത്തിൽ തന്നെ കർണ്ണന്റെ കളിക്കൂട്ടുകാരി. സൂതവംശത്തിന്റെ ചെറുഗൃഹങ്ങളിൽ അവർ വളർന്നത് ഒരുമിച്ചാണ് — മണ്ണിൽ കാൽവെച്ച് സ്വപ്നങ്ങൾ കാണുന്ന രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ പോലെ.
അധിരഥന്റെ രഥം പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു ഗംഗാ തീരത്തുകൂടി പോകുകയായിരുന്നു -പൊടിപടലങ്ങൾ നിറഞ്ഞ ആ വൈകുന്നേരം. വൃഷാലി, അമ്മയുടെ കൂടെ തീരത്തിനരികിൽ ഇരുന്നു മണ്ണിൽ ചെറുചിത്രങ്ങൾ വരയ്ക്കുകയായിരുന്നു.
അപ്പോഴാണ് അവൾക്ക് ദൂരത്ത് നിന്നും ആരോ അമ്പ് എയ്യുന്ന ശബ്ദം കേട്ടത് — “ശ്ശ്... !”
വൃഷാലി തിരിഞ്ഞുനോക്കി.
വസുസേനൻ - അധിരഥന്റെയും , രാധയുടെയും പുത്രൻ. അവർ അവനെ വിളിച്ചത് വസുസേനൻ എന്നായിരുന്നു. ഒറ്റയ്ക്കായി ആ തീരത്തു നിന്ന് ഗംഗയിലെ ഓളങ്ങൾ ലക്ഷ്യമാക്കി തന്നെ അമ്പെയ്ത്ത് അഭ്യാസം ചെയ്യുകയായിരുന്നു. ആ ബാലന്റെ കണ്ണുകളിൽ എരിയുന്ന അഗ്നി പോലെ ദൃഢമായ ലക്ഷ്യം.
വൃഷാലിക്ക് തോന്നി, ആ കണ്ണുകൾ സാധാരണ മനുഷ്യരുടെതല്ല — അതിൽ ഒരു അജ്ഞാത തേജസ്സുണ്ട്.
വൃഷാലി (വിസ്മയത്തോടെ):
“അവന്റെ അമ്പ് ലക്ഷ്യത്തിൽ വീഴുമ്പോൾ, അതിന്റെ നിഴലും കുലുങ്ങുന്നില്ല... വസുവിനെങ്ങനെ , എങ്ങനെ കിട്ടി ഈ അസ്ത്ര വൈദഗ്ധ്യം?”
അവളുടെ ഹൃദയം അവളോട് മന്ത്രിച്ചു- "ഇവൻ സാധാരണ ബാലനല്ല... ഒരുദിവസം ധരിത്രിയുടെ ഏറ്റവും മഹാനായ യോദ്ധാവാവേണ്ടവൻ തന്നേ !"
ആ കുട്ടി മറ്റാരുമല്ല — കുന്തിയുടെ ആദ്യ പുത്രനായ കർണൻ തന്നെയായിരുന്നു. ജന്മനാ കവചകുണ്ഡലങ്ങൾ അണിഞ്ഞവൻ. സൂര്യന്റെ അനുഗ്രഹത്തോടെ ജനിച്ച ബാലൻ. അവനിൽ നിന്നും ഉല്പന്നമായ അതിശയകരമായ ഒരു പ്രകാശം വൃഷാലിയുടെ മനസിൽ പതിഞ്ഞു.
വൃഷാലി ഓരോ ദിവസവും വസുവിനെ കാണാനെത്തി.
ഗംഗയുടെ തീരത്ത് വൈകുന്നേരത്തിന്റെ മൃദു സൂര്യപ്രകാശം പെയ്തിറങ്ങുമ്പോൾ, ബാലനായ വസുസേനൻ തന്റെ വില്ലും ബാണവും കൈയിൽ പിടിച്ച് ഗംഗാ തീരം തെളിയുന്ന പോലെ ചിരിച്ചു കൊണ്ട് നിന്നു.
അവന്റെ കണ്ണുകളിൽ പതിവുപോലെ സൂര്യന്റെ തിളക്കം, ഹൃദയത്തിൽ അനന്തമായ ആഗ്രഹങ്ങൾ.
അവന്റെ മുന്നിൽ പൂവിട്ട മുടിയും ചെറു ചിരിയും നിഷ്കളങ്ക മുഖവുമുള്ള ബാലിക.
അവൾ വിസ്മയത്തോടെ ചോദിച്ചു:
“വസു, നീ എപ്പോഴും വില്ലുമായി കളിക്കുന്നു. എന്തിനാണ് ഇത്രയും തീവൃമായ ആഗ്രഹം?”
വസുസേനന്റെ മുഖത്ത് ഒരു പ്രകാശം തെളിഞ്ഞു.
“വൃഷാലി… എനിക്ക് മഹത്തായ അസ്ത്രവിദ്യ പഠിക്കണം. ആരും ചെയ്യാത്ത പരിശീലനം ഞാൻ ചെയ്യണം. സൂര്യൻ തന്നെയാണ് എന്റെ ഗുരു!”
അവൻ ഓടിപോയി ദൂരെയുള്ള ഒരു കല്ല് എടുത്ത് കാണിച്ചു . പിന്നെ തിരികെ അവളുടെ അരികിൽ വന്ന് വില്ല് കൊണ്ട് ലക്ഷ്യം വെച്ചു. അമ്പ് വായുവിൽ പറന്ന് കല്ല് തൊട്ട് താഴെ പൂഴിയിൽ വീണു.
വൃഷാലി കൈയടിച്ച് ചിരിച്ചു:
“വസു, നീ തീർച്ചയായും ധീരൻ ആകും. പക്ഷേ നീ ഇതൊക്കെ എവിടെ പഠിച്ചു? നിന്നേ ആരാണ് പഠിപ്പിക്കുന്നത്?”
വസുസേനൻ മൃദുവായി പറഞ്ഞു:
“എനിക്ക് ഗുരുവില്ല, വൃഷാലി. ഞാൻ രാത്രിയിൽ ആകാശത്തെ നോക്കി സൂര്യനോടാണ് ചോദിക്കുന്നത് — ‘ഗുരുദേവാ, എങ്ങനെ ലക്ഷ്യം ഭേദിക്കാം ?’ സൂര്യ ദേവൻ അപ്പോൾ എന്റെ കാതിൽ അതിനുള്ള മറുപടികൾ നൽകുന്നു.”
"വസു നീ കള്ളം പറയുന്നു”. അല്ല വൃഷാലി, "ഞാൻ സത്യമാണ് പറയുന്നത്”.
വൃഷാലി അവന്റെ വാക്കുകൾ കേട്ട് മൗനമായി അവനേ നോക്കി.
അവൾക്ക് തോന്നി — ഈ ബാലൻ സാധാരണക്കാരനല്ല. അവന്റെ ഉള്ളിൽ ഒരു ദൈവീക ജ്വാല ഉണ്ട്.
അവൾ ചിരിച്ചു ചോദിച്ചു:
“എന്നെ പഠിപ്പിക്കുമോ വസു?”
വസുസേനൻ അമ്പ് വച്ചു പറഞ്ഞു:
“വൃഷാലി, അസ്ത്രവിദ്യ പഠിക്കാൻ ധൈര്യവും മനസ്സിൽ ശാന്തതയും വേണം. നീ എന്റെ ആദ്യ ശിഷ്യയായിരിക്കും.”
വൃഷാലി കൈകൾ ചേർത്ത് പറഞ്ഞു:
“അപ്പോൾ ഞാൻ നിന്റെ ശിഷ്യയും… നിന്റെ സുഹൃത്തും.”
വസുസേനൻ ചിരിച്ചു തലകുനിച്ചു: പിന്നെ സ്വയം മന്ത്രിച്ചു ..
“എന്റെ ആദ്യ ശിഷ്യയും എന്റെ ജീവിതത്തിലെ ആദ്യ വിശ്വാസവും നീ തന്നെയാണ്.”
ആ സൂര്യാസ്തമയത്തിൽ ഇരുവരുടെയും നിഴലുകൾ ഗംഗയുടെ വെള്ളത്തിൽ പതിഞ്ഞു.
അവൻ അമ്പു എയ്യുമ്പോൾ ആകാശത്ത് ഒരു സൂര്യരേഖ പോലെ വെളിച്ചം പടരുന്നത് പോലെ അവൾക്കു തോന്നി.
വൃഷാലി ആ കാഴ്ചയിൽ വിസ്മയപ്പെട്ടു.
വൃഷാലി: “വസു ... നീ അമ്പ് എയ്യുമ്പോൾ കാറ്റും നിന്നെ അനുസരിക്കുന്നു! ഒരുദിവസം ലോകം മുഴുവൻ നിന്നെ വണങ്ങും!” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു .
വസുസേനൻ (ചിരിച്ചുകൊണ്ട്): “ആ ദിനം വരുമോ, വൃഷാലി? ഞാൻ സൂതപുത്രനാണ്. പക്ഷേ ധനുര്‍വിദ്യയിൽ ഞാൻ ലോകം ആദരിക്കുന്ന വില്ലാളിയായി മാറും — ഇത് വെറും വാക്കല്ല വൃഷാലി !”
വൃഷാലിയുടെ കണ്ണുകൾ തിളങ്ങി. അവൾക്ക് തോന്നി, വസു അമ്പ് എയ്യുമ്പോൾ ഭൂമി നിശ്ചലമാകുന്നു, പക്ഷികൾ പറക്കുന്നത് പോലും നിറുത്തുന്നു. കാറ്റ് പോലും നിലയ്ക്കുന്നു. എന്തോ ദൈവികമായ അനുഭവം പോലെ.
ഒരു രാത്രി, വൃഷാലിക്ക് സ്വപ്നത്തിൽ ഒരു ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു — അത് സൂര്യദേവൻ ആയിരുന്നു
സൂര്യദേവൻ: “മകളേ, നീ കാണുന്ന ആ ബാലൻ എന്റെ രക്തം വഹിക്കുന്നവൻ. അവൻ വസുസേനൻ എന്ന പേരിനേക്കാളും 'കർണൻ' എന്ന പേരിൽ ലോകം അറിയുന്ന വില്ലാളി വീരനായി മാറും . ഈ ലോകത്തിൽ നേർക്ക് നേരെ നിന്ന് അവനെ യുദ്ധത്തിൽ തോൽപ്പിക്കുക അസാധ്യമാണ്. അവൻ ധർമ്മത്തിനായി യുദ്ധം ചെയ്യും. പക്ഷേ അവന്റെ വഴി കഠിനമാണ്. അവന്റെ ഹൃദയം നീ സംരക്ഷിക്കണം. അവൻ നിന്റെ പ്രണയത്തിന്റെ പ്രകാശം കൊണ്ട് എന്നും എന്നേ പോലെ ജ്വലിച്ചു നിൽക്കും”.
വൃഷാലി ഞെട്ടി ഉണർന്നു, താൻ കണ്ടത് സ്വപ്നമാണോ? അവളുടെ ഹൃദയം മിഥ്യയാൽ തപിച്ചു.
അവൾ മനസ്സിലാക്കി — വസുസേനൻ അവളുടെ പ്രണയം മാത്രമല്ല, അയാൾക്ക് അവൾ ഒരു ആത്മവിശ്വാസവും കൂടിയാണെന്ന് .
ഒരു ദിവസം വൃഷാലിയും വസുവും നദിക്കരയിൽ ഇരിക്കുമ്പോൾ വസു പറഞ്ഞു:
“വൃഷാലി, ഒരുദിവസം ഞാൻ ലോകം മുഴുവൻ കീഴടക്കും. പക്ഷേ എനിക്ക് യുദ്ധം വേണ്ടത് കീർത്തിക്കല്ല... നീ ആദ്യമായി കാണിച്ച ആ കണ്ണിലെ വിശ്വാസം അത് നഷ്ടപ്പെടാതെ നിലനിറുത്തുക തന്നെയാണ് എന്റെ യഥാർത്ഥ വിജയലക്ഷ്യം.”
വൃഷാലി: “ നീ എവിടെയായാലും, ഞാൻ നിനക്കായി പ്രാർത്ഥിക്കും, വസു. നീ എന്റെ ഹൃദയത്തിൽൽത്തറച്ച ആദ്യ അമ്പാണ്. നിന്റെ ലക്ഷ്യത്തിലെത്തി ഹൃദയം ഭേദിച്ച അമ്പ്.” അവൾ അവൻ കേൾക്കാതെ പതിയേ പറഞ്ഞു.
കാറ്റ് അവരെ ചേർന്നു വീശി; ആകാശം മഞ്ഞ വെളിച്ചം വിതറി. ആ നിമിഷം മുതൽ, വൃഷാലിയുടെ ജീവിതം കർണന്റെ ഭാവിയുമായി ചേർന്നു. അവളുടെ ബാല്യത്തിലെ ഭാവനകൾ യാഥാർത്ഥ്യമായിത്തീർന്നു.
വൃഷാലി ആദ്യമായി കർണന്റെ മഹത്വം തിരിച്ചറിഞ്ഞത് അവളുടെ യൗവനത്തിലായിരുന്നു .
അവൾക്കത് വിചിത്രമായ അനുഭവമായിരുന്നു — ആ അമ്പെയ്ത്തിന്റെ പ്രതിഭയിലൂടെ അവൾ വസുവിനെ ഭാവിയിലെ മഹായോദ്ധാവായി കണ്ടു. ആ തിരിച്ചറിവ് തന്നെയാണ് അവരുടെ ബന്ധത്തിന്റെ അടിസ്ഥാനം.
ഗംഗയുടെ തീരത്ത് വീശിയെത്തിയ കാറ്റിൽ ഒരു നിശബ്ദത ഉണ്ടായിരുന്നു. ആ നിശബ്ദതയിൽ അധിരഥന്റെയും രാധയുടെയും വീട് നിറഞ്ഞിരുന്നത് സന്തോഷത്താലും പ്രതീക്ഷയാലും ആയിരുന്നു.
സൂര്യന്റെ അനുഗ്രഹമായി ലഭിച്ച മകനായ വസുസേനൻ , ഇപ്പോൾ യുവാവായി വളർന്നിരുന്നു — ധീരനും ദാനശീലനും, മനസ്സിൽ കരുണ നിറഞ്ഞവനും.
രാധ മകനെ നോക്കി സ്നേഹത്തോടെ പറഞ്ഞു:
“വസു… നിനക്ക് ജീവിതത്തിൽ അർത്ഥമുണ്ടാകണം, നിനക്ക് അർഹമായ, നിന്നെ സ്നേഹിക്കുന ഒരാൾ വേണം- യഥാർത്ഥ ജീവിത പങ്കാളി ”
അധിരഥൻ ചിരിച്ചു ചേർത്ത് പറഞ്ഞു: “അമ്മ പറയുന്നത് ശരിയാണ്. നീ ധീരൻ ആണെങ്കിലും, ജീവിതത്തിൽ നിനക്ക് ശാന്തത നൽകുന്ന ഒരാൾ വേണം. വൃഷാലി അതിനുള്ളവളാണെന്ന് തോന്നുന്നു.”
വൃഷാലി — അധിരഥന്റെ അടുത്ത സ്നേഹിതന്റെ മകൾ. ബാല്യകാലം മുതൽ വസുസേനനോടോപ്പം കളിച്ചിരുന്നത് അവളായിരുന്നു. അവളുടെ കണ്ണുകളിൽ കരുണയും മനസ്സിൽ സൗമ്യതയും നിറഞ്ഞിരുന്നു. വസുസേനനെ അവൾ ആരാധനയോടെ നോക്കുമായിരുന്നു. അവളുടെ ആ നോട്ടം അമ്മയായ രാധ ശ്രദ്ധിച്ചിരുന്നു.
ഒരു വൈകുന്നേരം, രാധ വൃഷാലിയെ വീട്ടിലേക്ക് വിളിച്ചു. പിന്നിയിട്ട മുടിയും മന്ദഹാസവുമുള്ള വൃഷാലിയെ കാണുമ്പോൾ രാധയുടെ മനസ്സിൽ ഉറപ്പായി —“ഇവളാണ് എന്റെ മകന്റെ ജീവിതത്തിലെ വെളിച്ചം.”
അവൾ അധിരഥനോട് പറഞ്ഞു: “നമുക്ക് ഇവരെ വിവാഹം കഴിപ്പിക്കാം. ഇവർ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നവർ കൂടിയാണ്. രാധ ചെറു പുഞ്ചിരിയോടെ പറഞ്ഞു .”
വിവാഹദിനം വന്നു. ഗ്രാമം മുഴുവൻ പൂക്കൾ കൊണ്ടലങ്കരിച്ചു . രാധയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണീർ നിറഞ്ഞിരുന്നു.വസുസേനൻ വെളുത്ത വസ്ത്രത്തിൽ, സൂര്യന്റെ പ്രകാശം പോലെ ദീപ്തനായ് വേദിയിൽ നിൽക്കുമ്പോൾ, വൃഷാലി പെൺകുതിരകൾ അലങ്കരിച്ച രഥത്തിൽ വന്നെത്തി .
വരനും വധുവും പരസ്പരം പൂമാല അണിയിച്ചു. ആ നിമിഷം അധിരഥൻ ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചു: “സൂര്യദേവാ, എന്റെ മകനെയും അവന്റെ സഖിയെയും അനുഗ്രഹിക്കേണമേ. അവരുടെയും ജീവിതം നിന്റെ പ്രകാശം പോലെ ഉജ്ജ്വലമാകട്ടെ.”
വൃഷാലിയുടെ കൈ പിടിച്ച് വസുസേനൻ മൃദുവായി പറഞ്ഞു: “വൃഷാലി, നീ , എന്റെ ഹൃദയത്തിന്റെ ശാന്തതയാണ്. ഇനിയുള്ള എന്റെ എല്ലാ പോരാട്ട വിജയങ്ങളും നിനക്കും കൂടി അവകാശപെട്ടതാണ്.”
വൃഷാലി കണ്ണുനീരോടെ മറുപടി നൽകി: “വസു, അങ്ങയുടെ ജീവിതം ഞാൻ ദീപ്‌തമാക്കാം. അങ്ങയുടെ എല്ലാ വേദനയിലും ഞാൻ അങ്ങേക്കൊപ്പം ഉണ്ടാകും. അങ്ങെടുക്കുന്ന ഒരു തിരുമാനത്തിനും വൃഷാലി എതിർ നിൽക്കുകയില്ല ”
രാധയും അധിരഥനും ആ ദൃശ്യം നോക്കി മനസ്സിൽ അനുഗ്രഹിച്ചു.
അന്നുമുതൽ വസുസേനന്റെ ജീവിതം വൃഷാലിയുടെ മൃദുവായ സ്‌നേഹത്തിൽ നിറഞ്ഞു. അവളുടെ സ്നേഹം തന്നെയാണ് കർണ്ണന്റെ ധൈര്യത്തിന്റെ പിന്നിലെ ശാന്തമായ ശക്തി.
കർണ്ണന് ലോകം നൽകിയ പേര് “സൂതപുത്രൻ” ആയിരുന്നെങ്കിൽ, വൃഷാലി അവനെ “മഹാവീരൻ” എന്നു വിളിച്ചു. കാരണം അവളുടെ കണ്ണുകളിൽ അവൻ പദവികളില്ലാത്തൊരു വീര യോദ്ധവായിരുന്നു.
കർണ്ണൻ ലോകത്തിന്റെ അംഗീകാരം തേടിയ മനുഷ്യൻ ആയി തീർന്നെങ്കിലും വൃഷാലി കർണന്റെ വിശിഷ്ട ദാനത്തെ ഏറെ ഭയന്നിരുന്നു. ജീവൻ ദാനം ചോദിച്ചാലും അതുപോലും വാക്കുപാലിക്കുവാനായി അവൻ കൊടുത്തിരിക്കും. ഒരു യോദ്ധാവിനു ഒരിക്കലും യോജിക്കാത്ത പ്രകൃതം, സൂര്യദേവന്റെ ആ സ്വപ്ന വാക്കുകൾ അവൾ ഓർത്തു. ഒരിക്കലും നേരിൽ യുദ്ധത്തിൽ അവനെ കീഴ്പെടുത്തുവാൻ ആർക്കും കഴിയില്ല. അതുകൊണ്ടു കൂടിയാണ് അവൾ അവന്റെ ദാനത്തെ ഭയന്നത്. എന്നിരുന്നാലും വസു എന്നും അവളുടെ ഹൃദയത്തിന്റെ നിശബ്ദതയിൽ തെളിഞ്ഞ സൂര്യപ്രകാശമായിരുന്നു.
“നീ സൂതപുത്രനല്ല, സൂര്യപുത്രനാണ്,” അവൾ ചിരിച്ചുകൊണ്ട് ഇടയ്ക്കിടെ പറയും.
“നിന്നിലെ സൂര്യന്റെ തേജസ്സ് ആർക്കും മറയ്ക്കാനാവില്ല. അതുപോലെ നിന്റെ ധനുര്‍വിദ്യയും.”
അവളുടെ ഈ വാക്കുകൾ യുദ്ധഭൂമിയിലെ കർണന് ധൈര്യമായിരുന്നു, പദവിയില്ലാത്ത സൂതപുത്രന് അംഗരാജാവിന് അഭിമാനമായിരുന്നു.
കർണ്ണന്റെ സ്നേഹിതനായ ദുര്യോധനൻ രാജകുമാരി ഭാനുമതിയെ വിവാഹം കഴിച്ചപ്പോൾ, വൃഷാലി കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ആ ലോകം അവൾക്കു പുതുമകൾ നിറഞ്ഞതായിരുന്നു — സ്വർണത്തിന്റെ തിളക്കത്തിനപ്പുറം രാഷ്ട്രീയവും രാജാധികാരവും നിറഞ്ഞ പുതിയ ലോകം.
എന്നാൽ ഭാനുമതി വൃഷാലിയെ ആദ്യം കണ്ട നിമിഷം തന്നെ അവളിൽ ഒരു ലാളിത്യവും സത്യസന്ധതയും കണ്ടു. അവർക്കിടയിൽ വളർന്നത് ഒരു ആത്മബന്ധമായ സൗഹൃദം തന്നെയായിരുന്നു . കൊട്ടാരത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെയും യുദ്ധഭീഷണികളുടെയും നടുവിൽ, അവർക്കിടയിലെ ആ നിശബ്ദമായ ബന്ധം, സ്ത്രീകളുടെ ഹൃദയങ്ങൾ മാത്രമേ മനസ്സിലാക്കുന്ന കരുണയുടെയും സാഹോദര്യത്തിന്റെയും ഭാഷ ആയിരുന്നു.
വൃഷാലിയും ഭാനുമതിയും തമ്മിലുള്ള ബന്ധം രക്തബന്ധമല്ലായിരുന്നു, ഹൃദയബന്ധം ആയിരുന്നു.കർണ്ണന്റെയും ദുര്യോധനന്റെയും ആഴമുള്ള സൗഹൃദം പോലെ, ഇവരുടെയും ബന്ധം പരസ്പര ബലമായും ആശ്വാസമായും മാറി.
വൃഷാലി ഭാനുമതിയെ “മഹാറാണി ” എന്നു വിളിച്ചെങ്കിലും, ഭാനുമതി അവളെ “സഹോദരി” എന്നു വിളിച്ചു. കർണ്ണനും, ദുര്യോധനനും, കൗരവരും യുദ്ധത്തിനായി പുറപ്പെടുന്ന രാവുകളിൽ, ഭാനുമതിയും വൃഷാലിയും കൊട്ടാരത്തിലെ ദീപങ്ങൾ കൊളുത്തി അവർ ഒരുമിച്ച് വിജയത്തിനുവേണ്ടി ഹസ്തിനപുരത്തിനു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു.
“നമ്മുടെ ഭർത്താക്കന്മാർ മഹാവീരന്മാരാകട്ടെ " കുരുരാജവംശം എന്നും അവരുടെ പേരിൽ ഓർമിക്കപെടട്ടെ"
കർണ്ണനും ദുര്യോധനനും പോലെ, വൃഷാലിയും ഭാനുമതിയും അഴിച്ചുകീറാനാകാത്ത ആത്മബന്ധത്തിൽ ബന്ധപ്പെട്ടു നിന്ന രണ്ടു മഹിളാമനസുകൾ ആയിരുന്നു.
ഭാനുമതി തന്നെയാണ് ആ വിവാഹക്കാര്യം അവളോട് അഭ്യർത്ഥിച്ചത് . ഹസ്തിനാപുരം മുഴുവൻ ആ ദിവസം ആഘോഷവുമായിരുന്നു. ധീരനും ദാനശീലനും ആയ കർണ്ണൻ തന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. രഥസാരഥി അധിരഥനും രാധയുടെയും വീട്ടിൽ പൂക്കളും ദീപങ്ങളും വീണ്ടും നിറഞ്ഞു. സൂര്യപുത്രനായ കർണ്ണന് വേണ്ടി ഭാനുമതിയുടെ സ്നേഹിതയും, ശാന്തിമതിയുമായ സൂപ്രിയയെ ഭാനുമതിയുടെയും ദുര്യോധനന്റെയും നിർബന്ധത്താൽ കർണനു വിവാഹം കഴിക്കേണ്ടി വന്നു.
വിവാഹദിനത്തിൽ വൃഷാലി ശാന്തമായി നില്ക്കുകയായിരുന്നു. അവൾ തന്നേയായിരുന്നു കർണ്ണന്റെ ജീവിതത്തിൽ ആദ്യത്തെ പ്രണയം, ആദ്യത്തെ കണ്ണീർതുള്ളി, ആദ്യത്തെ പ്രതീക്ഷയും. എന്നാൽ വിധി അവളുടെ വഴിയെ മറ്റൊരാളുടെ നേർക്കു തിരിച്ചു. വൃഷാലിയുടെ മനസിൽ അലിഞ്ഞു നിന്നത് അസൂയയല്ല — അതൊരു തീർത്തും ത്യാഗമായ സ്നേഹം ആയിരുന്നു. തന്റെ ഭർത്താവിന് കുരുരാജകുമാരനോടുള്ള അഭേദ്യമായ കടപ്പാട് അവൾക്കു മനസിലാക്കുവാൻ കഴിയുമായിരുന്നു. ഭാനുമതിയുടെ ഉറ്റതോഴിയായിരുന്നു സുപ്രിയ.
സൂപ്രിയയെ അവൾ ആദ്യമായി കണ്ട നിമിഷം തന്നെ, വൃഷാലിക്ക് മനസ്സിലായി —
“ഇവൾ നല്ലവളാണ്, കർണ്ണന്റെ ജീവിതത്തെ സമാധാനമാക്കാൻ വിധിക്കപ്പെട്ടവൾ.”വിവാഹശേഷം വൃഷാലി വീട്ടിലെ കാര്യങ്ങൾ നോക്കുകയും സൂപ്രിയയെ സഹോദരിയായി കാണുകയും ചെയ്തു.
വൃഷാലി, സൂപ്രിയയുടെ മുടിയിൽ പൂ ചൂടി കൊണ്ടു പറഞ്ഞു:
“സൂപ്രിയേ, വസുസേനൻ ധീരനാണ്, പക്ഷേ അവന്റെ മനസ്സിൽ വേദനയുണ്ട്. അവന്റെ മനസ്സിലേയ്ക്ക് കടക്കുവാൻ നിനക്ക് സ്നേഹത്തിന്റെ വഴി സ്വീകരിക്കുക മാത്രമേ നിവൃത്തിയുള്ളു .”
സൂപ്രിയ സ്നേഹത്തോടെ മറുപടി നൽകി: “ജേഷ്ഠത്തി, എനിക്കറിയാം… അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇന്നും പ്രണയം കാണുന്നു.. പക്ഷേ അത് നിങ്ങൾ തന്നെയല്ലേ? അദ്ദേഹത്തിന്റെ പ്രണയം. ആത്മാർത്ഥമായ പ്രണയം അത് ഒരാളോട് മാത്രമേ തോന്നുകയുള്ളൂ. അദ്ദേഹത്തെ പോലെയൊരു വീരനെ ഭർത്താവായി മോഹിക്കാത്ത ഏതു സ്ത്രീയാണ് ജേഷ്ഠത്തി ഈ ഹസ്തിനപുരത്തിൽ ഇല്ലാത്തത്. ഒരിക്കൽ ഭാനുമതി രഹസ്യമായി എന്റെ കാതിൽ മന്ത്രിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. എനിക്ക് ലഭിക്കാത്ത ഭാഗ്യമാണ് ഞാൻ നിനക്കു തരുന്നത്. സ്വയംവര വേദിയിൽ നിന്നും എല്ലാ രാജാക്കന്മാരെയും തോൽപ്പിച്ച ദുര്യോധന രാജകുമാരന് വേണ്ടി ഒറ്റയ്ക്ക് യുദ്ധം ജയിച്ച ഭാനുവിനെ ഇറക്കി കൊണ്ടുവന്നതും ഈ വീരൻ അല്ലായിരുന്നോ? ”
വൃഷാലി ചിരിച്ചു, പക്ഷേ ആ ചിരിയിൽ മന്ദമായ ദുഃഖം ഉണ്ടായിരുന്നു.
“അതെ സൂപ്രിയേ… വസുസേനന്റെ ആദ്യ സ്നേഹം ഞാൻ തന്നെയാണ്. പക്ഷേ ഇന്നവൻ നിനക്കും കൂടി അവകാശപെട്ടവൻ ആണ്. ഞാൻ അവന്റെ ഓർമ്മയായ് അവന്റെ പ്രാർത്ഥനകളിൽ മാത്രം ജീവിക്കും.”
ആ നിമിഷം സൂപ്രിയ അവളുടെ കൈ പിടിച്ചു: “എനിക്ക് ഒരു സഹോദരിയില്ലായിരുന്നു, ഇനി നിങ്ങൾ എന്നെയൊരു സഹോദരിയായി കാണും. നിങ്ങളാണ് എന്നും ഈ വീട്ടിലെ ദീപം.”
അതിന് ശേഷം വൃഷാലിയും സൂപ്രിയയും തമ്മിലുള്ള ബന്ധം അത്രയും ദൃഢമായിരുന്നു. അവർ പരസ്പരം സഹോദരിമാരായി ജീവിച്ചു — ഒരാൾ ത്യാഗത്തിന്റെ പ്രതീകമായി, മറ്റൊരാൾ സ്നേഹത്തിന്റെ പ്രതീകമായി.
കർണ്ണൻ, ഈ രണ്ട് സ്ത്രീകളെയും നോക്കുമ്പോൾ മനസ്സിൽ മൗനമായി പ്രാർത്ഥിച്ചു:
“എന്റെ ജീവിതത്തിലെ രണ്ടു വശങ്ങൾ ഇവരാണ് — വൃഷാലി എന്റെ ആത്മാവ്, സൂപ്രിയ എന്റെ ഹൃദയം.”
കർണ്ണനും വൃഷാലിക്കും അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ വൃഷസേനൻ മൂത്തവനും ധീരനും ആയിരുന്നു. അർജുനനുമായുള്ള യുദ്ധത്തിൽ അവൻ വീരമൃത്യു വരിച്ചപ്പോൾ, വൃഷാലിയുടെ ലോകം തകർന്നു. അവൾ കൊട്ടാരത്തിന്റെ നിലത്ത് വീണു കരഞ്ഞു.
“മകനെ, നീ അച്ഛനെപ്പോലെ സൂര്യന്റെ പുനർജന്മമാണ്, നിന്റെ വീരമരണം തന്നെ എന്റെ അഭിമാനമാണ്,”
അവളുടെ ഈ വേദനയാണ് അവളെ ആത്മീയമായ നിലയിലേക്ക് ഉയർത്തിയത്. ഒരിക്കൽ പോലും ദ്രൗപദിയെ പോലെ വൃഷാലി അഹങ്കരിച്ചിട്ടില്ല. തന്റെ മകൻ നഷ്ടപെട്ടപ്പോഴും അതിന്റെ പേരിൽ അർജുനനെ വധിച്ചു പകരം വീട്ടുവാൻ സ്വന്തം ഭർത്താവിനെ നിർബന്ധിച്ചിരുന്നില്ല.
അർജുനൻ സുഭദ്രയെ വിവാഹം കഴിച്ചപ്പോൾ ദ്രൗപദി അസ്വസ്ഥയായിരുന്നു. സുപ്രിയ അവൾക്ക് സ്വന്തം അനുജത്തി തന്നെയായിരുന്നു. വൃഷസേനന്റെ മരണശേഷം യുദ്ധത്തിൽ ഉറ്റവർ നഷ്ടപെട്ട മറ്റുള്ള സ്ത്രീകളെ ആശ്വസിപ്പിക്കുകയായിരുന്നു അവളുടെ കർമം. മഹാഭാരതത്തിലെ ഏറ്റവും ശബ്ദരഹിതമായ ശോഭനമായ സ്ത്രീയായിരുന്നു വൃഷാലി.
അധിരഥനും രാധയും വൃഷാലിയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു. രാധ വൃഷാലിയെ നോക്കി പറയും: “കർണന്റെ ആത്മാവിൽ നീയുണ്ട് മോളേ.” വൃഷാലിയും അവളെ ‘അമ്മ’ എന്ന് വിളിച്ചപ്പോൾ, സൂതവംശത്തിലെ ആ ചെറിയ വീട് സ്വർഗ്ഗമായിരുന്നു. അവിടെ രാജ ആഭിജാത്യം ഇല്ലെങ്കിലും, സ്നേഹത്തിന്റെ വെളിച്ചം ആ കുടിലിൽ എന്നും നിറഞ്ഞിരുന്നു.
കൃഷ്ണനും കർണനും തമ്മിലുള്ള ബന്ധം ആദരം നിറഞ്ഞ ഒന്നായിരുന്നു. കൃഷ്ണൻ പല തവണ കർണനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
ഒരു സംഭാഷണത്തിൽ കൃഷ്ണൻ കർണനോട് പറഞ്ഞു: “നീ കുന്തിയുടെ ആദ്യ പുത്രൻ, പ്രഥമ പാണ്ഡവൻ!
നീ എന്റെ സഹോദരന്മാരുടെ സഹോദരനാണ്. നിന്നിൽ എത്ര മഹത്വമുണ്ടെന്ന് എനിക്ക് അറിയാം,
പക്ഷേ നീ വിനാശകരമായ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .”
കർണൻ മറുപടി നൽകി:
“ഞാൻ ദുര്യോധനന്റെ സഹോദരൻ അല്ല, ദുര്യോധനൻ എന്റെ ആത്മാർത്ഥമായ സുഹൃത്ത് ആണ് . എനിക്കുള്ളതെല്ലാം തന്നത് ദുര്യോധനൻ ആയിരുന്നു. രാധേയനേ കർണനാക്കി മാറ്റിയത് ദുര്യോധനൻ ആണ്. മനുഷ്യൻ എന്ന നിലയിൽ ദുര്യോധനൻ തെറ്റിന്റെ പക്ഷത്താണ് എന്ന് എനിക്ക് നന്നായി അറിയാം . ഈ മഹായുദ്ധം ഒരു ദുഃഖ പരിസമാപ്‌തമായി അവസാനിക്കും എന്നും എനിക്കറിയാം. പക്ഷെ ഈ വിധിയിൽ . ഞാൻ ബന്ധിതൻ ആണ്. കുന്തി മാതാവിന്റെ വാക്കുകൾ എന്നെ ബന്ധിച്ചിരിക്കുന്നു. എന്റെ സഹോദരന്മാരെ കൊല്ലുവാൻ എനിക്ക് കഴിയില്ല എങ്കിലും ഒരു സ്നേഹിതൻ എന്ന നിലയിൽ എനിക്ക് ദുര്യോധനനെ ഈ യുദ്ധത്തിൽ സഹായിച്ചേ മതിയാവു. അല്ലെങ്കിൽ നന്ദികെട്ടവൻ എന്ന് ഞാൻ അറിയപ്പെടും. ഈ ലോകത്തിൽ കർണന് ഒരു സ്ഥാനവും ഉണ്ടാവില്ല. ലോകം തന്നെ എന്നേ നിന്ദിക്കും. പാണ്ഡവരുടെ കൂടെ കൂടി ദുര്യോധനനെ ചതിച്ചിട്ടുള്ള ഒരു രാജ്യാധികാരവും ഈ സൂതപുത്രന് വേണ്ട. ഞാൻ ദുഃര്യോധനന്റെ വിശ്വാസത്തിന്‍റെ പ്രതീകമാണ്, അതുകൊണ്ട് ഞാൻ ഒരിക്കലും അവനെ കൈവെടിയില്ല.”
ഈ സംഭാഷണത്തിലൂടെ കൃഷ്ണൻ കർണന്റെ മഹത്വം തിരിച്ചറിഞ്ഞു, അവനോടുള്ള ആത്മീയ ബഹുമാനം എപ്പോഴും മനസ്സിൽ സൂക്ഷിച്ചു.
യുദ്ധം ആരംഭിക്കാനിരിക്കെ കർണ്ണൻ കൊട്ടാരത്തിൽ വൃഷാലിയെ അവസാനമായി കണ്ടു. അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു: “മറ്റൊരു ജീവിതം ഉണ്ടെങ്കിൽ, ഞാൻ നിന്നെ വീണ്ടും തേടിവരും. അവൾ മന്ദഹാസത്തോടെ മറുപടി നൽകി: “അങ്ങേക്ക് എന്നെ തേടി വരേണ്ടി വരികയില്ല. ഞാൻ എന്നും അങ്ങയുടെ നിഴലായി ഓരോ ജന്മത്തിലും ഉണ്ടാകും.”
യുദ്ധത്തിന് മുമ്പുള്ള അവസാന രാത്രി...
അസ്തമയ സൂര്യൻ ഹസ്തിനാപുരത്തിന്റെ ആകാശത്ത് കനൽത്തിരകൾ പകർത്തി .
കർണൻ തന്റെ വില്ലിന്റെ ബലം പരീക്ഷിക്കുകയായിരുന്നു . വൃഷാലി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുന്നു. ആ കണ്ണുകളിൽ അശേഷം ഭയം ഇല്ല, പക്ഷേ ആഴത്തിലുള്ള വേദനയുണ്ട്.
വൃഷാലി പതുക്കെ വിളിച്ചു -“വസുസേനാ … ഇന്നൊരു വിചിത്രമായ രാത്രിയാണ്. യുദ്ധം നാളെയാണ്,
പക്ഷേ അങ്ങ് യുദ്ധത്തിനേക്കാൾ ആഴമുള്ള ഏതോ ചിന്തയിൽ മുങ്ങിയിരിക്കുന്നു.”
കർണൻ: “വൃഷാലി ഇനിയുള്ള നാളുകളിൽ ഞാൻ ഒരൊറ്റ അസ്ത്രമെന്ന വിധിയെ നേരിടണം. ജീവിതം മുഴുവൻ ധർമ്മത്തിനായി പോരാടി, ഇപ്പോൾ ആ ധർമ്മം തന്നെ എന്നേ പരീക്ഷിക്കാൻ വരുന്നു.”
വൃഷാലിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി. ആ കണ്ണുനീരിന്റെ മുന്നിൽ കർണന്റെ കൈയിലെ വില്ല് അറിയാതെ താഴെ വീഴുന്നു .
വൃഷാലി: “എന്നെ വിട്ടു നീ എങ്ങനെ പോകും, വസു"?
കർണൻ മൃദുവായി മൊഴിഞ്ഞു -“നീ എന്റെ ആത്മാവാണ്, വൃഷാലി. എന്റെ ശരീരം വീണാലും, എന്റെ ആത്മാവ് നിന്റെ പ്രണയത്തിൽ ജീവിക്കും. ഞാൻ മരിക്കുമ്പോൾ സൂര്യൻ മങ്ങിയേക്കാം, പക്ഷേ നിന്റെ സ്നേഹത്തിന്റെ പ്രകാശകണിക ഒരിക്കലും മങ്ങുകയില്ല.”
വൃഷാലി കർണന്റെ കൈ പിടിച്ചു.
“അങ്ങയുടെ ശരീരം സൂര്യപ്രകാശം പോലെ തപിക്കുന്നു …എനിക്ക് അങ്ങില്ലാതെ ജീവിക്കാൻ കഴിയില്ല.”
കർണൻ: “ എന്റെ മരണത്തിൽ ഒരിക്കലും നീ കരയരുത്. നീ ഒരു പോരാളിയുടെ ഭാര്യയാണ്, അംഗരാജാവിന്റെ പട്ടമഹിഷിയാണ്. അല്ലാതെ വെറുമൊരു സൂതപുത്രിയല്ല. എന്റെ വിധി അത് തീരുമാനിച്ചു കഴിഞ്ഞതാണ് . ഒരുനാൾ ദൈവം തന്നെയെത്തി പറയും- "കർണൻ ഒരിക്കലും ധർമ്മത്തിന്റെ പാതയിൽ നിന്നും വ്യതിചലിക്കാത്തവൻ ആണെന്ന്.”
അവൾ ആ രാത്രി ദീപങ്ങൾ കൊളുത്തി കർണ്ണന്റെ വാൾ തൊട്ട് പ്രാർത്ഥിച്ചു- “ധർമ്മം അങ്ങയുടെ കൈയ്യിൽ എന്നും സുരക്ഷിതമായിരിക്കട്ടെ, മായാമയമായ ഈ ലോകം അങ്ങേക്കൊരു ചങ്ങല ആകാതിരിക്കട്ടെ.”
കുരുക്ഷേത്രയുദ്ധത്തിൽ കർണ്ണൻ വീരമൃത്യു വരിച്ചപ്പോൾ വൃഷാലിയുടെ ഹൃദയം ശൂന്യമായി. വൃഷസേനന്റെ വേർപാട് അവളെ തളർത്തിയിരുന്നെങ്കിൽ, കർണ്ണന്റെ മരണം അവളെ കൂടുതൽ നിശ്ശബ്ദയാക്കി.
കർണ്ണന്റെ മൃതദേഹം കണ്ടപ്പോൾ അവൾ കരഞ്ഞില്ല. അവൾ മൗനമായി പറഞ്ഞു: “അങ്ങേക്ക് ഞാൻ നൽകിയ സ്നേഹം ഇനിയുള്ള ജന്മങ്ങളിലും അവശേഷിക്കട്ടെ, അങ്ങേക്കായി എന്റെ ആയിരം ജന്മങ്ങൾ അർപ്പിക്കുന്നു.” മഹാഭാരതയുദ്ധത്തിനു ശേഷം കർണ്ണന്റെnചിതയൊരുക്കുവാൻ കൃഷ്ണൻ മുന്നോട്ടു വന്നു. കർണന്റെ ശരീരത്തിന്റെ സമീപത്ത് കൃഷ്ണൻ നിന്നപ്പോൾ, വൃഷാലി ചോദിച്ചു :
“കൃഷ്ണാ, നീ ധർമ്മത്തിന്റെ രക്ഷകനല്ലേ? എന്നാൽ എന്റെ ഭർത്താവ് എങ്ങനെ മരിക്കേണ്ടി വന്നു?
അവൻ ധർമ്മത്തിനും ദാനത്തിനും വേണ്ടി ജീവിച്ചവൻ ആയിരുന്നു.”
കൃഷ്ണൻ: “വൃഷാലി, നിന്റെ ഭർത്താവ് സൂര്യപുത്രൻ ആണ്. രാധേയൻ അല്ല. പ്രഥമ പാണ്ഡവൻ. ഇത് നിന്റെ ഭർത്താവിന് അറിയാമായിരുന്നു. എന്നിട്ടും സൂതപുത്രനായി മരണംവരെയും ജീവിച്ചു. ഈ യുദ്ധത്തിൽ കർണന്റെ മരണം അനിവാര്യമായിരുന്നു. ആരെക്കാളും നന്നായി അത് നിന്റെ ഭർത്താവിന് അറിയാമായിരുന്നു. പക്ഷെ ഒരു സുഹൃത്തിന്റെ കടമ , അല്ലെങ്കിൽ വിശ്വാസം രക്ഷിക്കുവാൻ വീരന് ഈ. യുദ്ധത്തിൽ പങ്കെടുത്തേ മതിയാവുകയുള്ളുമായിരുന്നു. അവന്റെ ജീവിതം തിളക്കമുള്ള ഒരു അഗ്നി നക്ഷത്രമായി ഈ ലോകം ഉള്ള കാലം വരെയും വാഴ്ത്തി പാടും. കർണൻ അമരനായി കഴിഞ്ഞിരിക്കുന്നു വൃഷാലി. അവൻ ധർമ്മത്തിന്റെ, ധീരതയുടെ യോദ്ധാവായി വാഴ്ത്തപ്പെട്ടിരിക്കുന്നു. നിന്റെ ഭക്തിയും വിശ്വാസവും അവന്റെ തേജസ്സിനെ ഇരട്ടിയാക്കി. സ്വർഗ്ഗത്തിൽ നിങ്ങൾ രണ്ടുപേരും വീണ്ടും കൂടുമെന്നതാണ് സത്യം.”
അത് കേട്ട് വൃഷാലി പറഞ്ഞു: "എന്റെ പ്രണയം വസുവിനെ ഇപ്പോഴും തേടുന്നു ?”
കൃഷ്ണൻ: “അതെ വൃഷാലി, സൂര്യന്റെ കിരണങ്ങളിൽ അവൻ ഇപ്പോഴും ഇവിടെ തിളങ്ങുന്നു.
നീ കണ്ണടയ്ക്കൂ, ഹൃദയം കാതോർക്കു — അവന്റെ ശബ്ദം അവിടെ ഉണ്ട്.”
വൃഷാലി ശാന്തമായി കണ്ണ് അടയ്ക്കുന്നു. പശ്ചാത്തലത്തിൽ സൂര്യപ്രകാശം പടർന്നുപരക്കുന്നുണ്ട്.
“എന്റെ പ്രണയം സത്യമായിരുന്നെങ്കിൽ, ഞാൻ അവനെ പിന്തുടരട്ടെ.”അതിനു ശേഷം അവൾ കർണന്റെ ചിതയിൽ സ്വയം സതി അനുഷ്ഠിച്ചു.
യുദ്ധം കഴിഞ്ഞിരിക്കുന്നു. കർണന്റെയും വൃഷാലിയുടെയും ശരീരം ധൂമവലയം പോലെ ആകാശത്തേക്ക് ഉയർന്നു.
വൃഷാലിയുടെ ചില ചോദ്യങ്ങൾ കൃഷ്ണനെ തളർത്തി.
“മധുസൂദനാ… നീയോ ധർമ്മത്തിന്റെ രക്ഷകൻ! എങ്കിൽ എന്റെ ഭർത്താവിന്റെ ജീവൻ നീ എന്തിന് എടുത്തു?”
കൃഷ്ണന്റെ മനോഗതം “വൃഷാലി , ഞാൻ കർണനെ കൊല്ലുവാൻ അല്ല കൂട്ട് നിന്നത്, അവനെ മോചിപ്പിക്കാനാണ്. അവൻ യുദ്ധത്തിൽ തോറ്റിട്ടില്ല, അവൻ ലോകത്തിന്റെ അഹങ്കാരത്തോട് യുദ്ധം ചെയ്തു വിജയിച്ചിരിക്കുന്നു.”
തീനാളങ്ങളിലേക്ക് നടന്ന് ചെല്ലുമ്പോൾ, അവളുടെ മുഖത്ത് ഭയം ഇല്ലായിരുന്നു — അത് ഭർത്താവിനോടുള്ള ആദര വായിരുന്നു .. അവളുടെ സതി ആചാരമല്ലായിരുന്നു, അത് ആത്മാവിന് മറ്റൊരു ആത്മാവിൽ ലയിക്കുവാനുള്ള യാത്രയായിരുന്നു. കർണ്ണന്റെ നിഴലായി ജീവിച്ചവൾ, കർണന്റെ മരണത്തോടെ രണ്ടു ആത്മാക്കൾ ആ ചിതയിൽ ഒരു പ്രഭയായ് അമരത്വം നേടി.
മഹാഭാരതത്തിൽ വൃഷാലിയുടെ പേര് പലരും മറക്കുന്നു, പക്ഷേ അവളുടെ പ്രണയം കാലം മറക്കാത്തതാണ്.
അവൾ ഒരു സാധു പെൺകുട്ടിയായിരുന്നു, എന്നാൽ സ്നേഹത്തിലൂടെ, ദാസ്യത്തിലൂടെ അവൾ കർണ്ണന്റെ രാജ്ഞിയായി. അവളുടെ ജീവിതം ഉത്തമ ആത്മാർപ്പണത്തിന്റെ, വിശ്വാസത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു. കർണന്റെ ജീവിതത്തിൽ അവൾ വെറും ഭാര്യയല്ല, അയാളുടെ ആത്മാവിന്റെ പ്രതിബിംബം തന്നേ ആയിരുന്നു. ലോകം കർണ്ണനെ സൂര്യപുത്രൻ എന്നു വിളിക്കുമ്പോൾ, സൂര്യനോട് വെളിച്ചം നൽകുന്ന ചന്ദ്രികയായി വൃഷാലി എന്നും മഹാഭാരതത്തിന്റെ മൗനത്തിൽ തെളിഞ്ഞു നിൽക്കുന്നു.